കിഫ്ബി പുനസംഘടിപ്പിക്കാനുള്ള UDF സർക്കാരിൻ്റെ തീരുമാനത്തിനെതിരെ പ്രതിഷേധവും ക്യാമ്പയിനും നടത്താൻ തയ്യാറെടുക്കുമ്പോഴാണ് പ്രതിപക്ഷം വിഷയം സഭയിൽ കൊണ്ടുവന്നത്. സംസ്ഥാനത്ത് ദേശീയപാതയും മലയോര ഹൈവേയും ഉണ്ടാകാനുള്ള പ്രധാന കാരണം കിഫ്ബിയാണെന്നും കേരളത്തെ തകർത്ത ചതിയൻ ചന്തുമാരാണ് യുഡിഎഫ് എം പിമാർ എന്നും പ്രമേയം അവതരിപ്പിച്ച കെ എൻ ബാലഗോപാൽ രൂക്ഷമായി വിമർശിച്ചു. ജനം യുഡിഎഫിന് വോട്ട് നൽകിയത് ഭസ്മാസുരന് വരം നൽകിയത് പോലെയാണെന്നും ബാലഗോപാലിൻ്റെ പരിഹാസം
എന്നാൽ മറുപടി നൽകിയ മുഖ്യമന്ത്രി കിഫ്ബി ഏറ്റവും വലിയ കൊള്ളയാണെന്നും ഖജനാവ് കൊള്ളയടിച്ചവരെ വെറുതെ വിടുകയില്ല എന്നും പ്രതിപക്ഷത്തിന് നേരെ മുന്നറിയിപ്പ് നൽകി.
ധനവകുപ്പിനും സർക്കാറിനും നിയന്ത്രണമില്ലാതെ പ്രത്യേകം സാമ്രാജ്യം ഉണ്ടാക്കുകയായിരുന്നു കിഫ്ബി എന്നും ഇത് തങ്ങൾ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി ഏറ്റവും മികച്ച ജനകീയ മാതൃകയാണെന്നും കോർപ്പറേറ്റ് വൽക്കരണമാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ലാഭത്തിന്റെ കണ്ണുകൊണ്ടാണ് കിഫ്ബിയെ വിദഗ്ധ സമിതി നോക്കുന്നതെന്നും ഏറ്റവും വലിയ പിന്തിരിപ്പൻ കമ്മിറ്റിയാണ് സുധപിള്ള കമ്മിറ്റി എന്നും വിമർശനം.
ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേട് എന്ന ആരോപണത്തെ തള്ളിയ പ്രതിപക്ഷം ലാൻഡ് അക്വിസിഷൻ നിയമപ്രകാരം അല്ലാതെ ഒരു ഭൂമിയും ഏറ്റെടുക്കാൻ ആവില്ല എന്നും ചൂണ്ടിക്കാട്ടി.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

