ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ പഴയ കെട്ടിടം പൊളിക്കുന്നു; 140 വർഷം പഴക്കമുള്ള പള്ളിയെച്ചൊല്ലി തർക്കം

insight kerala

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും കുടുംബവും താമസിച്ചിരുന്ന മുംബൈയിലെ ഭേണ്ഡി ബസാറിലുള്ള പഴയ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിക്കാൻ ഒരുങ്ങി മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി). റോഡ് വീതികൂട്ടൽ പദ്ധതിയുടെ ഭാഗമായാണ് ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന എന്ന കെട്ടിടം പൊളിക്കുന്നത്. രണ്ടുദിവസം കൊണ്ടാണ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്.

എന്നാൽ, കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള പ്രാർഥനാ സ്ഥലം 140 വർഷം പഴക്കമുള്ള വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത പള്ളിയുടെ ഭാഗമാണെന്നാണ് പ്രദേശവാസികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വാദം. സുപ്രീംകോടതിയുടെയും വഖഫ് ട്രൈബ്യൂണലിന്റെയും സ്റ്റേ ഉത്തരവുകൾ നിലനിൽക്കുന്നതിനാൽ പൊളിക്കൽ നടപടി നിയമവിരുദ്ധമാണെന്നും ഇവർ ആരോപിക്കുന്നു. നവംബർ 16ന് പ്രാർഥനാ ഹാളിലുള്ളവരോട് കെട്ടിടം ഒഴിയാൻ ബിഎംസി നോട്ടീസ് നൽകിയിരുന്നു.

എഐഎംഐഎം നേതാവ് വാരിസ് പത്താനും കോൺഗ്രസ് എംഎൽഎ അമീൻ പട്ടേലും പൊളിക്കൽ നടപടിക്കെതിരെ രംഗത്തെത്തി. നിയമപരമായ വാദങ്ങൾ അവതരിപ്പിക്കാൻ 15 ദിവസത്തെ സമയം അനുവദിക്കണമെന്നാണ് വാരിസ് പത്താന്റെ ആവശ്യം. ആവശ്യമായ നിയമനടപടികൾ പാലിക്കാതെയാണ് ബിഎംസി കെട്ടിടം പൊളിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം, കെട്ടിടത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് 2020ൽ ബോംബെ ഹൈക്കോടതി നടപടികൾക്ക് പിന്നാലെ ബിഎംസി ഒഴിപ്പിക്കലും പൊളിക്കലും ആരംഭിച്ചിരുന്നു. ഒരുകാലത്ത് 32 വ്യാപാര സ്ഥാപനങ്ങളും 19 താമസ യൂണിറ്റുകളുമുണ്ടായിരുന്ന കെട്ടിടത്തിന്റെ ഭൂരിഭാഗവും ഇതിനകം പൊളിച്ചുനീക്കി. ദാവൂദും കുടുംബവും താമസിച്ചിരുന്ന രണ്ടാം നിലയും ഇതിൽ ഉൾപ്പെടുന്നു.

1986ൽ ഇന്ത്യ വിട്ടുപോകുന്നതുവരെ ദാവൂദ് ഇബ്രാഹിമും കുടുംബവും ഈ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ദാവൂദിന്റെ അധോലോക സംഘമായ ഡി-കമ്പനിയുടെ പ്രവർത്തനങ്ങളുമായി കെട്ടിടത്തിന് ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 1993ലെ മുംബൈ സ്ഫോടന പരമ്പരയുടെ ആസൂത്രണവുമായി ബന്ധപ്പെട്ടും കെട്ടിടം പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ദാവൂദിന്റെ കുടുംബവുമായി ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾക്ക് 1993ലെ സ്ഫോടനങ്ങൾക്കുശേഷം അധികൃതർ തുടക്കമിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജി 2018 ഏപ്രിൽ 20ന് സുപ്രീംകോടതി തള്ളിയതോടെയാണ് സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നടപടികൾക്ക് വഴിയൊരുങ്ങിയത്.

പൊളിക്കൽ നടപടിക്കിടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ബിഎംസി യോഗങ്ങളും വിളിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പള്ളി-പ്രാർഥനാ ഹാൾ തർക്കം പുതിയ പ്രതിസന്ധിയായിരിക്കുകയാണ്.

Share This Article