എം റിജു
ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ഇന്സെപ്ഷന് അവസാനിക്കുന്നത് ഓര്‍മ്മയില്ലേ. നായകന് കോബ് (ലിയനാര്‍ഡോ ഡികാപ്രിയോ) കറക്കിവിടുന്ന പമ്പരം വീഴുമോ അതോ കറങ്ങിക്കൊണ്ടിരിക്കുമോ എന്ന് കാണിക്കാതെയാണ് സിനിമ അവസാനിക്കുന്നത്. ഓപ്പണ്‍ എന്‍ഡിങ്ങ് എന്ന് വിളിക്കുന്ന ചിത്രത്തിന്റെ നിഗൂഢതകള്‍ പ്രേക്ഷകന് വിട്ടുതരുന്ന രീതി പിന്നീട് ലോക സിനിമക്ക് പുതുമയില്ലാത്തതായി. ‘ഷട്ടര്‍ ഐലന്‍ഡ്’ എന്ന വിഖ്യാത ചിത്രത്തിലും നായകനായ ടെഡ്ഡി ഡാനിയല്‍സിന് താന്‍ ആരാണെന്ന സത്യം ശരിക്കും മനസ്സിലായോ, അതോ മനസ്സിലായിട്ടും അറിഞ്ഞുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാവുകയാണോ എന്നതും പ്രേക്ഷകരുടെ വ്യാഖ്യാനത്തിന് വിട്ടിരിക്കുകയാണ്. അങ്ങനെ ഒരുപാട് ഓപ്പണ്‍ എന്‍ഡിങ്ങ് സിനിമകള്‍ ലോകം കണ്ടു.
മലയാള സിനിമ പരീക്ഷണങ്ങളുടെ പുതിയ പാതകളിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ഹൊറര്‍, മിസ്റ്ററി ത്രില്ലര്‍ വിഭാഗങ്ങളില്‍ വ്യത്യസ്തമായ ആഖ്യാനശൈലികള്‍ പരീക്ഷിക്കാന്‍ പുതിയ തലമുറയിലെ സംവിധായകര്‍ മുന്നോട്ടുവരുന്നു. അതില്‍ തെറ്റില്ല. പക്ഷേ ഇപ്പോള്‍ പുറത്തിറങ്ങിയ ‘ഭൗമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് പരീക്ഷണത്വരയുടെ അതിപ്രസരമായാണ് അനുഭവപ്പെട്ടത്. അതുവരെ കൊണ്ടുവന്ന ബില്‍ഡപ്പ് ഒറ്റയിടിക്ക് കുടമുടച്ചപോലെ. അവസാനം പ്രേക്ഷകന് കിളിപാറണം എന്ന മൂന്വധിയോടെ വിദേശ സിനിമകളുടെ മാതൃകകളെ അന്ധമായി അനുകരിച്ചത് മാത്രമാണ് ഈ ചിത്രത്തോടുള്ള ഏക വിയോജിപ്പ്.

ക്ലൈമാക്സിലെ ഈ കല്ലുകടി ഒഴിവാക്കിയാല്‍, തീര്‍ത്തും വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവമാണ് ഭൗമ. ‘പെന്‍ഡുലം’ എന്ന സിനിമയെടുത്ത് റെജിന്‍ എസ്. ബാബുവിന്റെ പുതിയ പടം മേക്കിങ്ങില്‍ മനോഹരമാണ്. വ്യത്യസ്തമായ സിനിമകളെ സ്നേഹിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്.
ഞെട്ടിക്കുന്ന പ്രമേയം
മലയാള സിനിമ അധികം കാണാത്ത ഹൊറര്‍- ത്രില്ലര്‍ എക്സ്പീരിയന്‍സാണിത്. ടി ഡി രാമകൃഷ്ണന്റെ വിഖ്യാത നോവലായ ഫ്രാന്‍സിസ് ഇട്ടിക്കോരയില്നിന്ന് പ്രചോദനം ഉള്ക്കൊണ്ടെന്നോമാണ് ചിത്രത്തിന്റെ പ്രമേയം. നരമാസഭോജനവും, സാത്താന് സേവയുമടക്കമുള്ള കാര്യങ്ങള്‍ ചിത്രത്തില്‍ വരുന്നു.
