തിരുവനന്തപുരം: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ 2026-ലെ ഫ്രീ തിങ്കേഴ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സ്വതന്ത്രചിന്തകനും അധ്യാപകനുമായ പ്രൊഫ. ഡോ. കെ.എം. ശ്രീകുമാറിനാണ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. 50,000 രൂപയും ഫലകവുമാണ് ഈ അവാര്‍ഡിന് ലഭിക്കുക.
ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി സുഗുണന് നൊച്ചാട് അര്‍ഹനായി. 30,000 രൂപയും ഫലകവുമാണ് സമ്മാനം.
യങ് ഫ്രീ തിങ്കേഴ്സ് പുരസ്കാരം മൂന്നു പേര് പങ്കിട്ടു. കൊല്ലം സ്വദേശി മനു എ.എസ്, കോട്ടയം സ്വദേശി സുരന് നൂറനാട്ടുകര, മലപ്പുറം സ്വദേശി സുരേഷ് ബാബു ചെറൂളി എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം. ഒക്ടോബര്‍ 20-ന് തിരുവനന്തപുരത്ത് നടക്കുന്ന സ്വതന്ത്രചിന്താ സമ്മേളനമായ ലിറ്റ്മസ്-26-ന്റെ വേദിയില്‍ ഗതാഗതമന്ത്രി ശ്രീ സി.പി. ജോണ്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ഡോ. കെ.എം. ശ്രീകുമാര്‍
കണ്ണൂര്‍ പയ്യന്നൂര്‍ പോത്താംകണ്ടത്ത് ടി.എം. ഗോവിന്ദന് നമ്പീശന്-ദേവകിയമ്മ ദമ്പതികളുടെ മകനാണ്. ‘തെളിവുകള്‍ നയിക്കട്ടെ’ എന്ന നിലപാടുയര്‍ത്തി എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ അശാസ്ത്രീയ ഭീതിവ്യാപാരത്തെയും ചൂഷണങ്ങളെയും തുറന്നുകാട്ടിയ അദ്ദേഹം, കീമോഫോബിയയ്ക്കും അശാസ്ത്രീയ കാര്ഷികരീതികള്ക്കുമെതിരെ ഒട്ടേറെ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സി. രവിചന്ദ്രനൊപ്പം രചിച്ച ‘കാര്‍ട്ടറുടെ കഴുകന്’ 2017-ല്‍ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചു. 2018 മുതല്‍ ‘ലിറ്റ്മസ്’ സമ്മേളനങ്ങളില്‍ സജീവമായ അദ്ദേഹത്തിന് 2019-ല്‍ എസെന്‍സ് ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും ലഭിച്ചിരുന്നു.
ആരോഗ്യവകുപ്പിലെ അഞ്ചു വര്‍ഷത്തെ സേവനത്തിനു ശേഷം കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലുള്ള പടന്നക്കാട് കാര്‍ഷിക കോളേജില്‍ കീടശാസ്ത്ര വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായി പ്രവര്‍ത്തിച്ച് 2025-ല്‍ വിരമിച്ചു. 48 ഗവേഷണപ്രബന്ധങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കിയ അദ്ദേഹം ഏഴ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഫ്രീ തിങ്കര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം നേടിയ സുഗുണന് നൊച്ചാട്്, എസെന്‍സ് ഗ്ലോബലിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളും കിടയറ്റ വോളണ്ടിയറുമാണ്. വര്‍ഷങ്ങളായി സംഘടനയുടെ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. കോഴിക്കോട്ട് നടന്ന രണ്ട് ലിറ്റ്മസ് സമ്മേളനങ്ങള്‍ (2019, 2024) ഉള്‍പ്പെടെ എസ്സന്‍സിന്റെ പ്രധാന പരിപാടികള്‍ക്ക് സംഘടനാപരമായ നേതൃത്വം നല്കുകയുണ്ടായി.
യങ് ഫ്രീ തിങ്കര്‍ പുരസ്ക്കാരം നേടിയവരില്‍ ഒരാളായ മനു എഎസ്, ശബ്ദമലിനീകരണത്തിനും അനുബന്ധ നിയമലംഘനങ്ങള്ക്കുമെതിരെയുള്ള നിയമപോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകനാണ്. : പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി നൂറനാട്ടുകര സ്വദേശിയായ സുരന് ചിത്രകാരനും, ക്ലാസിക് സിനിമ, ശാസ്ത്രം, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ നിരന്തരം എഴുതുന്ന സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമാണ്. ബംഗളൂരുവില്‍ ഐ.ടി. പ്രൊഫഷണലായി ജോലി ചെയ്യുന്ന സുരേഷ് ബാബു ചെറൂളി എഴുത്തുകാരന് പ്രഭാഷകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാണ്.

