ജമ്മു കശ്മീരിലെ കത്വയിൽ കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) ക്യാമ്പിൽ സഹപ്രവർത്തകൻ നടത്തിയ വെടിവെപ്പിൽ നാല് ജവാന്മാർ കൊല്ലപ്പെട്ടു. ച നഗ്രോത പ്രദേശത്തെ കത്വ ക്യാമ്പിലാണ് നടുക്കുന്ന സംഭവം നടന്നത്. ഡ്യൂട്ടിക്കിടയിലുണ്ടായ തർക്കത്തെ തുടർന്ന് ജവാൻ തന്റെ കൈവശമുണ്ടായിരുന്ന സർവീസ് റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.
ബസോളിയിലെ മഷ്ക ഗ്രാമത്തിലുള്ള സേവ പവർ പ്രോജക്ടിൽ വിന്യസിച്ചിരുന്ന സിഐഎസ്എഫ് യൂണിറ്റിലാണ് ഇന്ന് വൈകിട്ട് 6.40ഓടെ സംഭവം. അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിങ്, കോൺസ്റ്റബിൾ റഫീഖ് അഹമ്മദ്, കോൺസ്റ്റബിൾ സന്ദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
അവധേഷ് കുമാർ സിങ് എ.കെ.-47 തോക്ക് ഉപയോഗിച്ച് സഹപ്രവർത്തകർക്കുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ കൈവശം 150 റൗണ്ട് വെടിയുണ്ടകളുണ്ടായിരുന്നതായി സിഐഎസ്എഫ് അറിയിച്ചു. വെടിയേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

