അടിയന്തര സദ്യയ്ക്ക് ബീഫ് വിളമ്പാത്തതിന് വയോധികൻ്റെ പല്ല് അടിച്ചുതെറിപ്പിച്ചു; സ്ഥിരം കുറ്റവാളിയെ തൃശ്ശൂരിൽ നിന്ന് പൊക്കി ചേർത്തല പോലീസ്. മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള അടിയന്തിര സദ്യക്ക് ബീഫ് വിളമ്പാത്തതിൻ്റെ പേരിൽ ഭക്ഷണം വിളമ്പുകയായിരുന്ന വയോധികനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ചേർത്തല പോലീസ് തൃശ്ശൂരിൽ നിന്ന് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിലെ വള്ളിക്കാട്ട് കോളനിയിൽ ശ്യാംകുമാർ (ചക്രൻ ശ്യാം) (41) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ഓഗസ്റ്റ് 22-ന് പള്ളിപ്പുറം ചക്കനാട്ട് കോളനിയിൽ ശരവണൻ എന്നയാളുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന പതിനാറാം അടിയന്തരത്തോടനുബന്ധിച്ചുള്ള അത്താഴവിരുന്നിനിടെയായിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതിനിടെ പ്രതിക്ക് ചിക്കൻ കറി നൽകിയതിൽ പ്രകോപിതനായ ഇയാൾ ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയും തുടർന്ന് ഭക്ഷണം വിളമ്പുകയായിരുന്ന വയോധികൻ്റെ മുഖത്തടിക്കുകയുമായിരുന്നു. ആക്രമണത്തിൽ വയോധികൻ്റെ പല്ലുകൾ ഇളകിത്തെറിച്ചു.സംഭവത്തിനുശേഷം നാടുവിട്ട പ്രതി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
