ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്. നേതൃമാറ്റത്തിൽ ധാരണയായതായി സൂചന. മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സ്ഥാനം ഒഴിഞ്ഞേക്കുമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നും സൂചന.
മുഖ്യമന്ത്രി തർക്കവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിർണായക ചർച്ചകളാണ് നടക്കുന്നത്. സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവർ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. സിദ്ധരാമയ്യയെ രാജ്യസഭാ അംഗമാക്കുന്നതുൾപ്പടെയുള്ള ഫോർമുലകളാണ് ഹൈക്കമാൻഡ് മുൻപോട്ട് വയ്ക്കുന്നത്
ക കോൺഗ്രസ് സർക്കാരിൻ്റെ കാലാവധി അവസാനിക്കാൻ രണ്ട് വർഷം മാത്രം ശേഷിക്കെ മുഖ്യമന്ത്രി തർക്കം നേതൃത്വത്തിന് തലവേദനയാവുകയാണ്. ഡികെ ശിവകുമാർ മുഖ്യമന്ത്രിസ്ഥാനത്തിന് വീണ്ടും അവകാശവാദം ശക്തമാക്കിയതോടെ പ്രശ്നത്തിന്
അടിയന്തര പരിഹാരം കാണാനാണ് ഹൈക്കമാൻഡ് നീക്കം. ഡൽഹിയിൽ മല്ലികാർജുൻ ഖർഗെയും, രാഹുൽ ഗാന്ധിയും 5 മണിക്കൂറിലധികം സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവരുമായി ചർച്ച നടത്തി. കൂട്ടായ ചർച്ചയിൽ സമവായമാകാതെ വന്നതോടെ നേതാക്കളെ രാഹുൽ ഗാന്ധി ഒറ്റയ്ക്ക് കണ്ടു. സർക്കാർ രണ്ടര വർഷത്തിൽ മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരുന്നു എന്നാണ് DK ക്യാമ്പിൻ്റെ വാദം. കേരളത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിച്ചപ്പോൾ MLA മാരുടെ പിന്തുണ ഹൈക്കമാൻഡ് പരിഗണിച്ചില്ല എന്നും DK ക്യാമ്പ് ഉയർത്തിക്കാട്ടുന്നു. അനുനയ നീക്കത്തിൻ്റെ ഭാഗമായി നിരവധി ഫോർമുലകൾ ഹൈക്കമാന്റിനു മുന്നിലുണ്ട്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി സിദ്ധരാമയെ ദേശീയ രാഷ്ട്രീയത്തിലേക്കോ രാജ്യസഭയിലേക്കോ കൊണ്ടുവരും, അല്ലെങ്കിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തുടരാൻ അനുവദിച്ച് മന്ത്രിസഭാ പുനഃസംഘടന പൂർത്തിയാക്കി ശിവകുമാറിനും അനുയായികൾക്കും കൂടുതൽ പ്രധാനപ്പെട്ട വകുപ്പുകളും ഉത്തരവാദിത്തങ്ങളും നൽകും. ഇതിൽ ഏത് ഹൈക്കമാൻഡ് സ്വീകരിക്കുമെന്നതാണ് നിർണായകം. മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറ്റുകയാണെങ്കിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള പരമേശ്വരക്കായി കടുംപിടത്തം പിടിക്കാനാണ് സിദ്ധരാമയയുടെ നീക്കം. എഐസിസി നേതൃമാറ്റം സംബന്ധിച്ച ചർച്ചകളും ഇതോടൊപ്പം നടക്കുന്നുണ്ട്.

