നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ട് എസ്. എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്ക് 85 അധ്യാപക തസ്തികൾ അനുവദിച്ചതി
ലൂടെ സംസ്ഥാന ഖജനാവിന് 15 കോടി രൂപയുടെ അധിക ചെലവ് വരുമെന്നും എസ് എസ് ട്രസ്റ്റിന് മാത്രമായി ചട്ട വിരുദ്ധമായി അനുവദിച്ച തസ്തികകൾ റദ്ദാക്കണമെന്നും നിവേദനം.
കോളേജ് അധ്യാപക തസ്തികകൾ അനുവദിക്കുമ്പോൾ തൊട്ടുമുൻപുള്ള അധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ എണ്ണവും ജോലി ഭാരവും അടിസ്ഥാനമാക്കണമെന്നതാണ് നിലവിലെ വ്യവസ്ഥ . എന്നാൽ എസ്. എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്ക് മാത്രമായി
85 തസ്തികകൾ 2022 വർഷത്തിലെ വിദ്യാർത്ഥികളുടെ എണ്ണവും ജോലി ഭാരവും അടിസ്ഥാനമാക്കി അനുവദിക്കുകയായിരുന്നു.
ഉന്നത വിദ്യാഭ്യാസ മുൻ മന്ത്രി നേരിട്ട് അദാലത്ത് നടത്തിയാണ് SN കോളേജുകൾക്ക് മാത്രമായി നിയമവിരുദ്ധമായി തസ്തികകൾ സൃഷ്ടിക്കുവാൻ അനുമതി നൽകിയത്.
2022 നു ശേഷം സംസ്ഥാനത്തെ കോളേജുകളിലെ വിവിധ കോഴ്സുകൾക്കുള്ള വിദ്യാർത്ഥി പ്രവേശനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. പല കോളേജുകളിലും പല കോഴ്സുകളിലും മതിയായ വിദ്യാർത്ഥികൾ പോലും ഇല്ലാത്ത അവസ്ഥയാണ്.
എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള ചില കോളേജുകളിലും വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചില വിഷയങ്ങളിൽ അഞ്ചിന് താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്.
ഇത്തരമൊരു സാഹചര്യത്തിൽ നിലവിലെ വിദ്യാർത്ഥികളുടെ എണ്ണം പരിശോധിക്കാതെയും സാധാരണ നടപടിക്രമങ്ങൾ പാലിക്കാതെയും മുൻ എൽഡിഎഫ് സർക്കാർ പ്രത്യേക പരിഗണന നൽകി എസ്.എൻ മാനേജ്മെന്റിന് മാത്രമായി 85 അധിക അധ്യാപക തസ്തികകൾ അനുവദിച്ചത് ഗൗരവമായ ക്രമക്കേടാണ്.
വിദ്യാർത്ഥികളുടെ എണ്ണകുറവുമൂലം സർക്കാർ കോളേജുകളിൽ പുതിയ അധ്യാപക തസ്തികകൾ അനുവദിക്കാതെ പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട നിരവധി ഉദ്യോഗാർത്ഥികൾ നിയമനം കാത്തിരിക്കുമ്പോഴാണ് ഒരു സ്വകാര്യ മാനേജ്മെന്റിന് മാത്രമായി ചട്ടവിരുദ്ധമായി വലിയ ആനുകൂല്യം നൽകപ്പെട്ടതെന്നും കമ്മിറ്റി വിമർശിച്ചു.
ഈ തീരുമാനം മൂലം സംസ്ഥാന ഖജനാവിന് പ്രതിവർഷം ഏകദേശം 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് . പൊതുജനങ്ങളുടെ നികുതി പണം അനാവശ്യമായി ചെലവഴിക്കപ്പെടുന്ന സാഹചര്യം സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും മുൻ എൽഡിഎഫ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

