തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴക്ക് സാധ്യത. ഉച്ചക്ക് ശേഷം ഇടിമിന്നലിനോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മേയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
വേനൽമഴ മെച്ചപ്പെട്ടതോടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ വൈകുന്നേരത്തോടെയാണ് ശക്തമായ വേനൽ മഴ ലഭിച്ചു. എന്നാൽ വേനൽ മഴക്കൊപ്പമെത്തിയ ഇടിമിന്നലും മരങ്ങൾ കടപുഴകി വീണതും പലയിടത്തും അപകടം വിതച്ചു. പല ജില്ലകളിലും കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്ത് കനത്ത മഴയിൽ എണ്ണപ്പന വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം സംഭവിച്ചതും ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചതും വേദനയായി. കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിലെ കാടുവെട്ടാൻ കരാർ ജോലിക്ക് എത്തിയ മുപ്പത്തിയേഴുകാരി സരിതക്കാണ് ജീവൻ നഷ്ടമായത്.

