തിരുവനന്തപുരം: ചിറയിന്‍കീഴ് കൈയ്യാങ്കളി വിവാദത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത് നേതാക്കളെ കോൺഗ്രസ് തിരിച്ചെടുത്തു. കെപിസിസി അംഗം പാളയം പ്രദീപ്, ചിറയിന്‍കീഴ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്. സജാദ് എന്നിവരെയാണ് തിരിച്ചെടുത്തത്. രമ്യ ഹരിദാസ് പങ്കാളിയായ സംഭവത്തിലെ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായാണ് നടപടി. സജാദ് അടക്കമുള്ളവർക്കെതിരെ രമ്യാ ഹരിദാസ് നൽകിയ പരാതി പിന്‍വലിക്കാനും ധാരണയായിട്ടുണ്ട്.
പാർട്ടിക്കേറെ നാണക്കേടുണ്ടായ സംഭവമായിരുന്നു ചിറയിന്‍കീഴിലെ തമ്മിലടി. പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാളയം പ്രദീപിനെയും എസ്. സജാദിനെയും പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. വിഷയത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം
കോണ്‍ഗ്രസിന് നാണക്കേടായ കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ 14 പേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. കോണ്‍ഗ്രസ് ജനപ്രതിനിധികളും നേതാക്കളുമായ സജിത്ത് മുട്ടപ്പലം, സജാദ്, ബിനോയി, അധീഷ്, വിശ്വനാഥ്, സജേഷ് എന്നിവരുടെ പേരിലും കണ്ടാലറിയാവുന്ന എട്ടുപേരുടെ പേരിലുമായിരുന്നു കേസ്. എംഎല്‍എയെ ആക്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി സംരക്ഷണ നിയമ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയായിരുന്നു കേസ്.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ രമ്യാ ഹരിദാസ് എംഎല്‍എയുടെ അനുയായി പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. പ്രദീപ് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സജാദ് വാട്സാപ്പ് കൂട്ടായ്മയില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് എംഎല്‍എ വെള്ളിയാഴ്ച രാത്രി പത്തോടെ പാളയം പ്രദീപ് അടക്കമുള്ള വരെയും കൂട്ടി സജാദിന്റെ കടയിലെത്തി.
വീട്ടിലിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് സജാദിനെയും കൂട്ടി വീട്ടിലെത്തി. ജില്ലാ പഞ്ചായത്തംഗം സജിത് മുട്ടപ്പലം അടക്കമുള്ളവരും സ്ഥലത്തെത്തി. തര്‍ക്കം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇരുകൂട്ടരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പിന്നീട് പങ്കുവെക്കുകയായിരുന്നു.

