തിരുവനന്തപുരം: അഗസ്ത്യം കളരിയുടെ 130-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അഗസ്ത്യം കളരി ഫെസ്റ്റ് രണ്ട് ലോക റെക്കോർഡ് നേട്ടങ്ങൾക്ക് ലക്ഷ്യമിട്ട് ശ്രദ്ധേയമായി.
750-ലധികം കളരി അഭ്യാസികൾ ഒരുമിച്ചണിനിരന്ന മാസ് കളരിപ്പയറ്റ് പ്രകടനവും 100 അഭ്യാസികൾ ഒരേസമയം ഉറുമി വീശിയ പ്രകടനവുമാണ് അഗസ്ത്യത്ത റെക്കോർഡ് സാധ്യതകളിലേക്ക് അടുപ്പിച്ചത്.

പ്രിൻസ് ആദിത്യവർമ്മ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അഡ്വാൻസ്ഡ് കളരി ടി ടി സി, വനിതകൾക്കു മാത്രമായുള്ള ശക്തി ടി.ടി.സി,പരമ്പരാഗത ക്ലാസിക്കൽ അമ്പെയ്ത്ത്, വാരിയർ യോഗ,കുതിരയോട്ടം എന്നീ പുതിയ കോഴ്സുകളുടെ ഉദ്ഘാടനം എ.ഡി.ജി.പി. പി. വിജയൻ നിർവഹിച്ചു.
മേജർ ജനറൽ കപിൽ റാണ, കേരള ഗവർണറുടെ സെക്രട്ടറി കെ.വാസുകി ഐ എ എസ് തുടങ്ങിയവർ ഫെസ്റ്റിന് ആശംസകൾ നേർന്നു.

കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്, ആയുധാഭ്യാസ പ്രകടനങ്ങൾ, സിലമ്പം അവതരണം എന്നിവയും ഫെസ്റ്റിൽ അരങ്ങേറി. പരമ്പരാഗത അമ്പെയ്ത്തും സിലമ്പവും പരിചയപ്പെടാനുള്ള അവസരവും ഒരുക്കിയിരുന്നു. മൂവായിരത്തിലധികം പേർ പങ്കെടുത്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ നോളജ് സിസ്റ്റംസ് (ഐ.കെ.എസ്) ഡിവിഷന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കളരി പരിശീലന ഗവേഷണ സ്ഥാപനമാണ് അഗസ്ത്യം കളരി. അഗസ്ത്യത്തിലെ അഞ്ചാം തലമുറ ഗുരുക്കൾ എസ്. മഹേഷിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്..

ഭാരതീയ ആയോധനകലകളുടെ പാരമ്പര്യവും മികവും പുതുതലമുറയിലേക്ക് എത്തിച്ച് ലോകത്തിന് പരിചയപ്പെടുത്തുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം.

