കെ സി വേണുഗോപാൽ കേരള രാഷ്ട്രീയത്തിൻ്റെ അമരത്ത് വരണമെന്ന കെ സുധാകരൻ്റെ എഫ് ബി പോസ്റ്റിന് പിന്നാലെ കെസിയെ അനുകൂലിച്ച് കൂടുതൽ പേർ രംഗത്ത്. യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലും സാമൂഹ്യ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു.
എഫ് ബി പോസ്റ്റിൻ്റെ പൂർണ്ണരൂപം
“കെ.സി വേണുഗോപാൽ എന്ന ജനകീയ നേതാവിനെതിരെ എന്തിനാണ് ചിലർ ഇത്രമാത്രം വിദ്വേഷം പ്രചരിപ്പിക്കുന്നത് ?
അരനൂറ്റാണ്ട് നീണ്ട തന്‍റെ രാഷ്ട്രീയ സപര്യയിൽ, സ്വന്തം പ്രസ്ഥാനത്തെയോ മുന്നണിയെയോ ഒരു വാക്കു കൊണ്ടുപോലും അദ്ദേഹം വേദനിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. വിദ്യാർത്ഥി-യുവജന പോരാട്ടങ്ങളുടെ തീച്ചൂളയിൽ, കെ.സിയെപ്പോലെ പോലീസിന്റെ ലാത്തിയടിയും ക്രൂരമർദ്ദനങ്ങളും ഏറ്റുവാങ്ങിയ മറ്റൊരു നേതാവ് കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ വിരളമായിരിക്കും. ജനങ്ങളുടെ ഹൃദയമിടിപ്പായി അദ്ദേഹം മാറിയതുകൊണ്ടു തന്നെയാണ്, ആലപ്പുഴയുടെ മണ്ണിൽ നിന്നും ആറു തവണ അദ്ദേഹം നിയമസഭയിലേക്കും പാർലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന മന്ത്രിയായും കേന്ദ്രമന്ത്രിയായും അധികാരത്തിന്റെ പടവുകൾ കയറിയപ്പോഴും, ഒരു തലമുടിനാരിഴയുടെ വലിപ്പത്തിൽ പോലും അഴിമതിയുടെ കറ പുരളാത്ത അത്യപൂർവ്വം നേതാക്കളിൽ ഒരാളാണദ്ദേഹം.
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നവർ കെ.പി.സി.സി ജനറൽ സെക്രട്ടറിയാവുക എന്ന കോൺഗ്രസിലെ അലിഖിത നിയമം വഴിമാറിയത് കെ.സിയുടെ കാര്യത്തിൽ മാത്രമായിരുന്നുവെങ്കിലും, യാതൊരു പരാതിയും കൂടാതെ പാർട്ടിക്കൊപ്പം അടിയുറച്ചു നിന്ന വിശ്വസ്തതയുടെ പര്യായമാണ് കെ.സി. കാലം അദ്ദേഹത്തെ കാത്തുവെച്ചത് വലിയ ദൗത്യങ്ങൾക്കായിരുന്നു. കോൺഗ്രസ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട കാലത്ത്, സാക്ഷാൽ രാഹുൽ ഗാന്ധിക്കൊപ്പം ഉറച്ചുനിന്ന്, പാർട്ടിക്ക് നേരെ വന്ന കൂരമ്പുകളെല്ലാം സ്വന്തം നെഞ്ചേറ്റുവാങ്ങിയത് എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ ഈ കെ.സിയാണ്. പാർലമെന്റിന്റെ അകത്തളങ്ങളിലും പുറത്തും അനേകം പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നിർഭയനായി നേതൃത്വം നൽകി. കന്യാകുമാരി മുതൽ കശ്മീർ വരെ ഒരു ഋഷിവര്യനെപ്പോലെ രാഹുൽ ഗാന്ധി നടത്തിയ ഇതിഹാസ തുല്യമായ പദയാത്രയിൽ, അദ്ദേഹത്തിന് താങ്ങും തണലുമായി കാവൽ നിന്നത് കെ.സി അല്ലാതെ മറ്റാരാണ്?
