ചൈനയിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യാത്രാവിമാനം പൈലറ്റുമാരുമായി ആദ്യമായി പരീക്ഷണ പറക്കൽ നടത്തി. 19 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന CE-25A എന്ന വിമാനമാണ് വിജയകരമായി പറന്നത്. ചൈനയുടെ ഇലക്ട്രിക് വിമാന വികസന മേഖലയിലെ സുപ്രധാന നേട്ടമാണിത്.
ശനിയാഴ്ച ഷാൻഡോങ് പ്രവിശ്യയിലെ ബിൻഷൗവിലായിരുന്നു പരീക്ഷണ പറക്കൽ. രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറും വിമാനത്തിലുണ്ടായിരുന്നു. വിമാനം പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തനക്ഷമത കൈവരിച്ചതായി ചൈന കൊമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ (COMAC) അറിയിച്ചു.
നഗരങ്ങൾക്കിടയിൽ ഹ്രസ്വദൂര യാത്രകൾക്കായാണ് ഈ വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമാവധി 19 യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാം. മണിക്കൂറിൽ 300 കിലോമീറ്ററാണ് പരമാവധി യാത്രാവേഗം. ഒറ്റത്തവണ ചാർജ് ഉപയോഗിച്ച് 400 കിലോമീറ്റർ വരെ സഞ്ചരിക്കാനും കഴിയും.
2026 ഫെബ്രുവരി രണ്ടിനാണ് ഈ വിമാനം ആദ്യമായി പരീക്ഷണ പറക്കൽ നടത്തിയത്. അന്ന് പൈലറ്റുമാരില്ലാതെ സ്വയം നിയന്ത്രിത സംവിധാനത്തിലൂടെയായിരുന്നു പറക്കൽ. പിന്നീട് 19 തവണ ആളില്ലാ പരീക്ഷണ പറക്കലുകൾ നടത്തി. ഇതിന് ശേഷമാണ് പൈലറ്റുമാരെ ഉൾപ്പെടുത്തിയുള്ള പരീക്ഷണം നടത്തിയത്. ചൈനയുടെ ആദ്യ വാണിജ്യ ഇലക്ട്രിക് വിമാനമാണിത്. ബാറ്ററി നിർമാതാക്കളായ CATL, ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വിമാനം വികസിപ്പിച്ചത്.
അതേസമയം, വിമാനത്തിന് വാണിജ്യ സർവീസ് നടത്താനുള്ള അനുമതി ലഭിച്ചിട്ടില്ല. ഇതിനാവശ്യമായ സർട്ടിഫിക്കേഷൻ നടപടികൾ പുരോഗമിക്കുകയാണ്. സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ ചൈനയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതോടെ ഭാവിയിൽ ഹ്രസ്വദൂര യാത്രകൾക്ക് ഇലക്ട്രിക് വിമാനങ്ങൾ ഉപയോഗിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് ലഭിച്ചിരിക്കുകയാണ്.

