കോഴിക്കോട് മൂഴിക്കലിലെ ഇരട്ട മരണവുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹത ഉയർത്തുന്ന മൊബൈൽ സന്ദേശം പുറത്ത്. കൊല്ലപ്പെട്ട നസ്റീന ഉപയോഗിച്ചിരുന്ന ഫോണിൽ നിന്ന് പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിൽ അയക്കപ്പെട്ട സന്ദേശമാണ് പുറത്തുവന്നത്. അദിനാൻ മരിച്ചു എന്ന് അറിയിക്കുന്ന ഉള്ളടക്കം അടങ്ങുന്നതാണ് സന്ദേശം. ഇരുവരുടെയും മൊബൈൽഫോണുകൾ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് സമീപത്തെ കിണറ്റിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് ഫോണുകൾ കണ്ടെത്തിയത്. ഇതിൽ നസ്രീന ഉപയോഗിച്ചിരുന്ന ഫോണിൽ നിന്നാണ് നല്ലളത്തെ ബൈക്ക് വാടകയ്ക്ക് നൽകുന്ന ഒരു യുവാവിന്റെ ഫോണിലേക്ക് സന്ദേശം എത്തിയത്. ഏപ്രിൽ 16ന് പുലർച്ചെ ഒന്നിനും നാലരയ്ക്ക് ഇടയിലാണ് സഹോദരിമാരുടെ മക്കളായ നസ്രീനയും അദിനാനും മരിച്ചതെന്നാണ് റിപ്പോർട്ട്.
