‘വീരപ്പനെന്ന്’ വിമര്‍ശിച്ച ജേണലിസ്റ്റുകളെ വിലക്കെടുത്ത് സ്തുതിപാഠകരാക്കിയ ചാതുര്യം; പക്ഷേ മെസ്സി വിവാദത്തില്‍ പണി മൊത്തം പാളി; വിശ്വാസ്യതയിടിഞ്ഞതോടെ കൂടുമാറാന്‍ തക്കംപാര്‍ത്ത് ജീവനക്കാര്‍; അന്വേഷണം ഭയന്ന് സ്‌പോണ്‍സര്‍മാരും; 126 കോടി ധൂളിയായതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയിലും പ്രതിസന്ധി

insight kerala

കെ വി നിരഞ്ജന്‍

തിരുവനന്തപുരം: മുട്ടില്‍ മരം മുറി ഫെയിം എന്ന് അറിയപ്പെട്ടിരുന്ന വിവാദ നായകരായിരുന്നു, റിപ്പോര്‍ട്ടര്‍ ടീവിയുടെ നടത്തിപ്പുകാരായ അഗസ്റ്റിന്‍ സഹോദരങ്ങള്‍. 24 ന്യുസിലായിരുന്നു കാലത്ത്, ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഖമായ ഡോ അരുണ്‍കുമാര്‍ തന്നെ ‘വീരപ്പന്‍’ എന്ന തലക്കെട്ടില്‍ ആന്റോക്കെതിരെ വാര്‍ത്ത ചെയ്തിരുന്നു. എന്നാല്‍ ആന്റോയാവട്ടെ കുടുതല്‍ പണം സമാഹരിച്ച്, നികേഷ്‌കുമാറില്‍നിന്ന് റിപ്പോട്ടര്‍ ടിവി വിലക്കെടുത്ത്, തന്നെ വിമര്‍ശിച്ചിരുന്ന മുഴുവന്‍ ജേണലിസ്റ്റുകളെയും വിളിച്ചുവരുത്തി ലക്ഷങ്ങള്‍ ശമ്പളത്തില്‍ ജോലികൊടുത്ത തന്റെ സ്തുതിപാഠകരാക്കി! ‘ലോകചരിത്രത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ പ്രതികാരം’ എന്നായിരുന്നു ഇതിനെ സോഷ്യല്‍ മീഡിയ കളിയാക്കിയിരുന്നത്.

മാങ്കോ ഫോണ്‍ എന്ന ഉഡായിപ്പ് ഫോണ്‍ ഇറക്കാന്‍ ശ്രമിച്ച് കോടികള്‍ തട്ടാന്‍ ശ്രമിച്ച പരാതിയും നേരത്തെ ആന്റോ അഗസ്റ്റിനെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ചാനല്‍ മുതലാളിയായിട്ടും അയാള്‍ ഇതേ പരിപാടി തുടര്‍ന്നു. ലയണല്‍ മെസിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അയാള്‍ നടത്തിയ പരിപാടികളൊക്കെ വ്യാജമായിരുന്നുവെന്ന് ഇപ്പോള്‍ തെളിയുകയാണ്. അതോടെ വിശ്വാസ്യത നഷ്ടപ്പെട്ട റിപ്പോര്‍ട്ടര്‍ ടീവിയും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

126 കോടി പോയതിന് പിന്നാലെ കേസും

ഒന്നുരണ്ടുമല്ല 126 കോടിയാണ് ആവിയായത്. അതിന് പിന്നാലെ കേസുകളും. ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തില്‍ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെയും ചാനല്‍ മാനേജ്മെന്റിനെതിരെയും വലിയ രീതിയിലുള്ള തട്ടിപ്പ് ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. വിജിലന്‍സും ഇ ഡി ഈ വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണ്.

മെസ്സിയും സംഘവും കേരളത്തില്‍ വരുമെന്ന് ഔദ്യോഗിക രേഖകളില്ലാതെ ഉറപ്പുനല്‍കി ഫുട്‌ബോള്‍ പ്രേമികളെയും പൊതുജനങ്ങളെയും വഞ്ചിച്ചു എന്നതാണ് പ്രധാന ആരോപണം.മുന്‍ കായിക മന്ത്രിയുടെ ഓഫീസ് അയച്ച ക്ഷണക്കത്തിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ലെന്നും, ഈ നിര്‍ദ്ദേശത്തെക്കുറിച്ച് അര്‍ജന്റീന ടീം അറിഞ്ഞിട്ടുപോലുമില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സ്വകാര്യ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ട്. ഫിഫയുടെയോ, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെയോ അനുമതിയില്ലാതെയാണ് കാര്യങ്ങളുമായി മുന്നോട്ട് പോയത്. മത്സരം നടക്കുമെന്ന വ്യാജേന കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ നവീകരണ ചുമതല നിയമങ്ങള്‍ മറികടന്ന് സ്വകാര്യ സ്‌പോണ്‍സര്‍ക്ക് വിട്ടുനല്‍കിയതിലും വലിയ അഴിമതി ആരോപിക്കപ്പെടുന്നു. സ്വര്‍ണ്ണ-വെള്ളി വ്യാപാരികളില്‍ നിന്നും മറ്റും കോടിക്കണക്കിന് രൂപ സ്‌പോണ്‍സര്‍ഷിപ്പായി പിരിച്ചെടുത്തതിലും വിദേശത്തേക്ക് പണമയച്ചതിലും കള്ളപ്പണ ഇടപാടുകളും നികുതി വെട്ടിപ്പും നടന്നതായി ആരോപണമുണ്ട്. പണം അയച്ച ‘ടൂര്‍പ്രോഡ് എന്റര്‍ എല്‍എല്‍പി’ എന്ന കമ്പനിയുടെ സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നു.

