പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തർക്കത്തിൽ സിപിഐ കടുത്ത നടപടികളിലേക്ക് കടക്കുന്നതായി സൂചന. ഇന്നത്തെ ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടതോടെ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് തീരുമാനം. ആവശ്യത്തിൽനിന്നു പിൻവാങ്ങില്ലെന്ന് സ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
തുടർനടപടി നാളെ ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. ആവശ്യം പരസ്യമായ സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ മറ്റു മാർഗമില്ലെന്നാണ് ഇവരുടെ വാദം. അത് എൽഡിഎഫിലെ ഭിന്നതയ്ക്ക് ആക്കം കൂട്ടുമെന്നതിനാൽ ആലോചിച്ചുവേണമെന്ന് വാദിക്കുന്നവരുമുണ്ട്.
സിപിഎം – സിപിഐ തർക്കത്തെത്തുടർന്ന് സംയുക്ത നിയമസഭാകക്ഷിയോഗം വിളിക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് എൽഡിഎഫ്. പതിവു കാര്യപരിപാടിയിലേക്ക് നിയമസഭ കടന്ന ഇന്നലെ സിപിഎം നിയമസഭാകക്ഷി യോഗം മാത്രമാണ് ചേർന്നത്. ആവശ്യം അംഗീകരിക്കാതെ എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്നാണ് സിപിഎമ്മിനെ സിപിഐ രേഖാമൂലം അറിയിച്ചിരിക്കുന്നത്. നാളെ തൽക്കാലത്തേക്ക് പിരിയുന്ന സഭ പിന്നീട് ബജറ്റിനായാണ് ചേരുന്നത്. ഈ ഇടവേളയിൽ പ്രശ്നപരിഹാരത്തിനു ശ്രമം നടക്കാനാണ് സാധ്യത.

