എം മാധവദാസ്
ജമ്മുകാശ്മീരിലെ ഭീകരവാദത്തിന് പ്രത്യയശാസ്ത്ര പിന്തുണ നല്‍കുന്ന പ്രസ്ഥാനമായി അറിയപ്പെടുന്നത് കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയാണ്.
1941-ല്‍ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി സ്ഥാപിച്ച അവിഭക്ത ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമായാണ് ഇത് ആരംഭിച്ചതെങ്കിലും, 1953-ല്‍ കാശ്മീരിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സ്വന്തമായി ഭരണഘടനയുണ്ടാക്കി ഇതൊരു സ്വതന്ത്ര സംഘടനയായി മാറി. കാശ്മീര്‍ താഴ്വരയില്‍ നിരവധി സ്‌കൂളുകളും ചാരിറ്റബിള്‍ ട്രസ്റ്റുകളും മസ്ജിദുകളും ഇവര്‍ നടത്തിയിരുന്നു.
മതരാഷ്ട്രവാദം എന്ന മൗദൂദിയന്‍ കാഴ്പ്പാടിന്റെ അടിസ്ഥാനത്തില്‍
വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കയാണ് ഈ സംഘടന ചെയ്യാറുണ്ടായിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണ് എന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 ഫെബ്രുവരി 28-നാണ് യു.എ.പി.എ നിയമപ്രകാരം ഈ സംഘടനയെ അവസാനം നിരോധിച്ചത്.2024 ഫെബ്രുവരിയില്‍ ഈ നിരോധനം അടുത്ത 5 വര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.ഇതിനുമുമ്പ് 1975-ലും 1990-ലും ഈ സംഘടന നിരോധിക്കപ്പെട്ടിട്ടുണ്ട്.
ഹിസ്ബുല്‍ മുജാഹിദ്ദീനുമായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിക്ക് അടുത്ത ബന്ധമാണ്. 1989-ല്‍ കാശ്മീരില്‍ സായുധ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി അതിനെ പിന്തുണച്ചു. ആ കാലഘട്ടത്തില്‍ കാശ്മീരിലെ ഏറ്റവും വലിയ സായുധ സംഘടനയായ ഹിസ്ബുല്‍ മുജാഹിദ്ദീന്റെ രാഷ്ട്രീയ മുഖമായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി വിലയിരുത്തപ്പെട്ടിരുന്നു. ഹിസ്ബുല്‍ മുജാഹിദ്ദീനെ പലപ്പോഴും ജമാഅത്തിന്റെ ‘സായുധവിഭാഗം എന്നും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ കാശ്മീര്‍ ഏതാണ്ട് ശാന്തമാണ്. പക്ഷേ ഇപ്പോള്‍ വരുന്ന മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത ഇവിടെ കുത്തിത്തിരിപ്പുമായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി വീണ്ടും എത്തുന്നുവെന്നാണ്. ഇതിനെതിരെ അധികൃതര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.
വീണ്ടും അന്വേഷണം
കാശമീരിലെ പലഭാഗത്തും ജമാഅത്തെ ഇസ്ലാമി രഹസ്യക്യാമ്പുകള്‍ സംഘടിപ്പിച്ച് കുത്തിത്തിരുപ്പ് ഉണ്ടാക്കുകയാണെന്നാണ് വിവരം. ആറു വര്‍ഷം മുമ്പ് നിരോധിക്കപ്പെട്ടിട്ടുള്ള, ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ (ജെഇഐ)ക്കെതിരെ എന്‍ഐഐ തിങ്കളാഴ്ച ഒരു വലിയ ഓപ്പറേഷന്‍ നടത്തി. സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ഈ സംഘടന വീണ്ടും സക്രിയമാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞാണ് നടപടി. മധ്യ, തെക്കന്‍ കശ്മീരിലെ ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡുകള്‍ നടത്തി. ശ്രീനഗറിലെ ലാല്‍ ബസാര്‍, ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ റെയ്ഡുകള്‍ നടത്തിയതായി ആധികാരിക വൃത്തങ്ങള്‍ പറയുന്നു.

