ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിക്ക് അഞ്ച് വർഷത്തിലധികം തടവ്; സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവ്

insight kerala

ടെഹ്റാൻ: വിഖ്യാത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹിക്ക് അഞ്ച് വർഷവും ഒരു മാസവും തടവുശിക്ഷ വിധിച്ച് ടെഹ്റാനിലെ വിപ്ലവ കോടതി. അദ്ദേഹത്തിന്റെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഇതിനുപുറമെ രണ്ട് വർഷത്തേക്ക് ഇറാൻ വിട്ടുപോകുന്നതിനും സമൂഹമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

2025-ലും പനാഹിക്ക് ഒരു വർഷത്തെ തടവും രണ്ട് വർഷത്തെ യാത്രാവിലക്കും കോടതി വിധിച്ചിരുന്നു. ചലച്ചിത്ര നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു നിയമനടപടിയും നിലവിൽ പുരോഗമിക്കുകയാണ്.

സിനിമാ പ്രവർത്തനങ്ങളുടെ പേരിൽ നിരവധി തവണ അറസ്റ്റിലാകുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടും തന്റെ കലാപ്രവർത്തനങ്ങൾ തുടരുകയാണ് ജാഫർ പനാഹി. കടുത്ത നിയന്ത്രണങ്ങളും പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടിവന്നിട്ടും രാജ്യം വിട്ട് പ്രവാസജീവിതം തിരഞ്ഞെടുക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. സ്വന്തം രാജ്യത്തും സിനിമാ പ്രവർത്തകർക്കൊപ്പവും തുടരണമെന്നും സ്വതന്ത്രമായി സിനിമ ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

1995-ൽ പുറത്തിറങ്ങിയ ദി വൈറ്റ് ബലൂൺ എന്ന ചിത്രത്തിലൂടെ കാൻ ചലച്ചിത്രമേളയിൽ ശ്രദ്ധേയനായ പനാഹിയുടെ സിനിമകൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. 1995-ൽ ഈ ചിത്രത്തിന് കാമറ ദ് ഓർ പുരസ്കാരം ലഭിച്ചു. 2003-ൽ ക്രിംസൺ ഗോൾഡ് എന്ന ചിത്രത്തിന് അൺ സെർട്ടൻ റിഗാർഡ് വിഭാഗത്തിൽ ജൂറി പുരസ്കാരം ലഭിച്ചു. 2018-ൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ത്രീ ഫേസസ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും നേടി.

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുമായും അടുത്ത ബന്ധമുള്ള സംവിധായകനാണ് ജാഫർ പനാഹി. 2007-ൽ തിരുവനന്തപുരത്ത് നടന്ന 12-ാമത് IFFK-യിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.

2010-ൽ ഇറാനിൽ തടവിലായിരിക്കെ കാൻ ചലച്ചിത്രമേളയുടെ ജൂറി അംഗമായി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. എന്നാൽ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹത്തിനായി നീക്കിവെച്ച ഇരിപ്പിടം ഒഴിഞ്ഞുകിടന്നു. പതിനഞ്ച് വർഷങ്ങൾക്കുശേഷം, 2025-ൽ ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് എന്ന ചിത്രത്തിന് പാം ദോർ പുരസ്കാരം ഏറ്റുവാങ്ങാൻ പനാഹി കാൻ വേദിയിലെത്തി. സർഗാത്മക സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി അദ്ദേഹം നടത്തിയ ദീർഘകാല പോരാട്ടത്തിനുള്ള അംഗീകാരമായിരുന്നു ഈ പുരസ്കാരം. 2025 ലെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് പ്രദർശിപ്പിച്ചിരുന്നു.

പനാഹിക്കെതിരായ നിയമനടപടികളെ ശക്തമായി അപലപിച്ച് കാൻ ചലച്ചിത്രമേള രംഗത്തെത്തിയിട്ടുണ്ട്. യാത്ര ചെയ്യാനും സിനിമകൾ സൃഷ്ടിക്കാനും സ്വന്തം ആശയങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ അവകാശത്തെ തടയുന്ന എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് മേള ആവശ്യപ്പെട്ടു.

ലോകമെമ്പാടുമുള്ള കലാകാരന്മാരുടെയും ചലച്ചിത്രമേളകളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നിലപാടിനൊപ്പം അന്താരാഷ്ട്ര സമൂഹവും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹത്തിന്റെ തടവ് ഒഴിവാക്കാൻ ഇടപെടണമെന്നും കാൻ ചലച്ചിത്രമേള അഭ്യർഥിച്ചു.

ഒരു സംവിധായകന്റെ മാത്രം സ്വാതന്ത്ര്യപ്രശ്നമല്ലിത്; ചിന്തിക്കാനും സൃഷ്ടിക്കാനും സ്വന്തം ആശയങ്ങൾ ഭയമില്ലാതെ പ്രകടിപ്പിക്കാനുമുള്ള ലോകത്തെ മുഴുവൻ കലാകാരന്മാരുടെയും അവകാശത്തിന്റെ പ്രശ്നമാണിത്.

കലാപ്രവർത്തനത്തിന്റെയോ ആശയങ്ങളുടെയോ ആവിഷ്കാരത്തിന്റെയോ പേരിൽ ഇറാനിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ഒരു കലാകാരനും തടവിലാക്കപ്പെടരുത് എന്ന ശക്തമായ സന്ദേശത്തോടെയാണ് കാൻ ചലച്ചിത്രമേളയുടെ പ്രതികരണം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇറാൻ ഭരണകൂടത്തിന്റെ നിരന്തര നടപടികൾ നേരിടുന്ന സംവിധായകനാണ് ജാഫർ പനാഹി. 2010-ൽ സിനിമ നിർമ്മിക്കാനും മാധ്യമങ്ങളോട് സംസാരിക്കാനും വിദേശയാത്ര നടത്താനും വിലക്കേർപ്പെടുത്തിയെങ്കിലും രഹസ്യമായി സിനിമകൾ തുടർന്നു. 2022-ൽ വീണ്ടും അറസ്റ്റിലായ അദ്ദേഹം ഏഴ് മാസത്തോളം തടവിൽ കഴിഞ്ഞ ശേഷമാണ് മോചിതനായത്. കഴിഞ്ഞ ഏപ്രിലിൽ വിദേശതുനിന്നും ഇറാനിലേക്ക് മടങ്ങിയെത്തിയ പനാഹിയെ ഇറാനിയൻ ഭരണകൂടം തടവിലാക്കുകയായിരുന്നു.

insight kerala
Share This Article