തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വഴിപാട് സാധനങ്ങൾ വാങ്ങുന്നത് ഉദ്യോഗസ്ഥർ നേരിട്ട്. കടുംപായസം, തുണിയരിപ്പായസം, പാൽപ്പായസം, ഗണപതി ഹോമം, ശർക്കരപ്പായസം, നീരാജനം എന്നിവയടക്കം ഏറെ പ്രാധാന്യമുള്ള വഴിപാടുകളുടെ സാധനങ്ങളാണ് ഉദ്യോഗസ്ഥർ നേരിട്ട് വാങ്ങുന്നത്. നിശ്ചിത തുകയ്ക്ക് മേലുള്ള ഏത് സാധനങ്ങൾ വാങ്ങാനും കരാർ നിർബന്ധമാണ്.
എന്നാൽ, ഈ ചട്ടം പലയിടങ്ങളിലും പാലിക്കുന്നില്ല. വിവിധ വഴിപാടുകൾക്കാവശ്യമായ പാൽ, പഞ്ചസാര, ഉണക്കലരി, തേങ്ങ, ശർക്കര തുടങ്ങിയ സാധനങ്ങളാണ് ഉദ്യോഗസ്ഥർ തന്നെ നേരിട്ട് വാങ്ങുന്നത്. വള്ളിയാങ്കാവ്, തിരുവല്ലം, മലയാലപ്പുഴ, ഏറ്റുമാനൂർ, തിരുനക്കര, ആറൻമുള, കൊട്ടാരക്കര, ചെങ്ങന്നൂർ തുടങ്ങിയ ക്ഷേത്രങ്ങളിൽ പോലും ഇതിന് കരാർ കൊടുത്തിട്ടില്ല. ഇവിടങ്ങളിലെല്ലാം എഒമാർ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) നേരിട്ടാണ് സാധനങ്ങൾ വാങ്ങുന്നത്. ഇതിന്റെ കണക്കുകൾ സംബന്ധിച്ച കാര്യത്തിലും വ്യക്തതയില്ല.
കാർബൺ കോപ്പിയില്ല, പകരം സ്പെഷ്യൽ രസീത്
ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ വഴിപാടിന് ചീട്ടാക്കുന്ന ഗണപതി ഹോമം, പാൽപ്പായസം, കടുംപായസം, തുണിയരിപ്പായസം എന്നിവയ്ക്ക് സ്പെഷൽ രസീതുകൾ നൽകാനാണ് ഉദ്യോഗസ്ഥർക്ക് ഏറെ താൽപ്പര്യം. സെപ്ഷൽ രസീതിൽ തീയതി രേഖപ്പെടുത്തില്ല. കാർബൺ കോപ്പി ഉള്ള ആറാം നമ്പർ രസീതിൽ എഴുതിക്കൊടുക്കുമ്പോൾ കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നതിനാലാണിത്.
ആറാം നമ്പർ രസീത് കൊടുത്താൽ ഇവ അതത് ദിവസം ഏഴാം നമ്പറിൽ പോസ്റ്റ് ചെയ്യുകയും വേണം. അതിനനുസൃതമായി തുക ബോർഡിലേക്ക് മുതൽക്കൂട്ടായി ഒടുക്കണം. ഒപ്പം അധിക തുകയ്ക്ക് നിശ്ചയിച്ച രൂപയും ബോർഡിൽ അടക്കണം. കാർബൺ രസീത് കൊടുക്കാത്തത് കൊണ്ട് വഴിപാട് രസീത് എന്ന് കൊടുത്തു എന്നതിന് തെളിവുമില്ല.
ഗണപതി ഹോമം, പാൽപ്പായസം എന്നിവയ്ക്കാണ് വൻ തോതിൽ സ്പെഷൽ ടിക്കറ്റ് കൊടുക്കുന്നത്. ഇങ്ങനെ വരുന്നവ തിരക്കില്ലാത്ത ദിവസത്തെ സ്റ്റേറ്റ്മെന്റിൽ ചേർക്കുകയാണ് രീതി. വള്ളിയാങ്കാവ്, തിരുവല്ലം, അമ്പലപ്പുഴ, കൊട്ടാരക്കര, ആറൻമുള എന്നിവിടങ്ങളിലാണ് ഈ രീതിയിലുള്ള തരികിട ഏറെയും അരങ്ങേറുന്നത്.
“നാഴിയുരിപ്പാല് കൊണ്ട് നാടാകെ കല്യാണം” എന്ന രീതിയിലാണ് പാൽപ്പായസ വഴിപാട് ഉദ്യോഗസ്ഥർ നടത്തുന്നത്. അര ലിറ്റർ പാല് കൊണ്ട് മൂന്ന് വഴിപാട് നടത്തുന്നതായും ആരോപണമുണ്ട്. മൂന്ന് പാൽപ്പായസ വഴിപാടിന് 330 രൂപയാണ് ഭക്തർ ഒടുക്കേണ്ടത്. അര ലിറ്റർ പാൽ, പഞ്ചസാര, അനുബന്ധ വസ്തുക്കൾ എന്നിവ കൂടിയാകുമ്പോൾ പരമാവധി 55 രൂപ വരെ മാത്രമേ ചെലവ് ഉണ്ടാകുകയുള്ളു.
പിതൃപൂജയോ വിഷ്ണുപൂജയോ, പാൽപ്പായസം നിർബന്ധം
പിതൃപൂജ നടത്തുമ്പോൾ പാൽപ്പായസ വഴിപാട് കൂടി അടിച്ചേൽപ്പിക്കുന്നതായും ആക്ഷേപമുണ്ട്. പിതൃപൂജയ്ക്ക് 40 രൂപയാണ് നിരക്ക്. ഇത് മാത്രം നടത്തുമ്പോൾ ഒന്നും തടയില്ല. ഈ സാഹചര്യത്തിലാണ് പിതൃപൂജ – പാൽപ്പായസം എന്ന പേരിൽ ഒറ്റ രസീത് നൽകുന്നത്. അങ്ങനെ വരുമ്പോൾ പാൽപ്പായസ വഴിപാടായി 110 കൂടി ചേർത്ത് മൊത്തം 150 രൂപ ഭക്തജനങ്ങൾ ഒടുക്കണം. വിഷ്ണുപൂജയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. വിഷ്ണുപൂജയുടെ നിരക്കായ 65 രൂപയ്ക്കൊപ്പം 110 രൂപ പാൽപ്പായസ വഴിപാടായി ഭക്തർ അടക്കാൻ നിർബന്ധിതരാകുന്നു.

