കെ വി നിരഞ്ജന്
തൃശൂര്‍: കൊടുങ്ങല്ലൂര്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടപ്പിച്ചതിന്റെ ഫലമായി 18 തികഞ്ഞിട്ടില്ലാത്ത മകന് ആത്മഹത്യചെയ്തുവെന്ന് ആരോപിക്കപ്പെട്ട കേസില്‍ വമ്പന്‍ ട്വിസ്റ്റ്. കൊടുങ്ങല്ലൂര്‍ എറിയാട്ട് 18-കാരനായ മുഹമ്മദ് അസ്സമിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണ-പ്രത്യാരോപണങ്ങള്‍ പുതിയൊരു ദിശയിലേക്ക് തിരിയുകയാണ്. കേസില്‍ അസ്ലമും ജ്യേഷ്ഠനും ചേര്‍ന്ന് വലിയ തോതില്‍ പണവും സ്വര്‍ണ്ണവും തട്ടിയെടുത്തെന്ന ഞെട്ടിക്കുന്ന തെളിവുകളും പുറത്തുവന്നിരിക്കുന്നു.
സൗഹൃദത്തിന്റെയും വൈകാരികബന്ധങ്ങളുടെയും മറവില്‍ നടന്നത് ക്രൂരമായ ഭീഷണിയും പണപ്പിരിവും ആഡംബര മോഹങ്ങളുമായിരുന്നുവെന്നാണ് കേസിന്റെ പുതിയ വിവരങ്ങള്‍ വിരല്‍ചൂണ്ടുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതുസംബന്ധിച്ച് ഓഡിയോ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ ”ആ ചിത്രം ഏതാണെന്നു നിനക്കറിയാലോ’ എന്ന് പറഞ്ഞ് അസ്ലം, പെണ്‍കുട്ടിയെ നേരിട്ട് ഭീഷണിപ്പെടുത്തുകയാണ്. സ്വകാര്യ ചിത്രങ്ങള്‍ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് അസ്ലം പെണ്‍കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. കേവലം ഭീഷണിപ്പെടുത്തലില്‍ ഒതുങ്ങാതെ, പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കാനുള്ള കൃത്യമായ പദ്ധതിയും അസ്ലം തന്റെ സുഹൃത്തിനോട് പങ്കുവെക്കുന്നത് ഓഡിയോയില്‍ വ്യക്തമാണ്. ‘വേണ്ട, മെസേജ് അയക്കാന്‍ പറയണമെന്നൊന്നും ഇല്ല. അവള്‍ക്ക് വേണമെങ്കില്‍ അവളുടെ കയ്യിലുള്ള മൂന്നെണ്ണം തന്നാല്‍ മതി. അവളുടെ ചേച്ചിയുടെ കയ്യില്‍ നിന്ന് വാങ്ങിക്കുകയാണെങ്കില്‍ ഞാന്‍ പൈസയായിട്ടേ വാങ്ങിക്കുള്ളു’ എന്നും അസ്ലം പറയുന്നു.
വിദേശത്തുള്ള പെണ്‍കുട്ടിയുടെ സഹോദരിയെ ലക്ഷ്യമിട്ടായിരുന്നു അടുത്ത നീക്കം.
‘ചിലപ്പോ മൂന്നുലക്ഷം രൂപ ഞാന്‍ വാങ്ങിക്കും. അങ്ങനത്തെ രീതിയിലുള്ള വകുപ്പ് ഞാന്‍ ഉണ്ടാക്കും. മനസിലായോ, വിത്ത് പ്രൂഫ് ഞാന്‍ ഉണ്ടാക്കും. അയക്കുമ്പോള്‍ എന്റെ കയ്യില്‍ ഉള്ളതെല്ലാം മൊത്തമായി ഞാന്‍ അയക്കും. അവളുടെ ചേച്ചി ജര്‍മ്മനി, യുകെ, കാനഡ എന്നിവിടങ്ങളിലെല്ലാം പോകുന്നതാണല്ലോ. അവളേക്കാളും കൂടുതല്‍ പൈസ ചേച്ചിയുടെ കയ്യിലുണ്ടാകും. ഞാന്‍ ചിലപ്പോ ഇത്തിരി കൂട്ടിയും പറയും. അപ്പോള്‍ അവള് തന്നെ റെഡിയാക്കി തന്നോളും’ എന്നാണ് ഓഡിയോയില്‍ ഇയാള്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ പരാതി പ്രകാരം 50,000 രൂപയും 20 പവന് സ്വര്‍ണ്ണവുമാണ് ഇവര്‍ തട്ടിയെടുത്തത്. ഈ സ്വര്‍ണം പ്രമുഖ ജ്വല്ലറിയില്‍ വിറ്റാണ് ഇവര്‍ പണം കണ്ടെത്തിയത്. തട്ടിയെടുത്ത തുക ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കാന്‍ ഇവര്‍ ഒരു ഇന്നോവ കാറും വിലകൂടിയ ഐഫോണും വാങ്ങിയതായി പോലീസ് കണ്ടെത്തി. കേസില്‍ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട് അസ്ലമിന്റെ ജ്യേഷ്ഠന് സഹല്‍ നിലവില്‍ റിമാന്‍ഡിലാണ്.
മറുവശത്ത്, തെറ്റായ കേസില്‍ കുടുക്കി പോലീസ് മകനെ ജയിലിലടച്ചതാണ് അസ്ലമിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് അസ്ലമിന്റെ പിതാവ് ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചിട്ടുണ്ട്.പെണ്‍കുട്ടിയുടെ കുടുംബം പുറത്തുവിട്ട ശബ്ദരേഖകളും പോലീസിന്റെ കണ്ടെത്തലുകളും കേസിന് വലിയൊരു വഴിത്തിരിവാണ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ മര്‍ദനമുണ്ടായെന്നും ഇതില്‍ മനം നൊന്താണ് അസ്ലം ആത്മഹത്യ ചെയ്തതെന്നുമാണ് അസ്ലമിന്റെ പിതാവ് നൗഷാദ് ആരോപിച്ചത്. മകന് ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. അസ്ലമുമായുള്ള ബന്ധത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ച് മക്കളെ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തുവെന്നാണ് പിതാവ് പറയുന്നത്.
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കൈക്കലാക്കിയെന്ന കള്ള കേസില്‍ മക്കളെ കുടുക്കി. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇളയ മകനെ അതിക്രൂരമായി മര്‍ദ്ദിച്ചു. അനിയനെ മര്‍ദ്ദിക്കുന്നത് കണ്ട് സഹോദരന് സഹല്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് നൗഷാദ് പറയുന്നത്. എന്നാല്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അന്നേ ദിവസം കുട്ടിയെ രക്ഷാകര്ത്താവിനെപ്പാം വിട്ടുവെന്നാണ് പറയുന്നത്.

