special report
എം മാധവദാസ്
കണ്ണൂര്‍: വയനാട് ജില്ലയോട് ചേര്‍ന്ന്, പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്, കാടുകളാല്‍ ചുറ്റപ്പെട്ട അതീവ മനോഹരമായ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ വൈശാഖ മഹോത്സരം ഏറെ പ്രശസ്തമാണ്. ബാവലിപ്പുഴയുടെ ഇരുവശങ്ങളിലുമായിട്ടാണ് കൊട്ടിയൂര്‍ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.. ദക്ഷയാഗം നടന്ന ഭൂമിയെന്ന് വിശ്വസിക്കപ്പെടുന്ന ഈ പുണ്യസ്ഥലം ‘ദക്ഷിണ കാശി’ എന്നും അറിയപ്പെടുന്നു. അക്കരെ കൊട്ടിയൂരില്‍ സ്ഥിരമായ ക്ഷേത്രഘടനയോ ശ്രീകോവിലോ ഇല്ല. ഉത്സവകാലത്തെ 28 ദിവസങ്ങളില്‍ മാത്രമായി ഇവിടെ ഓലമേഞ്ഞ താല്‍ക്കാലിക കുടിലുകള്‍ കെട്ടിയുണ്ടാക്കുന്നു. വൈശാഖ ഉത്സവ കാലത്ത് മാത്രമാണ് അക്കരെ കൊട്ടിയൂരിലേക്ക് ഭക്തര്‍ക്ക് പ്രവേശനമുള്ളത്. വര്‍ഷത്തിലെ ബാക്കി ദിവസങ്ങളില്‍ ഈ പ്രദേശം വന്യമൃഗങ്ങള്‍ നിറഞ്ഞ കാടായി തുടരും. ചോതി നാളിലെ നെയ്യാട്ടത്തോടെ ഉത്സവം തുടങ്ങി, മിഥുനത്തിലെ ചിത്തിര നാളിലെ തൃക്കലശാട്ടോടെ സമാപിക്കുന്നു. ഇളനീര് വെപ്പ്, ഇളനീരാട്ടം എന്നിവയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്.
മതസൗഹാര്‍ദത്തിനും പേരുകേട്ടതാണ് കൊട്ടിയൂര്‍ ക്ഷേത്രം. ഹിന്ദുക്കളും മുസ്ലീങ്ങളം, ക്രിസ്്ത്യാനികളും ഇവിടെ സ്നേഹത്തോടെയും, സഹിഷ്ണുതയോടെയും ജീവിച്ചുപോരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെയും വിവാദം തുടങ്ങിയിരിക്കയാണ്. കോട്ടയം മലബാര്‍ പൊന്നംബിലാത്ത് പാറപ്രവന്‍ എന്ന പേരുള്ള മുസ്ലിം തറവാടിന് കൊട്ടിയൂര്‍ ക്ഷേത്രവുമായുള്ള ബന്ധത്തിന്റെ പേരിലാണ്, വിവാദം കൊഴുക്കുന്നത്.
മുസ്ലിം തറവാടിനും അവകാശം
തലശ്ശേരിക്ക് സമീപമുള്ള കോട്ടയം മലബാര്‍ പൊന്നമ്പിലാത്ത് പാറപ്രവന്‍ മുസ്ലിം തറവാടിന് കൊട്ടിയൂര്‍ ക്ഷേത്രവുമായി ചരിത്രപരവും ആചാരപരവുമായ ബന്ധമുണ്ടെന്ന അവകാശവാദവും, അതുമായി ബന്ധപ്പെട്ട ബാവലിക്കെട്ട് ചടങ്ങും നിലവില്‍ വലിയ സാമൂഹിക-മാധ്യമ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ബാവലിപ്പുഴയിലെ വെള്ളം താല്‍ക്കാലികമായി തടഞ്ഞുനിര്‍ത്തി, സന്നിധാനത്തിലെ പ്രദിക്ഷിണ വഴിയായ തിരുവിഞ്ചിറയിലേക്ക് തിരിച്ചുവിടുന്ന ചടങ്ങിന്റെ പാരമ്പര്യ അവകാശം തങ്ങള്‍ക്കാണെന്നാണ് തറവാട് ഭാരവാഹികള്‍ അവകാശപ്പെടുന്നത്.

