ശബരിമല സ്വർണ കൊള്ളകേസില്‍ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഇഡി നീക്കം തുടങ്ങി. ഇടനിലക്കാരന്‍ കല്‍പേഷും ദേവസ്വം മുന്‍ സെക്രട്ടറി ജയശ്രീയും ഇന്ന് കൊച്ചി ഓഫീസില്‍ ഹാജരാകും. അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. കേസിലെ നാലാം പ്രതിയാണ് ജയശ്രീ. അതിനിടെ സ്വർണ്ണപ്പാളികളിൽ നിന്ന് നഷ്ടമായത് ഒരുകിലോ 700 ഗ്രാം സ്വർണം എന്നാണ് എസ്ഐടിയുടെ പ്രാഥമിക കണക്ക്. VSSC യുടെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് കണക്ക് സംബന്ധിച്ച നിഗമനത്തിലേക്ക് പ്രത്യേക അന്വേഷണസംഘം എത്തിയിട്ടുള്ളത്. നാഷണൽ ലാബിലെ പരിശോധനാഫലം കൂടി വന്നശേഷം ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകും.