അര്‍ജന്റീന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പേരില്‍ അമേരിക്കയിലെ സ്വകാര്യ കമ്പനിക്ക് 126 കോടി രൂപ കൈമാറിയ ഇടപാടില്‍ 22.68 കോടി രൂപയുടെ ജി.എസ്.ടി അടച്ചില്ലെന്നാണ് പ്രധാന ആരോപണം. ജി.എസ്.ടി നിയമപ്രകാരം ഇന്‍വോയ്സ് തുകയുടെ നിശ്ചിത ശതമാനം കൃത്യസമയത്ത് ഒടുക്കേണ്ടതുണ്ടെങ്കിലും ചാനല്‍ മാനേജ്മെന്റ് തുക അടയ്ക്കുകയോ കസ്റ്റംസ്, ജി.എസ്.ടി വകുപ്പുകള്‍ക്ക് വ്യക്തമായ മറുപടി നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സംസ്ഥാന കായിക വകുപ്പിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഔദ്യോഗിക കത്തുകള്‍ ദുരുപയോഗം ചെയ്താണ് റിസര്‍വ് ബാങ്കില്‍നിന്ന് വിദേശ പണമിടപാടിനുള്ള അനുമതി ഇവര്‍ കൈക്കലാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഒരു സ്വകാര്യ സംരംഭത്തിന് മുന്‍പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പേര് വെച്ച് കേന്ദ്ര അനുമതിയും ബാങ്കിംഗ് അംഗീകാരങ്ങളും സ്വന്തമാക്കിയത് കടുത്ത നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോര്‍ട്ടര്‍ ടിവിയും പ്രതിസദ്ധിയിലേക്ക്

റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റിനെതിരെ സാമ്പത്തിക ക്രമക്കേടുകള്‍, വിദേശപണ കൈമാറ്റ നിയമലംഘനങ്ങള്‍ (ഫെമ), ജി.എസ്.ടി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ നടപടിക്കൊരുങ്ങുന്നതോടെ ചാനല്‍ മാനേജ്‌മെന്റും എഡിറ്റോറിയല്‍ വിഭാഗവും ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായവരും മാധ്യമ സ്ഥാപനങ്ങള്‍ കൈയാളുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയാക്കരുതെന്നും ഉയര്‍ന്ന ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസുകളും സാമ്പത്തിക തര്‍ക്കങ്ങളും മുറുകിയതോടെ ചാനലിന്റെ പ്രധാന ഓഹരി ഉടമകളും നിക്ഷേപകരും സുരക്ഷിതമായി പിന്മാറാനുള്ള വഴി തിരയുകയാണ്.

വിദേശ ധനസമാഹരണത്തിലും മാധ്യമ ഉടമസ്ഥതയിലും ഇ.ഡി അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാന്‍ ചില വന്‍കിട നിക്ഷേപകര്‍ അതിവേഗം നിയമോപദേശം തേടിയതായാണ് വിവരം. സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും വിശ്വാസ്യത തകര്‍ച്ചയും രൂക്ഷമായതോടെ എഡിറ്റോറിയല്‍ വിഭാഗത്തിലും കടുത്ത അസ്വസ്ഥതകള്‍ പുകയുകയാണ്. ചാനലിന്റെ പ്രമുഖ അവതാരകനും എഡിറ്ററുമായ ഡോ. അരുണ്‍ കുമാര്‍ സ്ഥാപനം വിടാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. മുന്‍പ് നേടിയിരുന്ന ജനപ്രീതി തുടര്‍ച്ചയായ വിവാദങ്ങള്‍ കാരണം ചോര്‍ന്നുപോയതാണ് അദ്ദേഹത്തെ നീരസത്തിലാക്കിയത്. സാമ്പത്തിക പ്രതിസന്ധിയും നിയമപരമായ കുരുക്കുകളും കൂടുതല്‍ മുറുകിയാല്‍ ചാനലിന്റെ പ്രവര്‍ത്തനം തന്നെ സ്തംഭിക്കുന്ന അവസ്ഥ.

