തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ തുടർനടപടികൾ സ്വീകരിക്കാൻ നാളെ ഉന്നതല യോഗം ചേരും. വൈദ്യുതി മന്ത്രി സണ്ണി ജോസഫ് യോഗം വിളിച്ചിരിക്കുന്നത്. കെഎസ്ഇബി ചെയർമാൻ ഡോ എം ജി രാജമാണിക്യം ഉൾപ്പെടെ മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ലോഡ് ഷെഡ്ഡിഗ് തുടരുന്ന പശ്ചാത്തലത്തിലാണ് വൈദ്യുതി മന്ത്രി യോഗം വിളിച്ചിരിക്കുന്നത്. അരമണിക്കൂറിൽ കൂടുതലാണ് കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയത്ത് പവർകട്ട് ഏർപ്പെടുത്തിയത്. പവർ കട്ട് തുടരുമ്പോൾ വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ ഉന്നതലയോഗം വിളിക്കുന്നത്.
ദൈനംദിന ആവശ്യങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 5000 മെഗാവാട്ട് വൈദ്യുതിയാണ് അധികം വേണ്ടി വരുന്നത്. ഉയർന്ന തുകയ്ക്ക് പുറത്തുനിന്ന് വാങ്ങേണ്ടി വന്നാൽ പോലും വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. ദിവസേന എക്സ്ചേഞ്ചിൽ നിന്ന് വാങ്ങുമ്പോഴും ആവശ്യത്തിനു വൈദ്യുതി കിട്ടുന്നില്ല. അത്തരം സാഹചര്യങ്ങളിലാണ് പവർകട്ട് ഏർപ്പെടുത്തുന്നത്. എന്നാൽ ഇത് മറികടക്കാൻ മറ്റെന്തെങ്കിലും മാർഗം ഉണ്ടോ എന്ന് പരിശോധിക്കനാണ് ഉന്നതലയോഗം വിളിച്ചു ചേർക്കുന്നത്.

