എം റിജു
നവംബര്‍ 11-ന് ജമ്മു കശ്മീരിലെ കുല്‍ഗാമിലെ സിആര്‍പിഎഫ് ചെക്ക്പോസ്റ്റിന് നേരെ ആക്രമണം നടത്തിയ ഭീകരരില്‍ പ്രധാനിയും, ലഷ്കര്‍-ഇ-തൊയ്ബ കമാന്‍ഡറുമായ മുഹമ്മദ് ലത്തീഫ് ഭട്ടിനെ സുരക്ഷാസേന കൊലപ്പെടുത്തിയത് അതിസാഹസികമായി. കശ്മീര്‍ താഴ്വരയില് സജീവമായിരുന്ന അവസാനത്തെ പ്രാദേശിക ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാസേന പ്രദേശം വളഞ്ഞതോടെ സങ്കല്പോരയിലെ ഒരു പള്ളിക്കുള്ളിലാണ് ലത്തീഫ് അഭയം തേടിയത്. ആരാധനാലയത്തിന് യാതൊരുവിധ നാശനഷ്ടവും സംഭവിക്കാതിരിക്കാന്‍ സൈന്യം അതീവ സംയമനം പാലിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് കുല്‍ഗാം എസ്.എസ്.പി അനായത് അലി ചൗധരി അറിയിച്ചു.
വെറും 22വയസ്സുള്ള മുഹമ്മദ് ലത്തീഫ് ഭട്ടിനോട്, പ്രായം കണക്കിലെടുത്ത് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കുല്‍ഗാം എസ്.എസ്.പിയും 9 രാഷ്ട്രീയ റൈഫിള്‍സ് ഉദ്യോഗസ്ഥരും വീഡിയോ കോളിലൂടെയും ഉച്ചഭാഷിണിയിലൂടെയും ലത്തീഫിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ‘എനിക്ക് അല്ലാഹുവിനെ കാണണം, അല്ലാഹു മതി’ എന്ന് പറഞ്ഞ് ഇയാള്‍ അത് നിരസിച്ചു. തുടര്‍ന്ന് ഇയാള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതോടെയാണ് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലത്തീഫ് ഭട്ട് 2025 നവംബര്‍ 18-നാണ് ലഷ്കര്‍-ഇ-തൊയ്ബയില്‍ ചേര്‍ന്നത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

നവംബര്‍ 11-ന് കുല്‍ഗാമിലെ അഖ്റാനില് സിആര്‍പിഎഫ് ചെക്ക്പോസ്റ്റിന് നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഇയാള്‍. ആക്രമണത്തിന് തലേദിവസം ലത്തീഫും കൂട്ടാളി ഉമര്‍ നിസാര്‍ ദറും പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ നേരത്തെ തന്നെ കൊല്ലപ്പട്ടിട്ടുണ്ട്. കശ്മീര്‍ മേഖലയില്‍ സജീവമായിരുന്ന ലഷ്കറിന്റെ അവസാന പ്രാദേശിക ഭീകരനെയും ഇല്ലാതാക്കാന്‍ സാധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിലൂടെ പ്രതികരിച്ചു.
ഇത് അവസാനത്തെ പ്രാദേശിക ഭീകരന്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സുരക്ഷാ ഏജന്‍സികളും പറയുന്നത് ഇത് ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലെ അവസാനത്തെ പ്രാദേശിക ഭീകരന് ആണെന്നാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ പക്കലുള്ള ഔദ്യോഗിക രേഖകള്‍ പ്രകാരം കശ്മീര്‍ താഴ്വരയില് സജീവമായിരുന്ന പ്രാദേശിക യുവാക്കളുടെ പട്ടികയിലെ അവസാനത്തെ കണ്ണിയാണ് ലത്തീഫ് ഭട്ട് എന്നാണ് ഇതിനര്‍ത്ഥം. കശ്മീരിലെ പ്രാദേശിക യുവാക്കള്‍ വീടുവിട്ട് ഭീകരസംഘടനകളില്‍ ചേരുമ്പോള്‍, അവരുടെ കുടുംബങ്ങള്‍ പോലീസില്‍ ‘മിസ്സിംഗ്’ പരാതികള്‍ നല്‍കാറുണ്ട്. ഉദാഹരണത്തിന്, 2025 നവംബറില്‍ ലത്തീഫ് ഭട്ടിനെ കാണാതായപ്പോള്‍ തന്നെ പോലീസ് ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഇത്തരത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ വെച്ച് സജീവ ഭീകരരുടെ ഒരു കൃത്യമായ പട്ടിക സുരക്ഷാസേന തയ്യാറാക്കാറുണ്ട്. ഗ്രാമതലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ വിഭാഗം പ്രാദേശിക ഇന്‍ഫോര്‍മര്‍മാര്‍ എന്നിവരിലൂടെ ഏതൊക്കെ പ്രാദേശിക യുവാക്കള്‍ ആയുധമെടുത്തിട്ടുണ്ട് എന്ന് കൃത്യമായി നിരീക്ഷിക്കുന്നു.പിടിയിലാകുന്ന ഭീകരരില്‍ നിന്നും, അവര്‍ക്ക് സഹായം നല്കുന്നവരില് നിന്നും ലഭിക്കുന്ന വിവരങ്ങള്‍, ഫോണ്‍ കോളുകള്‍, സമൂഹമാധ്യമ നിരീക്ഷണം എന്നിവയിലൂടെ സംഘടനയിലുള്ള പ്രാദേശിക അംഗങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിക്കും.

നേരത്തെ പോലീസ് പുറത്തുവിട്ട നാല് പ്രാദേശിക ഭീകരരുടെ പട്ടികയില്‍ ലത്തീഫ് ഭട്ട് മാത്രമാണ് താഴ്വരയില് സജീവമായി ഉണ്ടായിരുന്നത്. ബാക്കിയുള്ള മൂന്ന് പേരും (ബിലാല്‍ അഹമ്മദ് മിര്‍, മുഹമ്മദ് ഉമര്‍ മിര്‍, ആബിദ് ഖയൂം ലോണ്‍) പാക് അധീന കശ്മീരില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ,പോലീസിന്റെ ഔദ്യോഗിക രേഖകളില്‍ പേരുള്ള അവസാനത്തെ പ്രാദേശിക ഭീകരന് കൊല്ലപ്പെട്ടു എന്ന് ഉറപ്പിക്കാം. പക്ഷേ ഇപ്പോള്‍ ഹബ്രിഡ് ഭീകരര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സാധാരണ പൗരന്മാരെപ്പോലെ ജോലി ചെയ്ത് ജീവിക്കുകയും, ഭീകരസംഘടനകളുടെ നിര്‍ദ്ദേശപ്രകാരം രഹസ്യമായി ആക്രമണങ്ങള്‍ നടത്തി വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നവരാണിവര്‍. ഇത്തരത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന, പോലീസ് രേഖകളില്‍ ഉള്‍പ്പെടാത്ത ആരെങ്കിലും ഉണ്ടോ എന്ന് നൂറു ശതമാനം ഉറപ്പിക്കുക പ്രയാസമാണ്. എന്നാലും പ്രാദേശിക യുവാക്കള്‍ ഭീകരസംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഏകദേശം പൂജ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചെങ്കിലും, അതിര്‍ത്തി കടന്നെത്തിയ വിദേശ ഭീകരര്‍ ഇപ്പോഴും കശ്മീരിലെ വനമേഖലകളിലും മറ്റും ഒളിഞ്ഞിരിപ്പുണ്ടെന്ന് സുരക്ഷാസേന തന്നെ വ്യക്തമാക്കുന്നുണ്ട്.

