കുരങ്ങിനൊപ്പം വീഡിയോ; നടൻ വിക്രമിന് വനം വകുപ്പിൻ്റെ നോട്ടീസ്; അന്വേഷണം കേരളത്തിലേക്കും

insight kerala

വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനോടൊപ്പമുള്ള നടൻ വിക്രമിൻ്റെ ദൃശ്യങ്ങൾ വിവാദമായതിനു പിന്നാലെ അന്വേഷണം ഊർജിതമാക്കി തമിഴ്നാട് വനം വകുപ്പ്. മണിപ്പുരിൽ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തിൽ എത്തിച്ച കുരങ്ങാണെന്ന വിശദീകരണത്തെ തുടർന്ന് ഇവിടെ പരിശോധന നടത്തിയ അധികൃതർ മൃഗങ്ങളെ എത്തിച്ചതിന്റെ രേഖകൾ ഹാജരാക്കാ‍ൻ ഉടമസ്ഥനോട് ആവശ്യപ്പെട്ടു.

വിക്രമിന്‍റെ ബന്ധുവിന് കുരങ്ങിനെ നൽകിയതിലെ അന്വേഷണം കേരളത്തിലേക്കും നീളും. കുരങ്ങിനെ ചെന്നൈയിൽ എത്തിച്ചത് ഈറോഡിലെ ബിസിനസുകാരനാണ്. ഇയാളുടെ വീട്ടിൽ ഏഴു ആഫ്രിക്കൻ കാട്ടുപൂച്ചകളെ കണ്ടെത്തി. ഇതിൽ മൂന്ന് എണ്ണം കേരളത്തിൽ നിന്ന് എത്തിച്ചതെന്നാണ് മൊഴി. രേഖകൾ ഹാജരാക്കാൻ തമിഴ്നാട്‌ വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

പ്രജനന കേന്ദ്രം ഉടമ ചില രേഖകൾ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ ഉടമയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. വിക്രമിന്റെ മകളുടെ ഭർതൃപിതാവ് പെരുന്തുറയിൽ നിന്നു വാങ്ങിയ കുരങ്ങുകളെ ചെന്നൈയിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റ ഉടമസ്ഥതയിൽ ഈസ്റ്റ് കോസ്റ്റ് റോഡിൽ (ഇസിആർ) ഈഞ്ചമ്പാക്കത്തുള്ള ഫാം ഹൗസിൽ വച്ചാണ് നടൻ വിഡിയോ ചിത്രീകരിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article