സംയുക്ത പ്രസ്താവനയുമായി സച്ചിദാനന്ദനടക്കമുള്ള എഴുത്തുകാര്‍; ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എം എന്‍ കാരശ്ശേരി; എന്നിട്ടും കൂസലില്ലാതെ മാധ്യമം മാനേജ്‌മെന്റ്; ശമ്പളം കൊടുക്കാതെ ജീവനക്കാരെ പട്ടിണിക്കിട്ട് കൊല്ലാന്‍ ജമാഅത്തെ ഇസ്ലാമി

insight kerala

കെ വി നിരഞ്ജന്‍

കോഴിക്കോട്: കേരളത്തില്‍ മനുഷ്യവകാശപ്രവര്‍ത്തകരുടെ മുഖം മൂടിയിട്ട് വളര്‍ന്നുവന്ന ജമാഅത്തെ ഇസ്ലാമിയുടെ തനി നിറം പുറത്താവുന്ന സമയമാണിത്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള ഐഡിയല്‍ പബ്ലിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള മാധ്യമം പത്രത്തിലെ ജീവനക്കാര്‍ക്ക് എട്ടുമാസത്തെ ശമ്പള കുടിശ്ശികയാണുള്ളത്. ജീവനക്കാര്‍ ഇന്ന് വെള്ളിമാടുകുന്നിലെ മാധ്യമം ഓഫീസിനടുത്ത് സമരപ്പന്തല്‍ കെട്ടി സമരം ചെയ്യുന്ന ഗതികേടിലാണ്. സെക്രട്ടറിയേറ്റ് പരിസരത്തും മാധ്യമം ജീവനക്കാര്‍ സമാന്തര സമരം നടത്തുന്നുണ്ട്. അവിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വരെ സന്ദര്‍ശിച്ച് ശമ്പളകുടിശ്ശിക കൊടുക്കണമെന്ന് മാധ്യമം മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നിട്ടും അവര്‍ക്ക് യാതൊരു കുലുക്കവുമില്ല.

ഇപ്പോഴിതാ മാധ്യമത്തിലെ ശമ്പള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന പുറപ്പടുവിച്ചിരിക്കയാണ്. സച്ചിദാനന്ദന്‍, സാറാജോസഫ്, സുനില്‍ പി. ഇളയിടം,
റഫീഖ് അഹമ്മദ്,ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ടി.ഡി. രാമകൃഷ്ണന്‍ തുടങ്ങിയ നൂറോളം സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ്, പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇത് കനത്ത നീതി നിഷേധം

എഴുത്തുകാരുടെ സംയുക്ത പ്രസ്താവന ഇങ്ങനെയാണ്-”കുറഞ്ഞ കാലം കൊണ്ട് മലയാളിയുടെ പൊതുമണ്ഡലത്തില്‍ ഇടംപിടിച്ച മാധ്യമം ദിനപത്രം നീതി നിഷേധങ്ങള്‍ക്കെതിരില്‍ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയ ദിനപത്രം കൂടിയാണ്. ആ ശബ്ദത്തിനൊപ്പം കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വാക്കുകൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും ചേര്‍ന്നു നിന്നിട്ടുണ്ട്. എന്നാല്‍, ആ പത്രത്തിലെ ജീവനക്കാര്‍ക്കു തന്നെ എട്ട് മാസത്തോളമുള്ള ശമ്പള കുടിശ്ശികക്കായി സ്ഥാപനത്തിനു മുന്നില്‍ പന്തല്‍ കെട്ടി സമരം ചെയ്യേണ്ടിവരുന്നത് എത്രയോ ദയനീയമായ കാഴ്ചയാണ്. ചെയ്ത ജോലിയുടെ കൂലിക്കു വേണ്ടി വിലപിക്കേണ്ടിവരുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല. അത്തരം നീതിനിഷേധങ്ങളുടെ ദീര്‍ഘകാലം താണ്ടിയാണ് നാം ഇന്ന് കാണുന്ന കേരളം പടുത്തുയര്‍ത്തിയത്. അതില്‍ നിന്നുള്ള തിരിച്ചു പോക്ക് ഒട്ടും അഭിലഷണീയമല്ല.

