ഇറാനെതിരായ സംയുക്ത ആക്രമണത്തിന് അമേരിക്കയെ പ്രേരിപ്പിച്ച് മൊസാദ് മേധാവി; ട്രംപ് ഭരണകൂടവുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

insight kerala

ഇറാനെതിരെ വീണ്ടും സംയുക്ത സൈനിക ആക്രമണം നടത്താൻ അമേരിക്കയെ പ്രേരിപ്പിച്ച് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ മേധാവി റോമൻ ഗോഫ്മാൻ. കഴിഞ്ഞയാഴ്ച അമേരിക്കൻ സന്ദർശനത്തിനിടെ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് ഗോഫ്മാൻ സംയുക്ത ആക്രമണത്തിന് പിന്തുണ തേടിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വാഷിങ്ടണിൽ വെച്ച് സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഗോഫ്മാൻ കൂടിക്കാഴ്ച നടത്തി. ഇറാനെക്കുറിച്ചുള്ള ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിവരങ്ങളും അദ്ദേഹം അമേരിക്കൻ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും ചർച്ചയിൽ ഉൾപ്പെട്ടതായാണ് സൂചന. തുടർന്ന് മയാമിയിലെത്തി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇറാനെതിരായ പുതിയ ആക്രമണ നീക്കത്തിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കാനാണ് ട്രംപിന്റെ നിലപാടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇറാനെതിരായ സാമ്പത്തിക ഉപരോധം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വലിയ സൈനിക നടപടി ആവശ്യമില്ലെന്നാണ് ട്രംപിന്റെ വിലയിരുത്തലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അധികാരം പ്രസിഡന്റിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇതിനിടെ, അമേരിക്കയുടെ സൈനിക പിന്തുണ കുറയുന്നതിന് മുമ്പ് ഇറാനെതിരെ ആക്രമണം നടത്താനുള്ള അവസരം നഷ്ടപ്പെടുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരുതുന്നതായും റിപ്പോർട്ടിലുണ്ട്. നെതന്യാഹുവിന്റെ അടുത്ത അനുയായിയും മുൻ മന്ത്രിയുമായ റോൺ ഡെർമറും അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സംയുക്ത ആക്രമണത്തിനായി സമ്മർദം ചെലുത്തിയതായാണ് വിവരം. എന്നാൽ, വീണ്ടും യുദ്ധം ആരംഭിച്ചാൽ ഗൾഫ് രാജ്യങ്ങൾക്കും മേഖലയുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയുണ്ടാകുമെന്ന ആശങ്കയിലാണ് ഗൾഫ് നേതാക്കൾ. ഇറാനെ ആക്രമിക്കരുതെന്ന് ഇവർ ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഇറാനിൽനിന്ന് അടിയന്തര ഭീഷണിയില്ലെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിലയിരുത്തലെന്നും റിപ്പോർട്ടിലുണ്ട്. ഇറാന്റെ സമ്പദ്‌വ്യവസ്ഥ സമ്മർദത്തിലാണെങ്കിലും ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നതിന് സൂചനകളില്ലെന്ന് യൂറോപ്യൻ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സൈനിക നീക്കം അമേരിക്കയ്ക്കും ഇസ്രയേലിനും എന്ത് നേട്ടമുണ്ടാക്കുമെന്ന കാര്യത്തിലും അവർ സംശയം പ്രകടിപ്പിച്ചു.

ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ഔദ്യോഗികമായി നിലനിൽക്കുന്നുണ്ടെങ്കിലും ഇരുപക്ഷവും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുകയാണ്. പുതിയ ആക്രമണം ഉണ്ടായാൽ മേഖലയെ വീണ്ടും വലിയ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയും ശക്തമാണ്.

Share This Article