ശബരിമല ദർശനത്തിനായുള്ള വിർച്വൽ ക്യൂ ബുക്കിങ്ങിന് പിൽഗ്രിം ഫണ്ടായി 5 രൂപ എന്നത് 10 രൂപയാക്കി ഉയർത്താനുള്ള നിർദേശത്തിൽ നിന്ന് പിൻവാങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇരട്ടി തുക നിർബന്ധമായി പിരിക്കാൻ ഉദ്ദേശിക്കുന്നില്ല. അഞ്ച് രൂപയിലധികം ആരും നിർബന്ധപൂർവം നൽകേണ്ടതില്ല.
ഇഷ്ടമുള്ളവർക്ക് അധിക തുക നൽകാനുള്ള അവസരമുണ്ടാകുമെന്നും ദേവസ്വം ബോർഡ് ഭരണസമിതി അറിയിച്ചു. ശബരിമല, പമ്പ എന്നിവിടങ്ങളിലെ ശുചിമുറികളും, കുളിമുറികളും ഇത്തവണ പൂർണമായും സൗജന്യമാക്കി.
ആരും ശുചിമുറി ഉപയോഗത്തിന് പണം നൽകേണ്ടതില്ല.
ശുചിമുറി നടത്തിപ്പിന് ഇത്തവണ ടെൻഡർ വിളിക്കില്ലെന്നും ബോർഡ് അറിയിച്ചു. ശുചിമുറിയുടെ പരിപാലനത്തിന് പരിചയസമ്പന്നരായ ഏജൻസികളെ ടെൻഡറിലൂടെ ചുമതലപ്പെടുത്തും. ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും പണപ്പിരിവിലും വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് സന്നിധാനത്തും പമ്പയിലും ശുചിമുറി, കുളിമുറി സൗകര്യം പൂർണമായും സൗജന്യമാക്കിയത്.
വിർച്വൽ ക്യൂ ബുക്കിംഗ് ഉയർത്താനുള്ള നിർദേശത്തിൽ നിന്ന് പിൻവാങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്
