ഫോക്കസ്’ ചെയ്ത് പിടിക്കേണ്ട നിരവധി അഴിമതിക്കാരുണ്ടെന്ന് മന്ത്രി എം ലിജു
പത്തനംതിട്ട: എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറിയെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ‘ഫോക്കസ്’ ചെയ്ത് പിടിക്കേണ്ട നിരവധി അഴിമതിക്കാരുണ്ടെന്നും മന്ത്രി. പത്തനംതിട്ടയിൽ നടന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടുകാരുടെ പണം ഉപയോഗിച്ച്, മക്കളുടെയും മരുമക്കളുടെയും പേരിൽ ബിനാമി സ്വത്തുക്കളുണ്ടാക്കി നടക്കുന്ന കുറേയാളുകളുണ്ട്. ഇതിൽ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ല. സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്. പാർട്ടിയുടെ നയവും അങ്ങനെ തന്നെയാണ്. എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറിക്കഴിഞ്ഞു. ‘ഫോക്കസ്’ ചെയ്ത് പിടിക്കേണ്ട നിരവധിയാളുകളുണ്ടെന്നും മന്ത്രി പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫ. പി.ജെ കുര്യൻ, അബിൻ വർക്കി എം.എൽ.എ, പത്തനംതിട്ട ഡി.സി.സി അധ്യക്ഷൻ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