പീരുമേട്ടിലെ കാടിന് നടുവിലുള്ള ‘റോസ് വില്ല’ എന്നൊരു പഴയ ബംഗ്ലാവും, അവിടെ നടക്കുന്ന കുറച്ച് ദുരൂഹമായ സംഭവങ്ങളുമാണ് പടത്തിന്റെ മെയിന്‍ ത്രെഡ്. പണമില്ലാതെ കഷ്ടപ്പെടുന്ന കപ്പിള്‍സാണ് ജേക്കബും (സാഗര്‍ സൂര്യ) സെലിനും (രേവതി ശര്‍മ്മ). അനാഥയായ സെലിന് പെട്ടെന്നൊരു ദിവസം പീരുമേട്ടിലെ ഈ കോടികള്‍ വിലമതിക്കുന്ന തറവാട് വീടിന്റെ അവകാശം കിട്ടുന്നു. അത് വിറ്റ് കാശാക്കി വിദേശത്തേക്ക് പറക്കാന്‍ അവര്‍ അങ്ങോട്ട് വണ്ടി കയറുന്നു. മറുവശത്ത്, ഈ ബംഗ്ലാവുമായി ബന്ധപ്പെട്ട് രണ്ട് കാലഘട്ടങ്ങളില്‍ നടക്കുന്ന രണ്ട് പോലീസ് അന്വേഷണങ്ങളും! ബ്ലാക്ക് മാജിക്, ഒക്കള്‍ട്ട് , ഗോത്തിക് ഹൊറര്‍ എന്നൊക്കെയുള്ള രീതിയില്‍ കഥയങ്ങോട്ട് വികസിക്കയാണ്. അത് കണ്ടുതന്നെ അറിയുക.
ടെക്കിനിക്കല്‍ സൈഡിലേക്കുവരുമ്പോള് ചിത്രം സൂപ്പറാണ്. ആദ്യഷോട്ടുമുതല്‍ നാം സിനിമയില്‍ കുടുങ്ങിപ്പോവും. പീരുമേട്ടിലെ നിഗൂഢമായ കാടും, പഴയകാല പ്രൗഢിയുള്ള റോസ് വില്ല ബംഗ്ലാവും അതിന്റെ പൂര്‍ണ്ണമായ ഭയാനകതയോടെ ഒപ്പിയെടുക്കാന്‍ ശരണ്വേലായുധന്റെ ക്യാമറയ്ക്ക് സാധിച്ചു. പ്രേക്ഷകരില്‍ ആകാംക്ഷയും ഭയവും നിറയ്ക്കുന്നതില്‍ പശ്ചാത്തല സംഗീതവും ശബ്ദമിശ്രണവും നിര്‍ണ്ണായക പങ്കുവഹിച്ചു. ക്രിസ്റ്റോ സേവ്യറിന്റെ ബിജിഎം ചിത്രത്തിന്റെ മൂഡിന് ചേര്‍ന്നതാണ്.
വിനീതും ദിലീഷും
സാങ്കേതിക മികവിനൊപ്പം തന്നെ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനങ്ങളും ഗംഭീരമാണ്. നടന് വിനീതിന്റെ പക്വതയാര്‍ന്ന അഭിനയവും, നായിക രേവതി ശര്‍മ്മയുടെ ശ്രദ്ധേയമായ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി മാറുന്നത്.
മലയാള സിനിമയില്‍ പതിറ്റാണ്ടുകളുടെ അഭിനയ പാരമ്പര്യമുള്ള വിനീത്, ‘ഭൗമ’യിലെ സാമുവല്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി മാറ്റിയിരിക്കുന്നു. ചിത്രത്തിന്റെ നിഗൂഢത നിലനിര്‍ത്തുന്നതില്‍ വിനീതിന്റെ സ്ക്രീന്‍ പ്രസന്‍സ് വലിയൊരു പങ്കുവഹിക്കുന്നുണ്ട്. തന്റെ ശബ്ദഗാംഭീര്യവും സൂക്ഷ്മമായ ഭാവമാറ്റങ്ങളും കൊണ്ട് കഥാപാത്രത്തിന് കൃത്യമായ ആഴം നല്കാന് അദ്ദേഹത്തിന് സാധിച്ചു.
അതിഭാവുകത്വങ്ങളില്ലാതെ, കണ്ണുകളിലൂടെയും ശരീരഭാഷയിലൂടെയും പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്ന പ്രകടനമാണ് വിനീത് കാഴ്ചവെച്ചത്. ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത എത്രയോ ഭാവങ്ങള്‍ തന്നിലുണ്ടെന്ന് വിനീത് തെളിയിക്കുന്നു. നേരത്തെ എക്കോ എന്ന സിനിമയിലും അതിഗംഭീരമായ പ്രകടനമാണ് വിനീതിന്റെത്.

അതുപോലെ ദിലീഷ് പോത്തന്. ‘റോന്തി’ലൊക്കെ ഇതുപോലുള്ള പൊലീസ് വേഷങ്ങള്‍ പൊളിച്ചടുക്കിയ പോത്തന് വെല്ലുവിളിയായ ഒരു കഥാപാത്രമെന്നുമല്ല, ഭൗമയുടേത്. ഈശോ മാത്യു എന്ന പോലീസ് ഓഫീസറായി ദിലീഷ് പോത്തന് പതിവുപോലെ തകര്‍ത്തിട്ടുണ്ട്. കൈയടക്കത്തോടെ, ഇരുത്തം വന്നരീതിയില് ദിലീഷ് പോത്തന് ആ കഥാപാത്രത്തെ ഡെലിവര്‍ ചെയ്യുന്നു. സെലിന് എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ രേവതി ശര്‍മ്മ ശരിക്കും ഭാവിയുള്ള നടിയാണ്. സെലിനും സാഗര്സൂര്യയുമായുള്ള കെമിസ്ട്രിയും ചിത്രത്തില്‍ നന്നായി വര്‍ക്കൗട്ടാവുന്നുണ്ട്. സംവിധായകനും നടനുമായ മധുപാല്‍ ചിത്രത്തില്‍ ‘മാത്യൂസ്’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ നിഗൂഢതയും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മധുപാലിന് സാധിച്ചു.
