തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിൽ സമരം ഇരിക്കുന്ന LPST ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ തീരുമാനം വൈകും. ഇന്ന് മന്ത്രിസഭാ യോഗത്തിൽ വിഷയം മുഖ്യമന്ത്രിക്ക് മുന്നിലെത്തിയപ്പോൾ ധനവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചു. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കണമെന്നതായിരുന്നു ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം. നിലവിൽ 1:30 എന്നതാണ് സർക്കാർ സ്കൂളിലെ അധ്യാപക വിദ്യാർത്ഥി അനുവാദം. എന്നാൽ വിദ്യാർത്ഥികൾ കൊഴിഞ്ഞുപോകുന്ന സ്കൂളുകളിൽ ഇത് 1:25 ആകണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. ഇത് അംഗീകരിച്ചാൽ പ്രതിവർഷം 46 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് ധനമന്ത്രിയായ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു. മാത്രവുമല്ല അധ്യാപക വിദ്യാർത്ഥി അനുപാത്രം കുറയ്ക്കുകയാണെങ്കിൽ എയ്ഡ് സ്കൂൾ മാനേജ്മെന്റുകൾ കോടതിയെ സമീപിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. മറ്റ് റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്നോട്ടുവന്നാൽ കൂടുതൽ നിയമക്കുരുക്കിനിടയാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം സമരക്കാരുടെ മറ്റൊരു ആവശ്യമായ പ്രധാന അധ്യാപകരുടെ ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ മറ്റ് അധ്യാപകരെ നിയമിക്കുന്നത് പിഎസ്സി റാങ്ക് പട്ടികയിൽ നിന്നാക്കി മാറ്റുന്നത് അംഗീകരിച്ചു. 150 വിദ്യാർഥികളിൽ അധികമുള്ള സ്കൂളുകളിൽ പ്രധാന അധ്യാപകർ പഠിപ്പിക്കേണ്ടതില്ല എന്നാണ് സർക്കാറിന്റെ തീരുമാനം. ഇതിനു പകരം മറ്റ് അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയാണ് പതിവ്. ഇതുമാറ്റി പിഎസ്സി റാങ്ക് പട്ടികയിൽ നിന്ന് അധ്യാപകരെ നിയമിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ഇക്കാര്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
എന്നാൽ അനുവാദം കുറയ്ക്കുന്ന കാര്യത്തിൽ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് സമരക്കാരുടെ തീരുമാനം. സമരസമിതി നേതാവ് വളർമതി ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തുകയാണ്. ശേഷം തുടർ തീരുമാനം ഉണ്ടാകും.

