എം മാധവദാസ്
വിദേശരാജ്യങ്ങളിലെ ഇലക്ഷന്‍ പ്രവചനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അങ്ങേയറ്റം സങ്കീര്‍ണ്ണമാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രവചനം. ഒരുപാട് ഏജന്‍സികള്‍ ഉണ്ടെങ്കിലും അതില്‍ ഏറ്റവും വിശ്വാസമുള്ളത് ആക്‌സിസ് മൈ ഇന്ത്യ എന്ന ഏജന്‍സിയാണ്. പ്രദീപ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഈ ഏജന്‍സി തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഡിഎംകെ രണ്ടാം സ്ഥാനത്താവുമെന്നും, എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടി നേരിടുമെന്നും പ്രവചനം പറയുന്നു. ഇത് തമിഴക രാഷ്ട്രീയത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്.
ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം അനുസരിച്ച് ടിവികെ 98-120 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ഡിഎംകെ 92-110 സീറ്റുകള്‍ വരെ നേടുമെന്നണ് പ്രവചനം. ആക്സിസ് മൈ ഇന്ത്യ ടിവികെയ്ക്ക് 98-120 സീറ്റുകള്‍ പ്രവചിച്ചിരുക്കുന്നതില്‍ പലര്‍ക്കും അവിശ്വസീയമാണ്. വിജയുടെ പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ നേടുമെങ്കിലും ഇത്തരമൊരു മുന്നേറ്റമുണ്ടാക്കില്ലായെന്നാണ് വിശ്വാസം. എന്നാല്‍ ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനങ്ങളെ പൂര്‍ണമായി തള്ളിക്കളയാനാകില്ല, കാരണം മുന്‍കാലങ്ങളില്‍ ആക്സിസ് മൈ ഇന്ത്യ നടത്തിയ പല ധീരമായ പ്രവചനങ്ങളും കൃത്യമായി ശരിയായിട്ടുണ്ട്. 90 ശതമാനത്തിലധികം തിരഞ്ഞെടുപ്പുകളിലും ഇവരുടെ പ്രവചനങ്ങള്‍ ശരിയായിട്ടുണ്ട്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളിലും (ഉദാഹരണത്തിന് 2021-ലെ അസം, കേരളം) ഇവര്‍ കൃത്യമായ ഫലം നല്‍കിയിട്ടുണ്ട്.
ഇത്തവണ കേരളത്തില്‍ 78-90 സീറ്റുകള്‍വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. അവര്‍ എല്‍ഡിഎഫിന് 62 സീറ്റുകള്‍വരെ കാണുന്നുണ്ട്. പക്ഷേ ബംഗാളിലെ ഫലം ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ടിട്ടില്ല. വോട്ടര്‍മാരില്‍ നിന്നുള്ള പ്രതികരണത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി ആക്സിസ് മൈ ഇന്ത്യ ബംഗാളിലെ പ്രവചനങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തങ്ങള്‍ ഇടപെട്ട 70 ശതമാനം സ്ത്രീ വോട്ടര്‍മാരും കൃത്യമായി മറുപടി പറഞ്ഞില്ല എന്നകാരണം പറഞ്ഞാണ് അവര്‍ ബംഗാള്‍ എക്‌സിറ്റ്‌പോള്‍ നല്‍കാത്തത്.
പഞ്ചാബിലും ഡല്‍ഹിയിലും കൃത്യം
2022- ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍, മിക്ക സര്‍വേ ഏജന്‍സികളും ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കമോ അല്ലെങ്കില്‍ ഒരു തൂക്കുസഭയോ പ്രവചിച്ചപ്പോള്‍, ആക്സിസ് മൈ ഇന്ത്യ എഎപിക്ക് 76-90 സീറ്റുകള്‍ ലഭിക്കുമെന്ന വമ്പന്‍ വിജയമാണ് പ്രവചിച്ചത്. ഇത്രയും വലിയൊരു ഭൂരിപക്ഷം അന്ന് സംശയത്തോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിനെയും അകാലിദളിനെയും നിഷ്പ്രഭമാക്കി എഎപി 92 സീറ്റുകള്‍ നേടി.

2025 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍, മിക്കവാറും എല്ലാ പ്രധാന എക്സിറ്റ് പോളുകളും എഎപിഉജ്ജ്വല വിജയം നേടുമെന്നോ അല്ലെങ്കില്‍ കടുത്ത പോരാട്ടം നടക്കുമെന്നോ ആണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബിജെപി 45-55 സീറ്റുകള്‍ നേടി നിര്‍ണ്ണായക വിജയം കൈവരിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചു. ഫലം വന്നപ്പോള്‍ ബിജെപി 48 സീറ്റുകള്‍ നേടുകയും, ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ പത്ത് വര്‍ഷം നീണ്ടുനിന്ന ഭരണത്തുടര്‍ച്ചയ്ക്ക് അന്ത്യം കുറിക്കുകയും ചെയ്തു.
അതുപോലെ, 2023-ല്‍ മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍, കോണ്‍ഗ്രസിന്റെ നേരിയ വിജയമോ അല്ലെങ്കില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമോ ആണ് മിക്ക ഏജന്‍സികളും പ്രവചിച്ചിരുന്നത്. എന്നാല്‍ ബിജെപി 140-162 സീറ്റുകള്‍ നേടി വന്‍ വിജയം കൈവരിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചു. ഫലം വന്നപ്പോള്‍ ബിജെപി 163 സീറ്റുകള്‍ നേടി, ഇത് മറ്റ് സര്‍വേ ഏജന്‍സികളെ അമ്പരപ്പിച്ചു.
2024 മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ആക്‌സിസ് മൈ ഇന്ത്യ അത്ഭുതം കാട്ടി.പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് മിക്ക വിശകലന വിദഗ്ധരും പ്രവചിച്ചിരുന്നു. എന്നാല്‍ ഈ പൊതുവായ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, ഭരണകക്ഷിയായ മഹായുതി സഖ്യം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും 178-200 സീറ്റുകള്‍ വരെ നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിച്ചു. അന്തിമ ഫലം വന്നപ്പോള്‍ പ്രവചനങ്ങളെക്കാള്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. മഹായുതി 235 സീറ്റുകള്‍ എന്ന കൂറ്റന്‍ വിജയം നേടിയതോടെ, എക്സിറ്റ് പോള്‍ കണക്കുകൂട്ടലുകളെക്കാള്‍ വലിയൊരു തരംഗമായി ആ ഫലം മാറി.

