സിനിമയുടെ വ്യാജപതിപ്പുകൾക്കെതിരെ കർശന നടപടി; 1263 വെബ്സൈറ്റുകളും 4996 ടെലഗ്രാം ചാനലുകളും നിരോധിച്ചു

insight kerala

ദില്ലി: സിനിമയുടെ വ്യാജ പതിപ്പുകൾ വ്യാപകമാകുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത് വരുന്നു. മലയാള , തെന്നിന്ത്യൻ സിനിമകൾക്ക് ശാപമായി മാറിയ വലിയൊരു ചോർത്തലിന്റെ നിഗൂഡതകളിലേക്കാണ് അന്വേഷണം എത്തിനിൽക്കുന്നത്. പകർപ്പ് അവകാശ നിയമം ലംഘിച്ച് ഉള്ളടക്കം ഉൾപ്പെടുത്തിയ 1263 വെബ്സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. 4996 ടെലഗ്രാം ചാനലുകളും നിരോധിച്ചു. 2023ലെ നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സർക്കാറിന്റെ നടപടി. കേന്ദ്രവിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തിന്റെ മറുപടിയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോടികൾ നിർമ്മിച്ച സിനിമകളാണ് നിമിഷങ്ങൾക്കകം വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമാ മേഖലയിൽ നിന്ന് വ്യാപകമായ പരാതിയും ഉയർന്നതിനുശേഷം ആണ് 2023 ൽ കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്തത്. തീയേറ്ററിൽ ഇരുന്ന് മൊബൈലിൽ സിനിമ പകർത്തിയാൽ സിനിമയുടെ ആകെ ചെലവിന്റെ 5% പിഴയായി നൽകണമെന്ന് നിയമത്തിൽ പറയുന്നു. കൂടാതെ ഇത്തരം പൈറസികൾ കണ്ടെത്താൻ കേന്ദ്രമന്ത്രാലയത്തിൽ ഒരു ഉപസമിതിയെയും നിയോഗിച്ചിരുന്നു. പക്ഷേ അതിനുശേഷം പൈറസി വ്യാപകമായി തുടർന്നിരുന്നു. ഇപ്പോൾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്രമന്ത്രാലയം ഈ രീതിയില് കർശനമായ നടപടിയിലേക്ക് കടന്നിരിക്കുന്നത്.

Share This Article