പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തർക്കം ഇടതുമുന്നണിയിൽ മറനീക്കി പുറത്തുവന്നതോടെ പരിഹാര ശ്രമം തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. സിപിഎമ്മും സിപിഐയും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനായിരുന്നു നീക്കം. ബിനോയ് വിശ്വം എകെജി സെൻ്ററിൽ എത്തി എം വി ഗോവിന്ദനുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.
അ സിപിഐ ഇക്കാര്യം മുന്നണിക്കുള്ളിൽ അവതരിപ്പിക്കാതെ മാധ്യമങ്ങളോട് പറഞ്ഞു എന്നതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് നൽകുന്ന ഒരു കീഴ്വഴക്കം ഇതുവരെ ഇല്ല എന്ന് കഴിഞ്ഞ ദിവസം എംവി ഗോവിന്ദൻ മാധ്യമങ്ങളോട് അസന്ദിഗ്ദ്ധമായി തന്നെ വ്യക്തമാക്കിയിരുന്നു. മുമ്പ് കോടിയേരി ബാലകൃഷ്ണൻ ഉപനേതാവായിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സിപിഎം വാദിക്കുന്നത്.
എന്നാൽ സിപിഐ ആകട്ടെ കെ രാജന് ഉപനേതാവ് സ്ഥാനം നൽകി പദവി സ്വന്തമാക്കാനാണ് നിലപാട് എടുത്തിരിക്കുന്നത്. ഇരുകൂട്ടരും വിട്ടുവീഴ്ച ഇല്ലാതെ നിൽക്കുമ്പോൾ ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സിപിഐക്ക് പദവി വിട്ടു നൽകിയില്ലെങ്കിൽ ബിനോയ് വിശ്വത്തിൻ്റെ തുടർ നിലപാട് എന്താകും എന്നുള്ളതും പ്രധാനമാണ്.

