കുർണൂൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദിയുടെ സ്മരണയ്ക്കായി ആന്ധ്രാപ്രദേശിൽ ക്ഷേത്രം നിർമിക്കുന്നു. കുർണൂൽ ജില്ലയിലെ യെമ്മിഗനൂർ മണ്ഡലത്തിലെ ഗുഡിക്കൽ ഗ്രാമത്തിലാണ് ക്ഷേത്രം നിർമിക്കുന്നത്. മാത്താശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ക്ഷേത്രനിർമാണ പദ്ധതിയുടെ തറക്കല്ലിടൽ ഞായറാഴ്ച അഡോണി എംഎൽഎ പി.വി. പാർഥസാരഥി നിർവഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സ്ഥലത്ത് ഗോശാല നിർമിക്കും. അതിനുശേഷമായിരിക്കും ഹീരാബെൻ മോദിക്കായി ക്ഷേത്രം നിർമിക്കുക. ഇതിനായി ഗുഡിക്കൽ ഗ്രാമത്തിൽ 14 സെന്റ് സ്ഥലം ട്രസ്റ്റ് മാറ്റിവെച്ചിട്ടുണ്ട്.
നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വളർത്തിയ അമ്മയെന്ന നിലയിൽ ഹീരാബെൻ മോദിയുടെ സംഭാവനകളെ ആദരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ട്രസ്റ്റ് പ്രതിനിധികൾ അറിയിച്ചു.
രാജ്യത്തെ പരമോന്നത പദവിയിലെത്തിയ ഒരു നേതാവിനെ വളർത്തിയ അമ്മയെന്ന നിലയിൽ ഹീരാബെൻ മോദിക്ക് സമൂഹത്തിന്റെ ഓർമയിൽ പ്രത്യേക സ്ഥാനമുണ്ടാകണമെന്നും അവർ അർഹിക്കുന്ന ആദരവ് നൽകണമെന്നും ട്രസ്റ്റ് പ്രതിനിധികൾ വ്യക്തമാക്കി.

