‘പൊറാട്ടയടിക്കാന്‍ ഇനി ലോക്കല്‍ സെക്രട്ടറിമാര്‍ വരില്ല’; ഭരണം മാറിയതോടെ നാടുവിടാന്‍ മടിച്ച് ബംഗാളികള്‍; കേരളത്തില്‍ ഒരു പണിക്കും ആളെ കിട്ടുന്നില്ല; റോഡ് പണികളും കെട്ടിട നിര്‍മ്മാണവുമൊക്കെ അവതാളത്തില്‍

insight kerala

എം മാധവദാസ്

തിരുവനന്തപുരം: 33 വര്‍ഷത്തെ സിപിഎം ഭരണം അവസാനിച്ചതോടെ നാട്‌വിട്ട് കേരളത്തിലെത്തി, പൊറോട്ടയടിച്ച് ജീവിക്കുന്ന ബംഗാളിലെ ലോക്കല്‍ സെക്രട്ടറിമാരുടെ കഥയൊക്കെ ഏറെ ട്രോളിയവരാണ് നമ്മള്‍. ബംഗാളികളള്‍ അടക്കമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫായിരുന്നു കേരളം. അവിടെ ഒരു ദിവസം പണിയെടുത്താല്‍ പരമാവധി 350 രൂപ കിട്ടുമ്പോള്‍, കേരളത്തില്‍ അത് മിനിമം 750 രൂപയാണ്. നന്നായി പണിയെടുക്കുന്ന ഒരു ബംഗാളിക്ക് കേരളത്തില്‍ നിന്ന് 1500 രൂപവരെ പ്രതിദിനം നിഷ്പ്രയാസം ഉണ്ടാക്കാം. ഈ വരുമാനത്തിലെ വ്യത്യാസമായിരുന്നു അവരെ ഇങ്ങോട്ട് ആകര്‍ഷിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പക്ഷേ ഇപ്പോള്‍ ബംഗാളില്‍, മമത വീഴുകയും ബിജെപി ഭരണംവരികയും ചെയ്തതോടെ കാര്യങ്ങള്‍ മാറുകയാണ്. ബംഗാളില്‍ തന്നെ തങ്ങള്‍ക്ക് തൊഴിലവസരം ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ അവര്‍ അവിടെതന്നെ തങ്ങുകയാണ്. ഇത് കേരളത്തിലെ നിര്‍മ്മാണ മേഖലയിലടക്കം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. 80കളില്‍ കേരളത്തിലേക്ക് തമിഴ്‌നാട്ടില്‍നിന്നുള്ളവരുടെ ഒഴുക്കായിരുന്നു. പിന്നീട് 90കളില്‍ അത് നിന്നു. അതുപോലെയുള്ള ഒരു സാമൂഹിക സാഹചര്യം ഉണ്ടാവുമോ എന്നും സംശയമുണ്ട്.

വാര്‍പ്പുപണി തൊട്ട് മുടങ്ങുന്നു

പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകാന്‍ മാതൃസംസ്ഥാനങ്ങളിലേക്ക് മടങ്ങിയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ യഥാസമയം തിരിച്ചെത്താത്തത് കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ നിലവില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വോട്ട് ചെയ്തില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെടുമെന്നും പൗരത്വം നഷ്ടപ്പെടുമെന്നുമുള്ള ശക്തമായ പ്രചാരണങ്ങളെത്തുടര്‍ന്ന് വന്‍തോതിലുള്ള തൊഴിലാളി പലായനമാണ് ഉണ്ടായത്. വോട്ടെടുപ്പിന് ശേഷം തിരികെ വരാന്‍ ട്രെയിനുകളില്‍ കനത്ത തിരക്കും റിസര്‍വേഷന്‍ ലഭ്യതക്കുറവും നേരിടുന്നു. പലരും ഉയര്‍ന്ന നിരക്കില്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകളെ ആശ്രയിച്ചാണ് മടങ്ങാന്‍ ശ്രമിക്കുന്നത്.പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും റംസാന്‍, ബക്രീദ് തുടങ്ങിയ ഉത്സവങ്ങളും ഇവരുടെ മടക്കയാത്ര വൈകാന്‍ കാരണമായിട്ടുണ്ട്.

