കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചു. സംസ്ഥാനത്ത് സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി.
ചെയർമാൻ സ്ഥാനത്തേക്ക് പല പേരുകളാണ് പരിഗണിക്കപ്പെടുന്നത്.
ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ എന്നിവരുടെ പേരുകളാണ് സജീവ ചർച്ചയിലുള്ളത്. ചലച്ചിത്ര ക്ഷേമനിധി ബോർഡ് അധ്യക്ഷ സ്ഥാനത്തു നിന്നും മധുപാൽ നേരത്തെ രാജി വെച്ചിട്ടുണ്ട്. KSFDC യുടെ ചെയർമാനായി കെ. മധു തുടരുകയാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പിണറായി വിജയൻ സർക്കാർ നിയമിച്ചത്. ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂൽ പൂക്കുട്ടിയുടെ നിയമനം. ഇതേ തുടർന്ന് പ്രേംകുമാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അതേസമയം നിലവിൽ ഒരു സ്ഥാനത്തേക്കുമില്ലെന്നും സിനിമയിൽ തിരക്കുണ്ടെന്നുമുള്ള നിലപാടിലാണ് ജഗദീഷ്. ഇക്കാര്യം സംസ്കാരിക വകുപ്പിനെ ജഗദീഷ് അറിയിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംവിധായകനും നിർമാതാവുമാണ് ദീപു കരുണാകരൻ.

