തിരുവനന്തപുരം: 6 മാസം തികയുന്ന ദിനത്തിൽ തന്നെ യുഡിഎഫ് മന്ത്രിസഭയിൽ പൊട്ടിത്തെറി. ക്യാബിനറ്റിൽ തമ്മിലടിച്ച് മന്ത്രിമാർ . മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാർ രംഗത്തുവന്നു.മന്ത്രിമാരായ സണ്ണി ജോസഫും എ പി അനിൽകുമാറും ഉൾപ്പെടെയുള്ളവർ അതിരൂക്ഷ വിമർശനമാണ് നടത്തിയത്. പിഎസ്‌സി അംഗങ്ങളുടെ പട്ടികയെ ചൊല്ലിയും ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനങ്ങളെ ചൊല്ലിയും ആണ് വിമർശനം ഉയർന്നത്.
ഈ പട്ടിക എവിടെനിന്നാണ് വന്നത് എന്നും ആരാണ് തയ്യാറാക്കിയത് എന്നും മന്ത്രിമാർ ചോദിച്ചു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മാത്രം കാര്യങ്ങൾ തീരുമാനിക്കുന്നു. പാർട്ടിയിൽ ആയാലും സർക്കാരിൽ ആയാലും മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുന്നു എന്ന രൂക്ഷ വിമർശനമാണ് മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ നടത്തിയത്. ഗുരുവായൂർ ദേവസ്വം ബോർഡിൽ നിയമന പട്ടിക തയ്യാറാക്കുമ്പോൾ മന്ത്രിസഭയിലെ ഹിന്ദു സമുദായത്തിൽപ്പെട്ട മന്ത്രിമാർ എല്ലാം ഒപ്പുവയ്ക്കണമെന്നാണ് നിയമം. എന്നാൽ മന്ത്രി കെ എ തുളസി ഒഴികെ മറ്റാരും ഒപ്പു വച്ചിട്ടില്ല. എങ്ങനെയാണ് ഇങ്ങനെ ഒരു പട്ടിക ഉണ്ടായത് എന്ന മന്ത്രിമാർ ചോദിച്ചു. പിഎസ്സി നിയമന പട്ടികയും എങ്ങനെ തയ്യാറാക്കി എന്ന് മന്ത്രിമാർ ചോദിച്ചു. എന്നാൽ എത്രയും വേഗം തീരുമാനമെടുക്കണം എന്നാണ് നിലപാടാണ് മുഖ്യമന്ത്രി യോഗത്തിൽ സ്വീകരിച്ചത്.
സർക്കാർ അധികാരത്തിൽ വന്ന് ആറുമാസം പിന്നിടുമ്പോൾ അതൊരു രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രിക്ക് നേരെ മന്ത്രിമാർ ഉന്നയിക്കുന്നത്. അധികാരത്തിലേറിയ നാൾ മുതൽ സർക്കാരിലും മന്ത്രിസഭയിലും പാർട്ടിയിലും മുഖ്യമന്ത്രി ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നു എന്ന വിമർശനം ഉണ്ട്. പലതും ഒളിഞ്ഞും തെളിഞ്ഞും പുറത്തുവന്നിരുന്നു. വൈദ്യുതി കരാറിൽ അടക്കം മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയുടെ നിലപാട് തള്ളി പരസ്യമായാണ് രംഗത്ത് വന്നത്.
യുഡിഎഫിലും കോൺഗ്രസിലും ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് പിന്നാലെയാണ് ഇപ്പോൾ മന്ത്രിസഭയിലും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

