തിരുവനന്തപുരം: ജില്ലയിൽ സിപിഎം ഏരിയ കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. വഞ്ചിയൂർ, പേരൂർക്കട , നേമം ഏരിയ കമ്മിറ്റികൾ പിണറായി വിജയനും എം വി ഗോവിന്ദനും വി ശിവൻകുട്ടിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ കടന്നാക്രമണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് വഞ്ചിയൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ്റെ ശൈലിയും പ്രവർത്തനവും നിയന്ത്രിക്കുന്നതിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പൂർണമായും പരാജയപ്പെട്ടുവെന്ന് അംഗങ്ങൾ വിമർശിച്ചു. പിണറായി വിജയനെക്കാൾ ഏര്യാ കമ്മിറ്റികളിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയത് എം വി ഗോവിന്ദൻ ആണ്.
തിരുവനന്തപുരത്തെ പരാജയത്തിന്റെ ഉത്തരവാദിത്വം മുഴുവൻ മേയർ ആയിരുന്ന ആര്യ രാജേന്ദ്രന്റെ തലയിൽ കെട്ടിവയ്ക്കുകയാണ് നേതാക്കൾ ചെയ്യുന്നതെന്ന് പേരൂർക്കട ഏരിയ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉണ്ടായി. 21 വയസ്സുള്ള പെൺകുട്ടിയുടെ കയ്യിൽ കോർപ്പറേഷന്റെ ഭരണം ഏൽപ്പിച്ച് ജില്ലാ നേതാക്കന്മാർ നോക്കുകുത്തികളായി മാറിനിന്നു. ആരോപണങ്ങളും ആക്ഷേപങ്ങളും ഉയർന്ന വേളകളിൽ ആര്യയെ തിരുത്താൻ നേതൃത്വം തയ്യാറായില്ല. കോർപ്പറേഷൻ ചുമതലയുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി ശിവൻകുട്ടിയും സി.ജയൻ ബാബുവും ഒരു ഘട്ടത്തിൽ പോലും ആര്യ രാജേന്ദ്രനെ തിരുത്തിയില്ല. മേയർക്ക് തെറ്റുപറ്റിയെങ്കിൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം ജില്ലാ നേതൃത്വത്തിലാണെന്ന് ഏരിയ കമ്മിറ്റിയിൽ രൂക്ഷമായ വിമർശനം ഉണ്ടായി.
നേമം ഏരിയ കമ്മിറ്റിയിലും ജില്ലാ നേതാക്കൾക്കെതിരെയാണ് കടന്നാക്രമണം ഉണ്ടായത്. പരാജയത്തിൽ ആര്യാ രാജേന്ദ്രനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയാണെന്ന് അംഗങ്ങൾ വിമർശിച്ചു. നാളെയാണ് ലോക്കൽ കമ്മിറ്റികൾ യോഗം ചേരുക.

