അവസാനത്തെ അമേരിക്കന്‍ സൈനികനും ഇറാഖ് വിട്ടു; ഇനി ഇറാന്‍ കരുത്താര്‍ജിക്കും; ഐസിസ് തിരിച്ചുവരുമെന്നും ഭീതി; ഹിസ്ബുള്ളയും ശക്തിപ്രാപിക്കും; 20 വര്‍ഷത്തിലേറെ നീണ്ട അമേരിക്കന്‍ അധിനിവേശത്തിന് സമ്പൂര്‍ണ്ണവിരാമം

insight kerala

കെ വി നിരഞ്ജന്‍

രണ്ടു ദശകത്തിലേറെ നീണ്ട യുഎസിന്റെ ഇറാഖ് അധിനിവേശത്തിന് അന്തിമ വിരാമമായി. ശേഷിക്കുന്ന 2,500 യുഎസ് സൈനികരിലെ അവസാന സംഘം 2026 സെപ്റ്റംബര്‍ 30-ഓടെ ഇറാഖ് വിട്ടു. 2024-ല്‍ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് യുഎസും ഇറാഖും തമ്മില്‍ ഉണ്ടാക്കിയ ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ പൂര്‍ണ്ണ സൈനിക പിന്മാറ്റം നടപ്പിലാക്കിയത്. 2021-ല്‍ തന്നെ ഭൂരിഭാഗം യുഎസ് സൈനികരും മടങ്ങിയിരുന്നെങ്കിലും, കുര്‍ദ് പ്രവിശ്യയിലടക്കമുള്ള മൂന്ന് സൈനിക താവളങ്ങളില്‍ തുടര്‍ന്നവരാണ് ഇപ്പോള്‍ പൂര്‍ണ്ണമായി രാജ്യം വിട്ടത്.സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനായി 2003-ലാണ് യുഎസ് സഖ്യസേന ഇറാഖില്‍ അധിനിവേശം നടത്തിയത്. പിന്നീട് 2011-ല്‍ പിന്‍വാങ്ങിയെങ്കിലും, 2014-ല്‍ ഭീകരസംഘടനയായ ഐഎസിന്റെ മുന്നേറ്റം തടയാന്‍ ഇറാഖ് സേനയെ സഹായിക്കുന്നതിനായി യുഎസ് സൈന്യം വീണ്ടും തിരിച്ചെത്തുകയായിരുന്നു.

ഇറാന്‍ ശക്തിയാര്‍ജിക്കും

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇറാഖില്‍ നിന്നുള്ള യുഎസ് സൈന്യത്തിന്റെ ഈ പൂര്‍ണ്ണമായ പിന്മാറ്റം മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷങ്ങളെയും ഇസ്രയേല്‍-ഇറാന്‍ തര്‍ക്കങ്ങളെയും വളരെ ആഴത്തില്‍ ബാധിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച്, അമേരിക്കയും ഇറാനും തമ്മില്‍ നിലവില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന വേളയിലാണ് ഈ പിന്മാറ്റം നടന്നിരിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ഇല്ലാതാകുന്നതോടെ, സിറിയയിലേക്കും ലെബനനിലേക്കും (ഹിസ്ബുള്ള) മയക്കുമരുന്നും ആയുധങ്ങളും എത്തിക്കാനുള്ള ഇറാന്റെ പാത കൂടുതല്‍ സുഗമമാകും.നിലവില്‍ ഇറാഖ് ഭരിക്കുന്ന ഷിയാ ഭൂരിപക്ഷ സര്‍ക്കാര്‍ ഇറാനുമായും യുഎസുമായും നല്ല നയതന്ത്ര ബന്ധം പുലര്‍ത്തുന്നവരാണ്.

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഈ പിന്മാറ്റത്തെ പശ്ചിമേഷ്യയില്‍ അമേരിക്കന്‍ ശക്തി ക്ഷയിക്കുന്നതിന്റെ തെളിവായി ഉയര്‍ത്തിക്കാട്ടുന്നു. യുഎസിന്റെ പിന്മാറ്റം തങ്ങളുടെ തന്ത്രപരമായ വിജയമായാണ് ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകള്‍ കാണുന്നത്. ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള ‘ഇസ്ലാമിക് റെസിസ്റ്റന്‍സ്’ (ഐആര്‍ഐ) പോലുള്ള സായുധ ഗ്രൂപ്പുകള്‍ ഇതിനകം തന്നെ ഇസ്രയേലിന് നേരെ ഡ്രോണ്‍-റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തോടെ ഇസ്രയേലിനെ ലക്ഷ്യമിടാന്‍ ഈ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.

യുഎസ് ഇല്ലാത്ത സാഹചര്യത്തില്‍, തങ്ങള്‍ക്ക് ഭീഷണിയാകുന്ന ഇറാഖിലെ ഇറാന്‍ അനുകൂല താവളങ്ങള്‍ക്ക് നേരെ ഇസ്രയേലിന് നേരിട്ട് വ്യോമാക്രമണങ്ങള്‍ നടത്തേണ്ടി വരും. ഇത് ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം ഇറാഖിന്റെ മണ്ണിലേക്ക് കൂടി വ്യാപിക്കാന്‍ കാരണമായേക്കാം. കുര്‍ദിഷ് മേഖലകളില്‍ നിന്നുള്‍പ്പെടെ യുഎസ് സൈന്യം പൂര്‍ണ്ണമായി മാറിയതോടെ, ഇറാഖ് സൈന്യത്തിന് ഐഎസിന്റെ അവശിഷ്ടങ്ങളെ ഒറ്റയ്ക്ക് ചെറുക്കേണ്ടി വരും. ഇറാഖ് സൈന്യം ഇതിന് സജ്ജമാണെന്ന് ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും, സുരക്ഷാ ഏജന്‍സികള്‍ക്ക് ഇതൊരു വലിയ വെല്ലുവിളിയാണ്. ഇറാന്‍ പിന്തുണയുള്ള കതാഇബ് ഹിസ്ബുള്ള ) പോലുള്ള ശക്തരായ മിലിഷ്യകളെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഇറാഖ് സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ യുഎസ് പിന്മാറ്റത്തോടെ ഈ ഗ്രൂപ്പുകള്‍ ഇറാഖ് സര്‍ക്കാരിനേക്കാള്‍ ശക്തരാകാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതോടെ മിഡില്‍ ഈസ്റ്റിലെ സുരക്ഷാ സമവാക്യങ്ങള്‍ മാറുകയാണ്. യുഎസിന്റെ സാന്നിധ്യം കുറയുന്നത് കണ്ട് സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ സുരക്ഷയ്ക്കായി പാകിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായി പുതിയ പ്രതിരോധ സഖ്യങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Share This Article