നിയസഭാ സീറ്റിന് 5 കോടി ചോദിച്ചു; തോല്‍വിക്ക് കാരണം മിസ്റ്റര്‍ മരുമകന്‍; മമതപക്ഷവും അഭിഷേക് പക്ഷവുമായി ചേര്‍ന്ന് പൊരിഞ്ഞ അടി; രാഷ്ട്രീയം ഉപേക്ഷിച്ച് നേതാക്കള്‍; തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ പിളര്‍പ്പിലേക്ക്!

insight kerala

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

എം മാധവദാസ്

15 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷം, അതിദയനീയമായ തോല്‍വിയുണ്ടായതിനെ തുടര്‍ന്ന് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.
പരാജയത്തിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കളും മുന്‍ മന്ത്രിമാരും പരസ്യമായി രംഗത്തുവന്നു. മമത ബാനര്‍ജിയെ അനുകൂലിക്കുന്ന പഴയകാല നേതാക്കളും, മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തെ അനുകൂലിക്കുന്ന യുവനേതാക്കളും തമ്മില്‍ പാര്‍ട്ടിയില്‍ ചേരിതിരിവ് ശക്തമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരാജയത്തിന് കാരണം അഭിഷേക് ബാനര്‍ജിയുടെ തീരുമാനങ്ങളാണെന്നും മമത ബാനര്‍ജിയെ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും മുതിര്‍ന്ന നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നേതാക്കള്‍ രാജിവെക്കുന്നു

2026-ലെ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വെറും 81 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത് (2021ല്‍ ഇത് 215 ആയിരുന്നു). മമത ബാനര്‍ജി സ്വന്തം മണ്ഡലമായ ഭവാനിപ്പൂരില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. മുസ്ലീം വോട്ടുകളില്‍ ഉണ്ടായ വിള്ളലും ഭരണവിരുദ്ധ വികാരവും പരാജയത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.നിലവില്‍ പാര്‍ട്ടി യൂണിറ്റി നിലനിര്‍ത്താനായി ഡിസിപ്ലിനറി കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര കലഹം രൂക്ഷമായി തുടരുകയാണ്.

ബാരക്പൂരില്‍ നിന്നുള്ള മുന്‍ തൃണമൂല്‍ എംഎല്‍എയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ രാജ് ചക്രവര്‍ത്തി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരിക്കയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കൗസ്തവ് ബാഗ്ചിയോട് 15,822 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്. രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്നും ഇനി ചലച്ചിത്ര നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ബംഗാള്‍ രാഷ്ട്രീയത്തില്‍ ബിജെപി ഭൂരിപക്ഷം നേടുകയും സുവേന്ദു അധികാരി മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്.

പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ മമത ബാനര്‍ജിയെ അനുകൂലിക്കുന്ന പഴയ തലമുറ നേതാക്കളും അഭിഷേക് ബാനര്‍ജിയെ അനുകൂലിക്കുന്ന പുതിയ തലമുറ നേതാക്കളും തമ്മിലുള്ള ഭിന്നത ശക്തമാണ്. പരാജയത്തിന് കാരണം അഭിഷേക് ബാനര്‍ജിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളാണെന്ന് മുതിര്‍ന്ന നേതാക്കള്‍ ആരോപിക്കുന്നു. സീനിയര്‍ നേതാക്കളെ അവഗണിക്കുകയും ജൂനിയര്‍ നേതാക്കള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും ചെയ്തുവെന്ന പരാതി ശക്തമാണ്. മാള്‍ഡ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ പരാജയത്തിന് അഭിഷേക് മാപ്പ് പറയണമെന്ന് മുതിര്‍ന്ന നേതാവ് കാര്‍ത്തിക് ഘോഷ് ആവശ്യപ്പെടുകയുണ്ടായി. മമത ബാനര്‍ജിക്കൊപ്പം പാര്‍ട്ടി കെട്ടിപ്പടുത്ത മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ്, അഭിഷേക് തന്റെ അടുപ്പക്കാരായ യുവനേതാക്കള്‍ക്ക് അമിത പ്രാധാന്യം നല്‍കിയതാണ് പരാജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.മമത ബാനര്‍ജിയെ അഭിഷേക് ബാനര്‍ജി സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും അദ്ദേഹത്തിന്റെ പല തെറ്റായ തീരുമാനങ്ങളും അംഗീകരിക്കാന്‍ മമത നിര്‍ബന്ധിതയാവുകയാണെന്നും ഘോഷ് ആരോപിച്ചു

ടിക്കറ്റിന് 5 കോടി

മനോജ് തിവാരിയെപ്പോലുള്ള മുന്‍ മന്ത്രിമാര്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന മനോജ് തിവാരി ടിക്കറ്റിനായി പണം ആവശ്യപ്പെട്ടുവെന്ന ഗുരുതര ആരോപണങ്ങാണ് ഉയര്‍ത്തുന്നത്. തനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കണമെങ്കില്‍ 5 കോടി രൂപ നല്‍കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതായി മനോജ് തിവാരി ആരോപിച്ചു. ഇത് നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് ഹൗറയിലെ ഷിബ്പൂര്‍ മണ്ഡലത്തില്‍ നിന്നും തനിക്ക് ടിക്കറ്റ് നിഷേധിച്ചതെന്നും അദ്ദേഹം പറയുന്നു. ഇത്തവണ 70-ഓളം സ്ഥാനാര്‍ത്ഥികള്‍ ഇത്തരത്തില്‍ പണം നല്‍കിയാണ് ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

കായിക വകുപ്പ് സഹമന്ത്രിയായിരുന്നിട്ടും തനിക്ക് യാതൊരു അധികാരവും നല്‍കിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജോലിയെ ‘ചായയും ബിസ്‌കറ്റും കഴിക്കല്‍’ മാത്രമായി പാര്‍ട്ടി ഒതുക്കിയെന്നും യാഥാര്‍ത്ഥത്തില്‍ താനൊരു ‘ലോലിപോപ്പ് മന്ത്രി’ മാത്രമായിരുന്നുവെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.ക്യാബിനറ്റ് മന്ത്രിയായിരുന്ന അരൂപ് ബിശ്വാസ് തന്നെ നിരന്തരം അവഗണിച്ചിരുന്നതായും ഔദ്യോഗിക പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നതായും തിവാരി ആരോപിച്ചു. ലയണല്‍ മെസ്സിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം പോലുള്ള പ്രധാന കായിക പരിപാടികളില്‍ പോലും തന്നെ ക്ഷണിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തനിക്ക് 20 സെക്കന്‍ഡ് പോലും നല്‍കിയില്ലെന്നും ‘എനിക്ക് വേറെ പണിയൊന്നുമില്ലേ’ എന്ന് മുഖത്ത് നോക്കി ചോദിച്ചതായും അദ്ദേഹം പറഞ്ഞു.പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും വികസനമില്ലായ്മയും അഹങ്കാരവുമാണ് തൃണമൂലിന്റെ പതനത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ സംഭവങ്ങള്‍ക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായും സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു കോച്ചിംഗ് രംഗത്തേക്ക് മാറാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു

Share This Article