റോഡ് പണികള്‍, കെട്ടിട നിര്‍മ്മാണം, പാലങ്ങളുടെ പണി തുടങ്ങിയവ തൊഴിലാളികളുടെ ക്ഷാമം മൂലം പലയിടത്തും പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെട്ടിരിക്കുകയാണ്. ഹോട്ടലുകളില്‍ ഭൂരിഭാഗവും ബംഗാള്‍ സ്വദേശികളായ തൊഴിലാളികളെ ആശ്രയിച്ചിരുന്നതിനാല്‍ പല സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടേണ്ടി വരികയോ പ്രാദേശിക തൊഴിലാളികളെ നിയമിച്ചു മുന്നോട്ട് പോകേണ്ടി വരികയോ ചെയ്യുന്നു.പെരുമ്പാവൂര്‍ പോലുള്ള പ്രധാന ഹബ്ബുകളിലെ പ്ലൈവുഡ് കമ്പനികളുടെ ഉല്‍പ്പാദനം 70 ശതമാനത്തോളം നിലച്ച മട്ടിലാണ്. കയര്‍ വ്യവസായങ്ങളെയും മത്സ്യബന്ധന മേഖലയെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ ഭൂരിഭാഗവും മെയ് പകുതിയോടെയോ അതിനു ശേഷമോ മാത്രമേ പൂര്‍ണ്ണതോതില്‍ മടങ്ങിയെത്തൂ എന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.

35 ലക്ഷംവരെ അതിഥി തൊഴിലാളികള്‍

വിവിധ ഔദ്യോഗിക വിവരങ്ങളും പഠനങ്ങളും അനുസരിച്ച് കേരളത്തില്‍ നിലവില്‍ 25 ലക്ഷം മുതല്‍ 35 ലക്ഷം വരെ അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ മുന്‍പത്തെ പഠന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ സംഖ്യ ഏകദേശം 31.5 ലക്ഷം ആണ്. എന്നാല്‍,സംസ്ഥാന തൊഴില്‍ വകുപ്പിന്റെ സുരക്ഷാ-ക്ഷേമ പദ്ധതികളായ ആവാസ് അതിഥി പോര്‍ട്ടല്‍ തുടങ്ങിയവയില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ എണ്ണം ഏകദേശം 5.16 ലക്ഷത്തിന് മുകളിലാണ്. രജിസ്‌ട്രേഷന്‍ പ്രക്രിയകള്‍ പൂര്‍ണ്ണമല്ലാത്തതിനാലാണ് യഥാര്‍ത്ഥ കണക്കും രജിസ്റ്റര്‍ ചെയ്ത കണക്കും തമ്മില്‍ ഇത്രയും വ്യത്യാസമുള്ളത്.

കേരളത്തിലുള്ള അതിഥി തൊഴിലാളികളില്‍ ഒന്നാം സ്ഥാനത്ത് പശ്ചിമ ബംഗാളാണ് (രണ്ട് ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്). തൊട്ടുപിന്നില്‍ അസം, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണുള്ളത്.ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് എറണാകുളം (പ്രത്യേകിച്ച് പെരുമ്പാവൂര്‍ മേഖല), തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിലാണ്. ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത് നിര്‍മ്മാണ മേഖലയിലാണ് (ഏകദേശം 17.5 ലക്ഷം). മാനുഫാക്ചറിങ് (പ്ലൈവുഡ് കമ്പനികള്‍ ഉള്‍പ്പെടെ), ഹോട്ടല്‍/റെസ്റ്റോറന്റ്, മത്സ്യബന്ധനം എന്നിവയാണ് മറ്റ് പ്രധാന മേഖലകള്‍ .അതിഥി തൊഴിലാളികള്‍ കൃത്യമായ ഇടവേളകളില്‍ സ്വന്തം നാട്ടിലേക്ക് പോവുകയും തിരികെ വരികയും ചെയ്യുന്ന സ്വഭാവമുള്ളതിനാല്‍ ഇവരുടെ കൃത്യമായ എണ്ണം ദിവസേന മാറാറുണ്ട്. അതിഥി തൊഴിലാളികള്‍ എത്താതാവുന്നതോടെ കേരളത്തിന്റെ നിര്‍മ്മാണ മേഖലയിടക്കം കടുത്ത പ്രതിസന്ധിയാണ്.

Share This Article