‘മുസ്ലിം യുവാക്കള്‍ ബൈക്കുകളും സുറുമയുമൊക്കെയായി കൂടുതല്‍ ആകര്‍ഷകരായി പെണ്‍കുട്ടികള്‍ക്ക് തോന്നുന്നുണ്ടാകാം”; ലൗജിഹാദിനെ ന്യായീകരിക്കുന്നോ? വിവാദമായി നിവേദിത മേനോന്റെ പോഡ്കാസ്റ്റ്

insight kerala

special report

എം മാധവദാസ്

ന്യൂഡല്‍ഹി: എന്നും സംഘപരിവാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയം കണ്ണിലെ കരടാണ് ജെഎന്‍യു മുന്‍ പ്രൊഫസറും ആക്റ്റീവിസ്റ്റുമായ നിവേദിത മേനോന്‍. കാശ്മീര്‍ വിഷയത്തിലും സിഐഎ സമരത്തിലുമെല്ലാം അവര്‍ എടുത്ത നിലപാടുകള്‍ പലപ്പോഴും ഇന്ത്യാ വരുദ്ധമെന്നുവരെ പരാതി വന്നിരുന്നു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിലെ പ്രൊഫസര്‍ രാധികാ മേനോന്‍ എന്ന കഥാപാത്രം നിവേദിത മേനോനെ പരിഹസിച്ച് ഉണ്ടാക്കിയതാണെന്ന് പറയുന്നുണ്ട്. അടിക്കിടി വിവാദത്തില്‍പെടുന്ന ഈ പാതി മലയാളി വീണ്ടും വിവാദത്തില്‍ പെട്ടിരിക്കയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇത്തവണ അവര്‍ ലൗജിഹാദിനെ അനുകൂലിച്ചുവെന്ന വാദമാണ് സംഘപരിവാര്‍ അനുയായികള്‍ മുന്നോട്ടുവെക്കുന്നത്. ”ഹിന്ദു യുവാക്കള്‍ ശേഷിയില്ലാത്തവരാണ്, മുസ്ലിങ്ങള്‍ ഇക്കാര്യത്തില്‍ മിടുക്കരാണ്? പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാന്‍ ഇവര്‍ക്ക് നാണമില്ലേ” എന്ന് നിവേദിതാ മേനോന്‍ പറഞ്ഞു എന്ന ഗുരതര ആരോപണമാണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നത്.

ലൗ ജിഹാദിനെ ന്യായീകരിച്ചോ?

നിവേദിത മേനോന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ പ്രസ്താവന പൂര്‍ണ്ണമായും ശരിയല്ല എന്ന് ഫാക്റ്റ് ചെക്കില്‍ വ്യക്തമാവും. അവരുടെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതാണ്.മാധ്യമപ്രവര്‍ത്തക അര്‍ഫ ഖാനും ഷെര്‍വാണിയുടെ പോഡ്കാസ്റ്റില്‍ ‘ലൗ ജിഹാദ്’ എന്ന പ്രചാരണത്തെക്കുറിച്ച് സംസാരിക്കവെ നിവേദിത മേനോന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്കും പുതിയ വ്യാഖ്യാനങ്ങള്‍ക്കും വഴിവെച്ചത്.

ഒരു പോഡ്കാസ്റ്റ് ചര്‍ച്ചയ്ക്കിടെ, എന്തുകൊണ്ടാണ് ചില ഹൈന്ദവ പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളെ പങ്കാളികളായി തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യം ഉയര്‍ന്നു വന്നു. ഇതിന് മറുപടിയായി, പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പങ്കാളികളെ തിരഞ്ഞെടുക്കുന്നത് എന്ന് അവര്‍ വാദിച്ചു. ലൗ ജിഹാദ് എന്ന ആരോപണം യഥാര്‍ത്ഥത്തില്‍ ചില പുരുഷന്മാരുടെ അപകര്‍ഷതാബോധത്തില്‍ നിന്നും നിസ്സഹായാവസ്ഥയില്‍ നിന്നും ഉണ്ടാകുന്നതാണെന്ന് അവര്‍ തമാശരൂപേണ പറഞ്ഞു.

മുസ്ലിം യുവാക്കള്‍ ബൈക്കുകളും സുറുമയുമൊക്കെയായി കൂടുതല്‍ ആകര്‍ഷകരായി പെണ്‍കുട്ടികള്‍ക്ക് തോന്നുന്നുണ്ടാകാം എന്നും, ‘ഞങ്ങളുടെ പെണ്‍കുട്ടികളെ അവര്‍ തട്ടിയെടുക്കുന്നു, ഞങ്ങള്‍ക്ക് അതിന് സാധിക്കുന്നില്ല’ എന്ന് ചിലര്‍ പരാതി പറയുന്നത് കേള്‍ക്കുമ്പോള്‍ ഇവര്‍ക്ക് നാണമില്ലേ എന്ന് തോന്നാറുണ്ടെന്നും അവര്‍ ചര്‍ച്ചയില്‍ സൂചിപ്പിച്ചു. അങ്ങനെയെങ്കില്‍ ഹിന്ദു യുവാക്കള്‍ക്ക് പോയി മുസ്ലിം പെണ്‍കുട്ടികളെ വിവാഹം കഴിച്ച് മരുമക്കളായി വീട്ടിലേക്ക് കൊണ്ടുവന്നുകൂടേ എന്നും അവര്‍ ചോദിക്കുകയുണ്ടായി. എന്നാല്‍ ‘ഹിന്ദു യുവാക്കള്‍ ശേഷിയില്ലാത്തവരാണ്’, ‘മുസ്ലിങ്ങള്‍ ഇക്കാര്യത്തില്‍ മിടുക്കരാണ്’ എന്ന രീതിയിലുള്ള കൃത്യമായ വാക്കുകള്‍ നിവേദിത മേനോന്‍ ഉപയോഗിച്ചിട്ടില്ല. ലൗ ജിഹാദിനെ അനുകൂലിക്കുകയല്ല മറിച്ച് ലൗ ജിഹാദ് എന്നത് ഒരു കെട്ടുകഥയാണെന്നും, പ്രണയവും വിവാഹവും വ്യക്തികളുടെ സ്വന്തം സ്വാതന്ത്ര്യവും താല്പര്യവുമാണെന്നുമാണ് അവര്‍ വാദിച്ചത്. ‘മുസ്ലിം യുവാക്കള്‍ ബൈക്കുകളും സുറുമയുമൊക്കെയായി കൂടുതല്‍ ആകര്‍ഷകരായി പെണ്‍കുട്ടികള്‍ക്ക് തോന്നുന്നുണ്ടാകാം’ എന്ന് അവര്‍ പറഞ്ഞത് വന്‍ വിവാദമായിട്ടുണ്ട്.

