മുംബൈ: സോണിയ ഗാന്ധിയുടെ പുസ്തകത്തിനെതിരെ നടത്തിയ പ്രതിഷേധം ഒടുവിൽ സ്വന്തം പാർട്ടി സ്ഥാപകന്റെ ചിത്രം കീറിയ വിവാദത്തിൽ കലാശിച്ചു. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ചിത്രം അറിയാതെ കീറിയ ഷൈന എൻ.സിക്കെതിരെ ഉദ്ധവ് താക്കറെ വിഭാഗവും കോൺഗ്രസും രംഗത്തെത്തി.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്’ എന്ന പുസ്തകത്തിൽ വീർ സവർക്കറെ അപമാനിക്കുന്ന പരാമർശങ്ങളുണ്ടെന്നും ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ആരോപിച്ചാണ് ഏക്നാഥ് ഷിൻഡെ വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചത്. പുസ്തകത്തിലെ 201, 443 പേജുകളിലെ പരാമർശങ്ങൾ പിൻവലിക്കണമെന്ന് പ്രസാധകരായ ഹാർപർകോളിൻസിനോട് നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ഷൈന എൻ.സി., സഞ്ജയ് നിരുപം, ആനന്ദ് ദുബെ തുടങ്ങിയവർ പുസ്തകത്തിന്റെ പേജുകൾ കീറിയെറിഞ്ഞു.
എന്നാൽ പ്രതിഷേധത്തിനിടെ സംഭവിച്ചത് വലിയ അബദ്ധം. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ കോലം ചെരുപ്പുകൊണ്ട് അടിക്കുന്ന ബാൽ താക്കറെയുടെ ചിത്രവും ഷൈന എൻ.സി. അറിയാതെ കീറുകയായിരുന്നു. സഹപ്രവർത്തകൻ സഞ്ജയ് നിരുപം തെറ്റ് ചൂണ്ടിക്കാട്ടിയതോടെ ചിത്രം വേഗത്തിൽ കടലാസുകൾക്കിടയിൽ ഒളിപ്പിച്ചു. പിന്നീട് കീറിയത് ബാൽ താക്കറെയുടെ ചിത്രമല്ലെന്നും മണിശങ്കർ അയ്യരുടേതാണെന്നും ഷൈന എൻ.സി. വിശദീകരിച്ചു.
സംഭവം രാഷ്ട്രീയ വിവാദമായതോടെ ഉദ്ധവ് താക്കറെ വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബാൽ താക്കറെയെ അപമാനിച്ചവരെ പരസ്യമായി ശിക്ഷിക്കണമെന്ന് എം.പി. സഞ്ജയ് റാവത്ത് പ്രതികരിച്ചു. ബിഎംസി കൗൺസിൽ യോഗത്തിലും സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഷൈന എൻ.സിക്കെതിരെ മുദ്രാവാക്യം വിളിച്ച ഉദ്ധവ് വിഭാഗം കൗൺസിലർമാർ അവരെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

