ഇഡി റെയ്ഡ്; “മുഖ്യമന്ത്രിയുടെ മൗനത്തിന് പിന്നിലെ അജണ്ട” എന്ത്? മാധ്യമങ്ങൾ പ്രതികരണം തേടിയത് 7 തവണ

insight kerala

Special Report

പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻറെ വീടുകളിൽ ഇഡി നടത്തിയ മണിക്കൂറുകൾ നീണ്ട റെയ്ഡും തുടർ പ്രക്ഷോഭങ്ങളും സംസ്ഥാനത്ത് ആളിക്കത്തുമ്പോഴും മുഖ്യമന്ത്രി വി ഡി സതീശൻ തുടരുന്നത് നിഗൂഢമായ മൗനമാണ്. ഏഴ് തവണയാണ് മാധ്യമങ്ങൾ അദ്ദേഹത്തോട് പ്രതികരണം ആരാഞ്ഞത്. ഇന്നലെ റെയഡ് നടക്കുമ്പോൾ ഡൽഹിയിൽ ആയിരുന്ന മുഖ്യമന്ത്രിയോട് നാലുതവണ മാധ്യമങ്ങൾ പ്രതികരണം തേടി. പക്ഷേ അപ്പോഴൊക്കെ ചിരിയിൽ മാത്രം ഒതുക്കുകയായിരുന്നു പ്രതികരണം. അതിനുശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചും പ്രതികരണം ചോദിച്ചു. അപ്പോഴും ചിരി മാത്രമായിരുന്നു മറുപടി. ഇന്ന് രാവിലെ ആലുവയിലെ വീട്ടിലും ഇഡി വിഷയത്തിലെ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി മൗനം തുടർന്നു. പാണക്കാട്ട് ലീഗ് നേതാക്കളെ കാണാൻ എത്തിയപ്പോൾ അവിടെ വച്ചും പ്രതികരണം തേടി. മൗനം തന്നെയാണ് മറുപടി. ഇങ്ങനെ തുടർച്ചയായി മുഖ്യമന്ത്രി മൗനത്തിൽ ആകുന്നതിൻ്റെ പിന്നിലെ അജണ്ട എന്താണ്?

പല വ്യാഖ്യാനങ്ങളാണ് പുറത്തു വരുന്നത്. പ്രധാനമായും കരിമണൽ കമ്പനി ഉടമയായ ശശിധരൻ കർത്തയുടെ ഡയറിയിൽ നിന്ന് കണ്ടെത്തിയ വിവരങ്ങളുടെ പിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥർ. ആ ഡയറിയിൽ പി വി എന്ന പേരും ഒപ്പം വേറെയും ചുരുക്ക പേരുകൾ ഉണ്ടായിരുന്നു. ആർ സി , ഒ സി , പി കെ ഇങ്ങനെയുള്ള പേരുകൾ യുഡിഎഫ് നേതാക്കളിലേക്കാണ് വിരൽചൂണ്ടപ്പെടുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചാൽ, ഭാവിയിൽ ഇഡിയുടെ അന്വേഷണം യുഡിഎഫ് നേതാക്കളിലേക്ക് വരുമ്പോൾ അന്ന് കൂടുതൽ കുരുക്കിലേക്ക് പോകുമെന്ന് മുൻകൂട്ടി കണ്ടാകാം ഇപ്പോൾ തുടരുന്ന മൗനം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മറ്റൊന്ന്, ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് രമേശ് ചെന്നിത്തലയാണ്. ഇന്നലെ നടന്ന അക്രമ സംഭവങ്ങളും ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണങ്ങളും കേസ് ആയി മാറുകയും ഗവർണർ വരെ ഇടപെടുകയും ചെയ്തിരിക്കുകയാണ്. ഈ വിഷയത്തിൽ നിലവിലെ ക്രമസമാധാന പ്രശ്നത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ അത് ആഭ്യന്തരമന്ത്രിയുടെ തലയിൽ ഇരിക്കട്ടെ, തൽക്കാലം പ്രതികരിക്കേണ്ട എന്നതാകാം മുഖ്യമന്ത്രിയുടെ നിലപാട്. ഒരുപക്ഷേ, ആഭ്യന്തരമന്ത്രിയുടെ വിഷയത്തിൽ മുഖ്യമന്ത്രി കൂടുതൽ പ്രതികരണം നടത്തി പ്രശ്നം സങ്കീർണമാക്കണ്ട എന്ന ചിന്തയും വി ഡി സതീശന് ഉണ്ടാകാം.

അതിനപ്പുറം എല്ലാവരും ചോദിക്കുന്ന ചോദ്യം മറ്റൊന്നാണ്. രാഹുൽ ഗാന്ധിയുടെ പേര് ഉയർത്തിക്കാട്ടി പിണറായി വിജയൻ അടക്കം സിപിഎം നേതാക്കൾ വിമർശനം ഉന്നയിക്കുമ്പോൾ വി ഡി സതീശൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നതാണ്. ‘രാഹുൽ ഗാന്ധിക്ക് ആശ്വാസമായി കാണുമല്ലോ’ എന്നാണ് പിണറായി വിജയൻ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങളുടെ ദേശീയ നേതാവിന് നേരെ വിരൽ ചൂണ്ടിയിട്ടുപോലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിലെ മുഖ്യമന്ത്രി ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്നത് കൂടുതൽ വിമർശനത്തിന് ഇടയാവുകയാണ്.

Share This Article