ദക്ഷിണേന്ത്യയിലെ പ്രമുഖ ജന്മി കുടുംബവും വ്യവസായ പ്രമുഖരുമടങ്ങുന്നതാണ് ഈ തറവാട്. പഴയകാലത്ത് കേരളത്തിലും കര്‍ണാടകയിലുമായി ഇവര്‍ക്ക് വിസ്തൃതമായ കൃഷിത്തോട്ടങ്ങള്‍ ഉണ്ടായിരുന്നു. ഈ തറവാട്ടിലെ ഭാരവാഹികളും കര്‍ണാടക സ്റ്റേറ്റ് മിനിമം വേജസ് ബോര്‍ഡ് ചെയര്‍മാനുമായ ടി.എ. ഷാഹിദ് തെക്കിലിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുകയും, പ്രതീകാത്മകമായി ബാവലിപ്പുഴയില്‍ നിന്ന് കരിങ്കല്ല് എടുത്ത് ബാവലിക്കെട്ട് ചടങ്ങിന്റെ സ്മരണ പുതുക്കുകയും ചെയ്തിരുന്നു.
ക്ഷേത്രത്തിലെത്തിയ തറവാട് ഭാരവാഹികളെ കൊട്ടിയൂര്‍ ദേവസ്വം അധികൃതരും ട്രസ്റ്റി ബോര്‍ഡും ചേര്‍ന്ന് സ്വീകരിക്കുകയും, അവര്‍ ക്ഷേത്രത്തില്‍ അന്നദാന വഴിപാട് നടത്തി മടങ്ങുകയും ചെയ്തു. ഒരു വിഭാഗം ആളുകള്‍ ഈ സന്ദര്‍ശനത്തെയും അവകാശവാദത്തെയും മലബാറിലെ പുരാതനമായ ഹൈന്ദവ-മുസ്ലിം മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി കാണുന്നു. എന്നാല്‍ മറുഭാഗത്ത് സംഘപരിവാര്‍ ആനുകൂല സംഘടനകള്‍ വിമര്‍ശനവും തുടങ്ങിയിട്ടുണ്ട്.
വിമര്‍ശനവുമായി സംഘ്പരിവാര്‍
എന്നാല്‍ ഹൈന്ദവ സംഘടനകളും ശശികല ടീച്ചറെപ്പോലുള്ള ചില നേതാക്കളും ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ശബരിമലയിലെ ‘വാവര്’ പാരമ്പര്യത്തിന് സമാനമായി കൊട്ടിയൂരിലും പുതിയൊരു ‘മതേതര അവകാശവാദം’ കൃത്രിമമായി സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നാണ് ഇവരുടെ ആരോപണം. ക്ഷേത്രത്തിലെ ആചാരങ്ങളും സവിശേഷ അധികാരങ്ങളും പരമ്പരാഗതമായി നിശ്ചയിക്കപ്പെട്ട ഹിന്ദു സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണെന്നും അവര്‍ വാദിക്കുന്നു.
”ശബരിമലയില്‍ പോകുന്ന അയ്യപ്പ വിശ്വാസികളുടെ മനസ്സില്‍ ‘വാവര്’ എന്ന കെട്ട് കഥ ഉണ്ടാക്കി കുത്തി നിറച്ച പോലെ, അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വരുന്ന വരെ അര്‍ത്തുങ്കല്‍ പള്ളയില്‍ കേറ്റി മാല ഊരിച്ച് കീശ നിറക്കുന്ന പോലെ, കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ പേരിലും അവകാശ വാദം ഉന്നയിച്ചിരിക്കുന്നു ..നാളെ ഞങ്ങള്‍ വെള്ളം തരുന്നതുകൊണ്ടണ് വൈശാഖ മഹോത്സവം നടക്കുന്നതെന്ന മതേതര വാഴത്തുകള്‍ നാം കേള്‍ക്കേണ്ടി വരും ഹിന്ദുസമൂഹത്തിലെ എല്ലാവിഭാഗക്കാര്‍ക്കും അവിടെ സവിശേഷ അധികാരങ്ങളും ആചാരങ്ങളുമുണ്ട് അത് മതി- ശശികല ടീച്ചര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം അതിരുകടന്ന അവകാശവാദങ്ങള്‍ ആണെന്നും, മതസൗഹാര്‍ദത്തിന്റെ പ്രതീകമായ ഒരു ചടങ്ങിനെ ഈ രീതിയില്‍ വളച്ചൊടിക്കുന്നത് ശരിയല്ല എന്നുമാണ്, ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