ഈ ജീവനക്കാര്‍ക്കും കുടുംബങ്ങളുണ്ട്. അവര്‍ക്കും നിത്യ ചെലവുകള്‍ നടത്തേണ്ടതുണ്ട്. അവരുടെ മക്കള്‍ക്കും വിദ്യാഭ്യാസം ചെയ്യേണ്ടതുണ്ട്. ഈ കഴിഞ്ഞ ഓണക്കാലത്തു പോലും നാമമാത്രമായ തുകയാണ് ശമ്പളമായി അവര്‍ക്ക് കിട്ടിയത്.
നമ്മള്‍ പറയുന്ന വാക്കുകള്‍ സത്യമാകുന്നത് നമ്മള്‍ അത് പ്രവര്‍ത്തിക്കുമ്പോഴാണ്. അതുകൊണ്ട് മാധ്യമം ജീവനക്കാരുടെ ഈ സമരത്തെ മാനേജ്‌മെന്റ് മുഖവിലയ്‌ക്കെടുക്കണം. അവരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. ജോലി ചെയ്ത മാസങ്ങളിലെ ശമ്പളം തടഞ്ഞുവെച്ച് അവരെ നിര്‍ബന്ധമായി കരാര്‍വത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മാധ്യമം മുന്നോട്ടുവെച്ച കോര്‍പറേറ്റ് വിരുദ്ധ ആശയങ്ങള്‍ക്കു തന്നെ എതിരാണ്. ഇത്രയും കാലം നിങ്ങള്‍ക്ക് വേണ്ടി പണിയെടുത്ത തൊഴിലാളികളാണ് നിങ്ങളുടെ സ്ഥാപനത്തിന് മുന്നില്‍ ഈ വിലാപവുമായി വന്നുനില്‍ക്കുന്നത്. അത് കണ്ടില്ലെന്നു നടിക്കുന്നത് അപരിഷ്‌കൃതമായ നടപടിയാണ്. എത്രയും വേഗം പ്രശ്‌നം പരിഹരിച്ചു മുന്നോട്ടുപോകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.’- ഇങ്ങനെയാണ് പ്രസ്താവന അവസാനിക്കുന്നത്.

പിടിച്ചുവെച്ച ഒമ്പത് മാസത്തെ ശമ്പളത്തിനായി മാധ്യമം ജീവനക്കാര്‍ നടത്തിവരുന്ന സമരപന്തലിലേക്ക് എത്തിയാണ്, എഴുത്തുകാരന്‍ ഡോ. എം.എന്‍ കാരശ്ശേരി ഐക്യദാര്‍ഢ്യം അറിയിച്ചത്. ”ചെയ്ത ജോലിയുടെ കൂലിക്കായി ഈ കാലത്തും സമരം ചെയ്യേണ്ടിവരുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല.മാധ്യമം മാനേജ്‌മെന്റില്‍ നിന്ന് ഇത്തരം ഒരു നടപടി പ്രതീക്ഷിച്ചില്ല. ധാര്‍മികമായ സമരത്തില്‍ പരാജയമില്ല, അതിന്റെ വിജയം സമരം ചെയ്യാന്‍ കഴിഞ്ഞു എന്നതുതന്നെയാണ്”- കാരശ്ശേരി മാഷ് പറഞ്ഞു.

കുലുക്കമില്ലാതെ മനേജ്‌മെന്റ്

ഇത്രയൊക്കെയായിട്ടും മാധ്യമം മാനേജ്മെന്റിനും നടത്തിപ്പുകാരായ ജമാഅത്തെ ഇസ്ലാമിക്കും, യാതൊരു കുലുക്കുവുമില്ല. ജീവനക്കാരെ രാജിവെപ്പിക്കുന്നതിനായി അവര്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയാണ്. സ്ഥിരം ജീവനക്കാരെ ഇങ്ങനെ രാജിവെപ്പിച്ച് അവിടെതന്നെ കരാര്‍ തൊഴിലാളികളായി എടുക്കയാണ്. മാത്രമല്ല, സമരം ചെയ്യുന്ന ജീവനക്കാരെ ജമാഅത്തെ ഇസ്ലാമി അണികള്‍ നിരന്തരം സൈബര്‍ ലിഞ്ച് ചെയ്യുകയാണ്. ഒരു പണിയും കിട്ടാതെ എന്തിനാണ് ഇവിടെ കടിച്ചുതൂങ്ങി നില്‍ക്കുന്നത് എന്നാണ് ഇവര്‍ അവരെ നിരന്തരം ആക്ഷേപിക്കുന്നത്.

മാധ്യമം ഉടമകളുടെ അനവധാനതയും അലസതയുമാണ് പത്രത്തിന്റെ പതനത്തിന് കാരണമായതെന്നാണ് ജീവനക്കാര്‍ പറയുന്നത്. മാനേജ്മെന്റിന് വേണ്ടപ്പെട്ട ജീവനക്കാര്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ്, പത്രത്തില്‍ നടത്തിയത്. അങ്ങനെ സ്ഥാപനത്തെ കുത്തുപാളയെടുപ്പിക്കയായിരുന്നുവെന്നാണ്, സമരം ചെയ്യുന്ന തൊഴിലാളി യൂണിയനുകളുടെ നേതാക്കള്‍ പറയുന്നത്. മാത്രമല്ല, സ്ഥിരം ജോലി രാജിവെച്ച് കരാര്‍ തൊഴിലിലേക്ക് നീങ്ങിയാല്‍ പിന്നെ അതേ പത്രത്തില്‍ ജോലിയുണ്ട്, കൃത്യമായ ശമ്പളമുണ്ട്. കരാര്‍വത്ക്കരണത്തിനുവേണ്ടി തൊഴിലാളികളെ പിരിച്ചുവിടുക എന്ന ഹീനമായ തന്ത്രമാണ് ഇപ്പോള്‍ മാധ്യമം മാനേജ്‌മെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്.

Share This Article