മുന്‍ ജമാ അത്ത് മേധാവി ദാറുല്‍ ഉലൂമിന്റെ വീട് റെയ്ഡ് ചെയതു. ഷോപിയാന്‍ ജില്ലയിലെ രണ്ട് സ്ഥലങ്ങളിലാണ് റെയ്ഡുകള്‍ നടത്തിയത്, കഴിഞ്ഞ മാസം നിയമവിരുദ്ധ സ്ഥാപനമായി പ്രഖ്യാപിച്ച ദാറുല്‍ ഉലൂം സിറാജുല്‍ ഉലൂം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ഷോപിയാനിലെ ഇമാം സാഹിബ് പ്രദേശത്തെ സ്‌കൂളില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ റെയ്ഡ് നടത്തി. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മതപരവും ഔപചാരികവുമായ വിദ്യാഭ്യാസം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. നിരോധിത ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ മേധാവി ഷഹ്‌സാദ ഔറംഗസേബിന്റെ ജില്ലയിലെ മോളു ചിത്രാഗം
വസതിയിലും മറ്റൊരു എന്‍ഐഎ സംഘം പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മു കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും ഇന്ത്യാവിരുദ്ധ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ജമാഅത്തെ ഇസ്ലാമിയെ വീണ്ടും സജീവമാക്കാന്‍ ശ്രമിക്കുന്നതായി സൂചനകള്‍ ലഭിച്ചതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സംഘടനയുമായി ബന്ധമുള്ള നിരവധി സ്ഥലങ്ങളില്‍ ഏജന്‍സി റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്.
ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ വിഘടനവാദം, ഇന്ത്യാ വിരുദ്ധ പ്രചാരണം എന്നിവയാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരോപിക്കപ്പെടുന്നു. രാജ്യത്തിന്റെ സുരക്ഷ, സമഗ്രത, പരമാധികാരം എന്നിവയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടന തുടരുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു.
കേരള ജമാഅത്തുമായി ബന്ധമുണ്ടോ?
കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയും കാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ സംഘടനാപരമായി ബന്ധവുമില്ല. പക്ഷേ അവരുടെ ആശയം മൗദൂദിസം തന്നെതാണ്. പക്ഷേകേരളത്തിലെ ജമാഅത്തെ ഇസ്ലാമി എന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ‘ജമാഅത്തെ ഇസ്ലാമി ഹിന്ദ്’ (ജെഐഎച്ച്) എന്ന ദേശീയ സംഘടനയുടെ കീഴിലുള്ള ഒരു സംസ്ഥാന ഘടകമാണ്.
1947-ല്‍ ഇന്ത്യ-പാക് വിഭജനത്തിന് ശേഷം കാശ്മീരിന്റെ തര്‍ക്ക പ്രദേശമെന്ന പദവി മുന്‍നിര്‍ത്തി 1952-53 കാലഘട്ടത്തില്‍ കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ജമാഅത്തില്‍ നിന്നും പൂര്‍ണ്ണമായി വേര്‍പെട്ടു.അതിനുശേഷം കാശ്മീര്‍ ജമാഅത്തിന് സ്വന്തം ഭരണഘടനയും സ്വന്തം നേതൃത്വവുമാണുള്ളത്. അതിനാല്‍ കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കോ അതിന്റെ കേന്ദ്ര സംഘടനയായ ജമാഅത്തെ ഇസ്ലാമി ഹിന്ദിനോ കാശ്മീര്‍ ജമാഅത്തിന്റെ നയങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ യാതൊരു പങ്കുമില്ല.രണ്ട് സംഘടനകളും മൗദൂദിയുടെ ആശയങ്ങളില്‍ നിന്നാണ് രൂപം കൊണ്ടതെങ്കിലും രാഷ്ട്രീയ നിലപാടുകളിലും സംഘടനാ സംവിധാനത്തിലും ഇവര്‍ പൂര്‍ണ്ണമായും വ്യത്യസ്തരും സ്വതന്ത്രരുമാണ്. പക്ഷേ അപ്പോഴും രണ്ടുകൂട്ടരുടെയും ആശയത്തിലെ സാമ്യതകള്‍ ഞെട്ടിക്കുന്നതാണ്.

