എക്സ്ക്ലൂസീവ്
എം മാധവദാസ്
കോഴിക്കോട്: മെയ് നാലിന് വോട്ടെണ്ണല്‍ കാത്തിരിക്കേ, കേരളത്തില്‍ യുഡിഎഫും, പ്രത്യേകിച്ച് കോണ്‍ഗ്രസും അമിതമായ ആത്മവിശ്വാസത്തിലാണ്. ഭരണം ഉറപ്പിച്ചെന്ന നിലയില്‍ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചും മുഖ്യമന്ത്രിസ്ഥാനത്തേക്കുമൊക്കെയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണോ, രമേശ് ചെന്നിത്തലയാണോ, കെ സി വേണുഗോപാല്‍ ആണോ മുഖ്യമന്ത്രിയാവേണ്ടത് എന്ന രീതിയില്‍ വലിയ പരസ്യചര്ച്ചകളും നടന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കെ സി വേണുഗോപാലിനുവേണ്ടി വലിയ കാമ്പയിനും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാവട്ടെ, നൂറ് സീറ്റ് നേടി അധികാരത്തിലെത്തിയില്ലെങ്കില്‍ വനവാസത്തിന് പോവുമെന്ന് പരസ്യമായും പറഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന അഭിപ്രായ സര്‍വേകളില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നിന്നത്. മനോരമന്യൂസിന്റെ സര്‍വേയില്‍ മാത്രമാണ് യുഡിഎഫിന് ഭരണം പ്രവചിച്ചിരുന്നത്. മാതൃഭൂമി, ന്യൂസ് മലയാളം, റിപ്പോര്‍ട്ടര്‍ ടീവി എന്ന എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയാണ് പ്രവചിച്ചത്. ബിജെപി ചാനല്‍ എന്ന് ആരോപണം ഉയര്‍ന്ന ന്യൂസ് 18 പോലും ഇഞ്ചോടിഞ്ച് മത്സരവും, യുഡിഎഫിന് നേരിയ മുന്‍തൂക്കം എന്നുമാണ് വിലയിരുത്തിയത്. പക്ഷേ പോളിങ്് കഴിഞ്ഞ പിറ്റേന്നുതൊട്ട് കാര്യങ്ങള്‍ മാറിമറിഞ്ഞു. യുഡിഎഫ് തരംഗം എന്നരീതിയിലായി കാര്യങ്ങള്‍. ഇതിന് കാരണം, എക്സിറ്റ്പോള്‍ ഫലങ്ങള്‍ ചോര്ന്നുകിട്ടയാതാണെന്നാണ് പറയുന്നത്.

2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായിരുന്നു. മിക്ക എക്സിറ്റ് പോളുകളും എല്‍ഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിച്ചിരുന്നു.എല്‍ഡിഎഫിന് ഏറ്റവും വലിയ വിജയം പ്രവചിച്ചത് ആക്സിസ് മൈ ഇന്ത്യ- ഇന്ത്യാ ടുഡെ എക്സിറ്റ്പോള്‍ ആയിരുന്നു. .എല്‍ഡിഎഫ് 104-120 സീറ്റുകള്‍ വരെ നേടുമെന്നും യുഡിഎഫ് 20-36 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഇവര്‍ കണക്കുകൂട്ടി. ടുഡെയ്സ് ചാണക്യ
എല്‍ഡിഎഫ് (93-111 സീറ്റുകള്‍), യുഡിഎഫ് (36-44 സീറ്റുകള്‍) എന്നിങ്ങനെ പ്രവചിച്ചു. റിപ്പബ്ലിക്ക് ടി വി എല്‍ഡിഎഫിന് 72-80 സീറ്റുകളും, യുഡിഎഫ് 58-64 സീറ്റുകളും നല്കി. മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ്പോള്‍ എല്‍ഡിഎഫിന് 68-78 സീറ്റുകളും,, യുഡിഎഫ് 59-70 സീറ്റുകളും നല്കി ഏതാണ്ട് ബലാബലം ഒപ്പിച്ചു. ടൈസ് നൗ സീവോട്ടര്‍ എല്‍ഡിഎഫ് 74 സീറ്റുകളും, യുഡിഎഫ് 65 സീറ്റുകളും പ്രവചിച്ചു. പക്ഷേ ഫലം വന്നപ്പോള്‍ 99 സീറ്റുനേടി ഇടതുപ്കഷം അധികാരത്തിലേറുന്ന കാഴ്ചയാണ് കണ്ടത്. ഇത്തവണയും അതുപോലെ തങ്ങള്‍ അധികാരത്തിലെത്തും എന്നാണ് യുഡിഫ് കരുതുന്നത്.
