തിരുവനന്തപുരം: എസ്.എം.എ ബാധിതർക്കുള്ള റിസ്ഡിപ്ലാം സൗജന്യമരുന്ന് എല്ലാ ജില്ലകളിലെയും മെഡിക്കൽ കോളേജുകൾ വഴി ലഭ്യമാക്കാൻ സർക്കാർ. ഇതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിൽ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ എസ്.എം.എ ക്ലിനിക്കുകൾ വഴി മാത്രമാണ് സൗജന്യമരുന്ന് വിതരണം ചെയ്യുന്നത്. മരുന്നിനായി ദൂരയാത്ര ചെയ്യേണ്ടിവരുന്ന രക്ഷിതാക്കളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് എല്ലാ മെഡിക്കൽ കോളേജുകളിലും മരുന്ന് ലഭ്യമാക്കുന്നത്. നിലവിൽ 12 വയസ്സുവരെയുള്ളവർക്കാണ് സൗജന്യമരുന്ന് ലഭിക്കുന്നത്. പ്രായപരിധി ഒഴിവാക്കി അർഹരായ എല്ലാ രോഗികൾക്കും മരുന്ന് ലഭ്യമാക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.
