അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകം; ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു

insight kerala

ഏറെ കോളിളക്കമുണ്ടാക്കിയ അട്ടപ്പാടി മധു ആൾകൂട്ട കൊലപാതക കേസിൽ ഒന്നാം പ്രതിയായ ഹുസൈനെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. മധുവിനെ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു മരത്തിൽ കെട്ടിയിടുകയും അവസാനത്തെ ചവിട്ട് നൽകുകയും ചെയ്തത് ഹുസൈൻ എന്നാണ് വിചാരണ കോടതി കണ്ടെത്തിയത്. ആ ചവിട്ടിൽ മധു തെറിച്ചു വീഴുകയും തലയ്ക്ക് ഗുരുതരമായ ക്ഷതം ഏൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. പ്രോസിക്യൂഷൻ ഇതുതന്നെ കോടതിയിൽ വാദിച്ചെങ്കിലും ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമായ തെളിവില്ല എന്നാണ് കോടതി കണ്ടെത്തിയത്.

മറ്റു പ്രതികളുടെ അപ്പീൽ തള്ളി. മരയ്ക്കാർ ഉൾപ്പെടെയുള്ള മറ്റു പ്രതികളുടെ ഹർജിയാണ് തള്ളിയത്. മണ്ണാർക്കാട് പ്രത്യേക കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികളും സംസ്ഥാന സർക്കാരും സമർപ്പിച്ച അപ്പിലുകളിലാണ് വിധി. രണ്ടു പ്രതികളെ വെറുതെവിട്ട നടപടിയും ശരിവച്ചു. 12 പ്രതികളുടെ അപ്പീല്‍ തള്ളി. 16 പേരിൽ 14 പേരെയാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതിൽ 13 പേർക്ക് ഏഴുവർഷം കഠിനതടവും, ഒരാൾക്ക് മൂന്നുമാസം തടവുമായിരുന്നു ശിക്ഷ. ശിക്ഷിക്കപ്പെട്ടവർക്കും, വെറുതേ വിട്ടവർക്കും ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നാണ് സർക്കാരിന്റെ അപ്പീലിലെ ആവശ്യം.

 ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏഴുവർഷം തടവിന് ശിക്ഷിക്കപ്പെട്ട 13 പേർ ഹൈക്കോടതിയെ സമീപിച്ചത്. 2018 ഫെബ്രുവരി 22നാണ് പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് കൊലപ്പെടുത്തിയത്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് അപ്പീലുകൾ പരിഗണിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article