ജി.എസ്.ടി വകുപ്പ് നിരവധി തവണ കാരണം കാണിക്കല്‍ നോട്ടീസുകളും സമന്‍സുകളും അയച്ചിട്ടും ഭരണകക്ഷിയിലെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മേല്‍നടപടികള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന ആക്ഷേപവും ശക്തമാണ്. കായിക മന്ത്രിയുടെ വിദേശയാത്രയും അതുമായി ബന്ധപ്പെട്ട് തുക അനുവദിച്ചതുമെല്ലാം നിയമസഭയില്‍ ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളായി മാറിക്കഴിഞ്ഞു. സ്പെയിന്‍ സന്ദര്‍ശനത്തിനായി സ്പോര്‍ട്സ് വകുപ്പ് തുക വകയിരുത്തിയതിലും ഈ ഇടപാടുകളുടെ സ്വാധീനമുണ്ടെന്നാണ് ഉയര്‍ന്ന പ്രധാന ആക്ഷേപം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിയ വിദേശയാത്രകള്‍ക്ക് പിന്നില്‍ സ്വകാര്യ മാധ്യമസ്ഥാപനത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നോ എന്ന് അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.

വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ച് കോടിക്കണക്കിന് രൂപയുടെ വിദേശ കൈമാറ്റം നടന്ന പശ്ചാത്തലത്തില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) സി.ബി.ഐയും വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് ഉറവിടം വ്യക്തമല്ലാത്ത തുക സ്വീകരിച്ചതിലും അമേരിക്കന്‍ കമ്പനിക്ക് കൈമാറിയതിലും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇ.ഡി ഒരുങ്ങുന്നതായാണ് സൂചന. മുന്‍നിര മാധ്യമപ്രവര്‍ത്തകരുടെ രാജിയും നിയമനടപടികളും തുടര്‍ന്നാല്‍ സംപ്രേഷണം തന്നെ തുടരാനാകാത്ത വിധം ചാനല്‍ പൂട്ടിപ്പോകുന്ന അവസ്ഥയിലേക്ക് നീങ്ങുമെന്നാണ് മാധ്യമ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.

insight kerala

എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം നിഷേധിച്ച് ചാനലിന്റെ ‘മീറ്റ് ദി എഡിറ്റേഴ്‌സ്’ പരിപാടിയിലൂടെയും വാര്‍ത്താസമ്മേളനങ്ങളിലൂടെയും ആന്റോ അഗസ്റ്റിന്‍ രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ( എഎഫ്എ) രേഖാമൂലമുള്ള കരാറുണ്ടെന്നും പണം സ്വീകരിച്ചതായി എഎഫ്എ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ വാദിക്കുന്നു. കരാറിന്റെ ഭാഗമായി 130 കോടി രൂപ (ഏകദേശം 13 മില്യണ്‍ ഡോളര്‍) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് വഴി കൃത്യമായി എഫ്എക്ക് അയച്ചിട്ടുണ്ടെന്നും ഇതിന് ബാങ്ക് രേഖകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.ഒക്ടോബര്‍-നവംബര്‍ ണ മാസങ്ങളില്‍ കളി നടത്താനായിരുന്നു തീരുമാനം. എന്നാല്‍ എഫ്എ പിന്നീട് തീയതികളില്‍ മാറ്റം വരുത്താന്‍ (2026 സെപ്റ്റംബറിലേക്ക് മാറ്റാന്‍) ശ്രമിച്ചതായും, കരാര്‍ ലംഘിച്ചതിന് എതിരെ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.തങ്ങള്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് പണം നല്‍കിയതെന്നും, സംസ്ഥാന സര്‍ക്കാരിന്റെ പൊതുപണമോ നികുതിപ്പണമോ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും അതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നും മുന്‍ കായിക മന്ത്രിയും സ്‌പോണ്‍സറും വ്യക്തമാക്കുന്നു. ‘മത്സരം നടന്നിട്ടില്ല, പണം നഷ്ടപ്പെടുകയാണ് ഉണ്ടായത്, അതിന് എങ്ങനെയാണ് ജിഎസ്ടി അടയ്ക്കുക’ എന്നാണ് നികുതി വെട്ടിപ്പ് ആരോപണങ്ങളോട് ആന്റോ അഗസ്റ്റിന്‍ പ്രതികരിച്ചത്. തങ്ങള്‍ പണമിടപാട് നടത്തിയ കമ്പനിയെക്കുറിച്ച് ഡണ്‍ ആന്‍ഡ് ബ്രാഡ്സ്ട്രീറ്റ് വഴി സാമ്പത്തിക പരിശോധന നടത്തി സുതാര്യത ഉറപ്പാക്കിയിരുന്നുവെന്നും അവര്‍ക്കെതിരെ കേസുകളൊന്നുമില്ലെന്നും ആന്റോ അഗസ്റ്റിന്‍ അവകാശപ്പെടുന്നു.

Share This Article