യുഡിഎഫ് എന്നാൽ ലീഗ് ഭരണം, മാറാട് ആവർത്തിക്കും; വെള്ളാപ്പള്ളി

insight kerala

ആലപ്പുഴ: കേരളത്തിലെ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി വെള്ളാപ്പള്ളി നടേശൻ. ചാനൽ സർവ്വേ ഫലങ്ങൾ പലപ്പോഴും തെറ്റാറാണ് പതിവെന്നും, ചെറിയ ഭൂരിപക്ഷത്തിൽ പിണറായി ഗവൺമെന്റ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വരരുത് എന്നാണ് തന്റെ ആഗ്രഹമെന്നും എന്നാൽ ഇടതുമുന്നണിയുടെ താഴെത്തട്ടിലെ പ്രവർത്തനം ഇത്തവണ ദുർബലമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഡിഎഫിനും മുസ്ലിം ലീഗിനുമെതിരെ കടുത്ത വിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. കോൺഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് ലീഗ് തീരുമാനിക്കുന്നത് ശരിയല്ലെന്നും, യുഡിഎഫ് അധികാരത്തിൽ വന്നാൽ അത് ലീഗിന്റെ മതാധിപത്യ ഭരണമായി മാറുമെന്നും അദ്ദേഹം ആരോപിച്ചു. വി.ഡി. സതീശൻ പലർക്കെതിരെയും സംസാരിക്കുന്നത് ലീഗിന്റെ പിന്തുണയിലാണെന്നും, ലീഗ് ഭരണം വന്നാൽ മാറാട് സംഭവങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെറും മൂന്ന് വർഷത്തേക്ക് ഭരിക്കാൻ വരുന്നവരാണ് ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിനായി കടിപിടികൂടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ഇത്തവണ ബിജെപി നല്ല പ്രകടനം കാഴ്ചവെച്ചെന്നും അവർ സീറ്റുകൾ നേടിയേക്കാമെന്നും അദ്ദേഹം നിരീക്ഷിച്ചു. ബിജെപിയുടെ ഈ മുന്നേറ്റം എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനരീതി ശരിയല്ലെന്നും അത് മുഖ്യമന്ത്രിയെ ജനങ്ങളിൽ നിന്ന് അകറ്റാൻ കാരണമായെന്നും അദ്ദേഹം വിമർശിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article