എക്സിറ്റ്പോള്‍ ഫലങ്ങളും തെറ്റാറുണ്ട്
പക്ഷേ , ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്‍തോതില്‍ പാളിപ്പോയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. വോട്ടര്‍മാരുടെ എണ്ണത്തിലുള്ള വര്‍ധനവും വൈവിധ്യവുമാണ് പലപ്പോഴും ഇത്തരം സര്‍വേകളെ തെറ്റിക്കുന്നത്.
2004 ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ എക്സിറ്റ് പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നാണിത്. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അധികാരം നേടുകയാണ് ഉണ്ടായത്. 2021 പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും, ബിജെപി മുന്നിലെത്താന്‍ സാധ്യതയുണ്ടെന്നും ചില എക്സിറ്റ് പോളുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ (213 സീറ്റുകള്‍) അധികാരം നിലനിര്‍ത്തി. 2015 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, പല എക്സിറ്റ് പോളുകളും ബിജെപിക്ക് മുന്‍തൂക്കം നല്കി. എന്നാല്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും നിതീഷ് കുമാറിന്റെ ജെഡിയുവും ഉള്‍പ്പെട്ട മഹാസഖ്യം വലിയ വിജയം സ്വന്തമാക്കി.
2024 ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രവചനം തെറ്റി. എന്‍ഡിഎ സഖ്യം 350 മുതല്‍ 400 വരെ സീറ്റുകള്‍ നേടി വന്‍ വിജയം കൊയ്യുമെന്നായിരുന്നു മിക്ക പ്രവചനങ്ങളും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെന്ന് മാത്രമല്ല, എന്‍ഡിഎ സഖ്യം 293 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തു. 2024 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍,് പത്ത് വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നായിരുന്നു മിക്കവാറും എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തി ബിജെപി മൂന്നാം തവണയും അവിടെ അധികാരത്തിലെത്തി. അതിന്റെ തനിയാവര്‍ത്തനം ഇത്തവണ കേരളത്തിലുണ്ടാവുമെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. ചുരുങ്ങിയത് 72 സീറ്റെങ്കിലും നേടിയുള്ള മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമെന്നാണ് അവര്‍ വിലയിരുത്തുന്നത്.
കോടിക്കണക്കിന് വോട്ടര്‍മാരുള്ള ഇന്ത്യയില്‍ ചെറിയൊരു ശതമാനം ആളുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കുന്നത് കൃത്യമായ ഫലം നല്കണമെന്നില്ല എന്നതാണ് എക്സിറ്റ് പോളുകള്‍ അടക്കം തെറ്റാന്‍ ഇടായക്കിയ കാരണത്തെക്കുറിച്ച്, ഇലക്ഷന് പ്രവചന വിദഗ്ധന്‍ പ്രണോയ് റോയ് അടക്കമുള്ളവര്‍ പറയുന്നത്. വോട്ട് ആര്‍ക്ക് നല്‍കിയെന്ന് സര്‍വേക്കാരോട് തുറന്നുപറയാന്‍ വോട്ടര്‍മാര്‍ മടിക്കുന്നത് പ്രവചനങ്ങളെ ബാധിക്കാറുണ്ട്. ഒരു സംസ്ഥാനത്തെ വോട്ടിംഗ് രീതി മറ്റൊരു സംസ്ഥാനത്ത് നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും. ഈ വൈവിധ്യം ഉള്‍ക്കൊള്ളാന്‍ സര്‍വേകള്‍ക്ക് സാധിക്കാതെ വരാറുണ്ട്. എക്സിറ്റ് പോളുകള്‍ കേവലം ഒരു സൂചന മാത്രമാണ് അവയെ അന്തിമ ഫലമായി കാണാന്‍ കഴിയില്ല എന്നതാണ് ശരി. അവിടെയാണ് ഇടതിന്റെ പ്രതീക്ഷകളും ഉള്ളത്. അവസാനഘട്ട വോട്ടേടുപ്പ് കഴിയുന്ന എപ്രില്‍ 29മാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവരിക.