കോൺഗ്രസ് മുക്ത ഭാരതം എന്ന് അഹങ്കരിച്ച മോദിയുടെ മുന്നിൽ, 40-ൽ നിന്നും പാർട്ടിയെ 100 എം.പിമാരിലേക്ക് സടകുടഞ്ഞെഴുന്നേൽപ്പിക്കാനും രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ പ്രതിപക്ഷ നേതാവായി അവരോധിക്കാനും മുൻപന്തിയിൽ നിന്നത് കെ.സി വേണുഗോപാലാണ്. തിരഞ്ഞെടുപ്പുകളിൽ സീറ്റ് ലഭിക്കാത്തവരെപ്പോലും വലുപ്പച്ചെറുപ്പമില്ലാതെ നെഞ്ചോട് ചേർത്തുപിടിച്ച് പാർട്ടിക്കുള്ളിൽ ഐക്യം കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന്റെ നേതൃപാടവത്തിന് കഴിഞ്ഞു. രാജ്യത്തെ പല സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തോറ്റപ്പോഴൊക്കെ കേരളത്തിലെ ചില സൈബര്‍ ഹാന്‍ഡിലുകള്‍ കെസിക്കെതിരെ തിരിയും. എന്നാല്‍ കോണ്‍ഗ്രസ് ജയിക്കുമ്പോഴോ ? പരാജയങ്ങളുടെ പേരില്‍ കെസിയെ കല്ലെറിഞ്ഞവരാരും വിജയങ്ങളില്‍ കെസിയെടുത്ത അധ്വാനത്തെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ തയാറാവുകയുമില്ല. ഏത് തിരഞ്ഞെടുപ്പ് ജയിക്കുമ്പോഴും “ഒരിക്കല്‍ പോലും വിജയത്തിന്‍റെയും ക്രഡിറ്റ് അവകാശപ്പെടാന്‍ നില്‍ക്കാതെ കെസി അയാളുടെ ജോലി ചെയ്തു കൊണ്ടേയിരുന്നു.
ജി.സുധാകരനും,ടി.കെ.ഗോവിന്ദനും,കുഞ്ഞികൃഷ്ണനുമടക്കം സിപിഎമ്മിനോട് ഇടഞ്ഞു നിന്ന നേതാക്കളെ യുഡിഎഫ് പാളയത്തിലെത്തിച്ച് തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയ്ക്കെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത് ആരാണ് ? കേരളമെമ്പാടും ഓടി നടന്ന് സീറ്റ് കിട്ടാത്തതില്‍ പിണക്കമുളള സഹപ്രവര്‍ത്തകരെ അനുനയിപ്പിച്ച് അവരെ പാര്‍ട്ടിയോട് ചേര്‍ത്ത് നിര്‍ത്തിയത് ആരാണ് ? പത്തു വര്‍ഷം ഭരണമില്ലാതിരുന്നൊരു പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ഥികളെ നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കിയത് ആരാണ് ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലുണ്ട് കെ.സി.വേണുഗോപാല്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും വേണ്ടി ചെയ്ത സേവനങ്ങള്‍.
അതുകൊണ്ട് തന്നെ, കെസിക്കെതിരെ വാളെടുക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. കേവലം ചില പി.ആർ വർക്കുകളുടെ ഗിമ്മിക്കുകൾ കൊണ്ട് തകർത്തെറിയാൻ കഴിയുന്നതല്ല അൻപത് വർഷം ചോരയും വിയർപ്പൊഴുക്കി അദ്ദേഹം പടുത്തുയർത്തിയ ഈ രാഷ്ട്രീയ പാരമ്പര്യം. കെ.സിയെ ഇല്ലാതാക്കാമെന്നത് ചിലരുടെ വെറും വ്യാമോഹം മാത്രമാണ്, തീർത്തും പാഴ്‍വേല!
ബിനു ചുള്ളിയിൽ
വർക്കിംഗ് പ്രസിഡൻ്റ്
യൂത്ത് കോൺഗ്രസ്
K.C. Venugopal