കാശ്മീര്‍ ഫയല്‍സിലെ പ്രെഫസര്‍

പ്രമുഖ രാഷ്ട്രീയ നിരീക്ഷകയും, പ്രൊഫസറും, ഫെമിനിസ്റ്റ് എഴുത്തുകാരിയുമാണ് നിവേദിത. ഒരു മലയാളി കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ്. എന്നാല്‍ അവര്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിന് പുറത്താണ്. ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ ജോലിയുടെ ഭാഗമായി, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിലായാണ് അവര്‍ വളര്‍ന്നതും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും. പ്രശസ്ത ചരിത്രകാരനും ആഫ്രിക്കയിലെ വിറ്റ്വാട്ടര്‍സ്റാന്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ദിലീപ് മേനോന്‍ ഇവരുടെ സഹോദരനാണ്. സാമൂഹിക പ്രവര്‍ത്തകയും സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനുമായ പ്രമദ മേനോന്‍ സഹോദരിയുമാണ്.മലയാളി പാരമ്പര്യമുണ്ടെങ്കിലും, ഔദ്യോഗിക ജീവിതവും സാമൂഹിക ഇടപെടലുകളും പൂര്‍ണ്ണമായും ഡല്‍ഹി കേന്ദ്രീകരിച്ചായതിനാല്‍ അവര്‍ പൊതുവെ ഒരു ഡല്‍ഹി അധിഷ്ഠിത അക്കാദമിഷ്യന്‍ ആയാണ് അറിയപ്പെടുന്നത്.

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ പ്രൊഫസറായാണ് അവര്‍ വിരമിച്ചത്. സ്ത്രീപക്ഷ ചിന്തകളെയും ഇന്ത്യയിലെ ലിംഗവിവേചനങ്ങളെയും കുറിച്ച് അവര്‍ എഴുതിയ പുസ്തകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങള്‍ക്കെതിരെയും, കശ്മീര്‍ വിഷയം, ദേശീയത തുടങ്ങിയ വിഷയങ്ങളിലും അവര്‍ പരസ്യമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്. ജെഎന്‍യുവിലെ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും വലതുപക്ഷ സംഘടനകളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും നിയമനടപടികള്‍ക്കും അവര്‍ വിധേയയായിട്ടുണ്ട്. ‘കഫേ ഡിസ്സെന്‍സസ്’ എന്ന പ്രമുഖ വെബ്സൈറ്റിന്റെ സഹസ്ഥാപക കൂടിയാണ് അവര്‍.

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിലെ പ്രൊഫസര്‍ രാധികാ മേനോന്‍ എന്ന കഥാപാത്രം നിവേദിത മേനോനെ അടിസ്ഥാനമാക്കിയുള്ളതാണ്.ചിത്രത്തില്‍ നടി പല്ലവി ജോഷി അവതരിപ്പിച്ച ജെഎന്‍യുവിലെ പ്രൊഫസറായ രാധികാ മേനോന്‍ എന്ന നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രം പൂര്‍ണ്ണമായും നിവേദിത മേനോന്റെ ഒരു കാരിക്കേച്ചറാണെന്ന് പറയുന്നു. 2016-ല്‍ ജെഎന്‍യുവില്‍ വെച്ച് നിവേദിത മേനോന്‍ കശ്മീര്‍ വിഷയത്തില്‍ നടത്തിയ ഒരു പ്രസംഗത്തിലെ ചില വാചകങ്ങള്‍ (‘ഇന്ത്യ കശ്മീരിനെ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണ്…’ എന്ന് തുടങ്ങുന്ന ഭാഗങ്ങള്‍) സിനിമയിലെ രാധികാ മേനോന്‍ എന്ന കഥാപാത്രം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രസംഗിക്കുന്നതായി കാണിക്കുന്നുണ്ട്.നിവേദിത മേനോന്‍ എന്ന യഥാര്‍ത്ഥ പേരിനോട് സാമ്യം തോന്നിക്കുന്ന രീതിയിലാണ് സിനിമയില്‍ ‘രാധികാ മേനോന്‍’ എന്ന പേര് നല്‍കിയിരിക്കുന്നത്. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി വാദിക്കുകയും, ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു കടുത്ത ഇടതുപക്ഷ അധ്യാപികയായാണ് സിനിമയില്‍ ഈ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്.

insight kerala
Share This Article