ചിത്രത്തിലെ മറ്റ് സ്ത്രീ കഥാപാത്രങ്ങള്‍ക്കും കഥയില്‍ കൃത്യമായ ഇടം ലഭിച്ചിട്ടുണ്ട്. ലെന, ജെസ്സി എന്ന കഥാപാത്രത്തെ പതിവുപോലെ തന്മയത്വത്തോടെ അവതരിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തിയ അതിഥി ബാലന്, തന്റെ ചെറിയ വേഷത്തിലും ശക്തമായ സാന്നിധ്യം അറിയിച്ചു. റോസ് വില്ലയുടെ ഭൂതകാലവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ‘റോസ്’ (മോക്ഷ), ‘ബത്ഷെബ’ (മെറിന് ഫിലിപ്പ്) എന്നീ കഥാപാത്രങ്ങള്‍ ചിത്രത്തിന്റെ ഗോത്തിക് ഹൊറര്‍ സ്വഭാവത്തിന് കൂടുതല്‍ ആഴം നല്കി. രഘുനാഥ് പലേരി, ജാഫര്‍ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടന് എന്നിങ്ങനെ ഏതാനും സീനുകളില്‍ അഭിനയച്ചവര്ക്കുപോലുമുണ്ട് ഒരു ചാരുത.
‘ഭയത്തിന്റെ മറ്റൊരു പേര്’ എന്നൊക്കെയാണ് ടാഗ്ലൈന്. പക്ഷേ തിയേറ്ററില്‍ അങ്ങനെ ഞെട്ടാനൊന്നുമില്ല. സ്ഥിരം കണ്ടുമടുത്ത പ്രേതബംഗ്ലാവ് ക്ലീഷേകള്‍ ഒന്നുമാറ്റിപ്പിടിക്കാമായിരുന്നുവെന്ന് തോന്നി. ഇത് എത്രം തവണയാണ് ഈ മോഡല്‍ കാണുന്നത്. ‘ഹെറെഡിറ്ററി’, ‘ഗെറ്റ് ഔട്ട്’ തുടങ്ങിയ ഹോളിവുഡ് പടങ്ങളുടെയൊക്കെ ഒരു മിക്സ് പോലെ തോന്നും പല സീനുകളും കാണുമ്പോള്‍. ക്ലൈമാക്സിലാവട്ടെ ആകെ കലമുടച്ചതുപോലെയായി.
സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് അമ്പരന്നു നില്‍ക്കണം, അല്ലെങ്കില്‍ ‘കിളി പറന്ന’ അവസ്ഥയിലാകണം എന്ന മുന്‍വിധിയോടെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്ന് തോന്നിപ്പോകും. കഥയുടെ യുക്തിഭദ്രമായ പര്യവസാനത്തേക്കാള്, പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്ന ക്ലൈമാക്സുകള്‍ സൃഷ്ടിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. രണ്ടാം ഭാഗത്തിലേക്കുള്ള വാതില്‍ തുറന്നിടാന്‍ വേണ്ടി മാത്രം ഒന്നാം ഭാഗത്തിന്റെ ക്ലൈമാക്സിനെ അപൂര്‍ണ്ണമാക്കി നിര്‍ത്തുന്നത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നു.
പ്രേക്ഷകര്‍ ചിന്തിച്ച് കണ്ടുപിടിക്കുന്നതിന് പകരം, ‘എക്കോ’ സിനിമയൊക്കെ കാണിച്ചപോലെ, കൃത്യമായ സൂചനയിലൂടെ അവസാനിച്ചിരുന്നെങ്കില്‍ ഇതിലും വലിയ കോമേര്‍ഷ്യല്‍ വിജയമാവുമായിന്നു ഭൗമ.
വാല്‍ക്കഷ്ണം: പ്രേക്ഷകരുടെ ഈ സംശയങ്ങള്‍ക്കെല്ലാം ഉത്തരമായി അണിയറപ്രവര്‍ത്തകര്‍ ‘ഭൗമ 2’ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ അവശേഷിപ്പിച്ച നിഗൂഢതകളുടെ ചുരുളഴിയുന്നതും, റോസ് വില്ലയുടെ യഥാര്‍ത്ഥ അധിപന് ആരാണെന്ന് വ്യക്തമാകുന്നതും രണ്ടാം ഭാഗത്തിലായിരിക്കും!

