സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്
കെ വി നിരഞ്ജന്‍
ജറുസലേമിലെ ഏറ്റവും വിശുദ്ധമായ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ അല്‍-അഖ്‌സ മസ്ജിദ് പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍, പശ്ചിമേഷ്യയെ വീണ്ടും സംഘര്‍ഷഭരിതമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി, അറബ്-ഇസ്ലാമിക് രാജ്യങ്ങളുടെ അടിയന്തര യോഗം ജോര്‍ദാന്‍ വിളിച്ചുചേര്‍ത്തു. ഇസ്രായേലിന്റെ ഏകപക്ഷീയമായ ഈ നീക്കങ്ങള്‍ മേഖലയില്‍ വന്‍ മതസംഘര്‍ഷത്തിന് തിരികൊളുത്തുമെന്നാണ് ജോര്‍ദാന്റെ മുന്നറിയിപ്പ്.
അല്‍-അഖ്‌സ പള്ളിയും ഡോം ഓഫ് ദി റോക്കും ഉള്‍പ്പെടുന്ന ചരിത്രപ്രസിദ്ധമായ കോമ്പൗണ്ടിലേക്ക് ഇസ്രായേല്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണ്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കരാറുകള്‍ കാറ്റില്‍പ്പറത്തിയാണ് ഈ കടന്നുകയറ്റം. നിലവിലെ ധാരണയനുസരിച്ച് ജോര്‍ദാനിലെ ഹാഷെമൈറ്റ് രാജവംശത്തിനാണ് ഈ പ്രദേശത്തിന്റെ മേല്‍നോട്ടച്ചുമതല. ഇവിടെ മുസ്ലിങ്ങള്‍ക്ക് മാത്രമാണ് പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളത്.
എന്നാല്‍ ജൂലൈ 23-ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തിലധികം തീവ്രവലതുപക്ഷക്കാര്‍ ഇവിടെ പ്രവേശിക്കുകയും ജൂത ആചാരങ്ങള്‍ നടത്തുകയും ചെയ്തു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാര്‍ ലംഘനമായാണ് ജോര്‍ദാന്‍ ഇതിനെ കാണുന്നത്. അല്‍-അഖ്‌സയിലെ പരമ്പരാഗത അവകാശങ്ങളെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി വ്യക്തമാക്കി. ജറുസലേം കത്തുന്ന ഒരു വെടിമരുന്നപ്പുരയാണെന്നും ഇവിടെയൊരു സംഘര്‍ഷമുണ്ടായാല്‍ അത് പലസ്തീനിലും ജോര്‍ദാനിലും മാത്രം ഒതുങ്ങിനില്‍ക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും നിയമപരമായ എല്ലാ വഴികളും ഉപയോഗിച്ച് ഈ നീക്കത്തെ ചെറുക്കുമെന്നും സഫാദി കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യം തീവ്ര വലതുപക്ഷത്തിന്റെ പ്രീതി
വരും മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഇസ്രായേല്‍ പൊതുതിരഞ്ഞെടുപ്പും വരാനിരിക്കുന്ന പ്രധാന ജൂത ആഘോഷങ്ങളും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് ഭയം. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യസര്‍ക്കാര്‍ നിലനില്‍പ്പിനായി പൊരുതുന്ന സാഹചര്യത്തില്‍, തീവ്ര ജൂത വോട്ടര്‍മാരെ പ്രീതിപ്പെടുത്താന്‍ ഇത്തരം നീക്കങ്ങള്‍ ശക്തമാക്കാനാണ് സാധ്യത. ഇതിനായി ടെംപിള്‍ മൗണ്ട് കേന്ദ്രീകരിച്ച് പ്രത്യേക പോലീസ് സേനയെ സജ്ജമാക്കാനും ഇസ്രായേല്‍ തീരുമാനിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കടുക്കുന്നതിനിടെ, വെസ്റ്റ് ബാങ്കില്‍ നിന്ന് ഫലസ്തീനികളെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിലും ജോര്‍ദാണന് വലിയ ആശങ്കയുണ്ട്. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള പലസ്തീനികളുടെ കൂട്ടപ്പലായനം ഉണ്ടായാല്‍ അത് ജോര്‍ദാന്റെ സാമ്പത്തിക, സാമൂഹിക ഭദ്രതയെ തകര്‍ക്കും. തങ്ങളുടെ അതിര്‍ത്തിക്കപ്പുറത്ത് നടക്കുന്ന ഈ നീക്കങ്ങള്‍ തടയാന്‍ ഏതറ്റം വരെയും പോകുമെന്നാണ് ജോര്‍ദാന്റെ നിലപാട്.

ഇതിനകം തന്നെ ജോര്‍ദാനിലെ 1.15 കോടി വരുന്ന ജനസംഖ്യയില്‍ പകുതിയിലധികവും ഫലസ്തീന്‍ അഭയാര്‍ത്ഥികളോ അവരുടെ പിന്‍ഗാമികളോ ആണ്. പുതിയൊരു അഭയാര്‍ത്ഥി പ്രവാഹം കൂടിയുണ്ടായാല്‍ രാജ്യത്തിന്റെ ഡെമോഗ്രാഫിക് ഘടന തന്നെ മാറിമറിയുമെന്ന് ഭരണകൂടം ഭയക്കുന്നു. കൂടാതെ, ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ മോശമാവുന്നതും ജോര്‍ദാനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഗാസ യുദ്ധത്തെ വിമര്‍ശിച്ചതിന് പ്രതികാരമായി ജോര്‍ദാനിലേക്കുള്ള കുടിവെള്ള വിതരണം ഇസ്രായേല്‍ പകുതിയായി വെട്ടിക്കുറച്ചിരുന്നു. കടുത്ത ജലക്ഷാമം നേരിടുന്ന ജോര്‍ദാന് ഇത് വലിയ തിരിച്ചടിയാണ്. അല്‍-അഖ്‌സയിലെ പ്രകോപനങ്ങളും കുടിവെള്ളം തടഞ്ഞുവെക്കുന്ന ഇസ്രായേല്‍ നയവും ജോര്‍ദാന്‍ ജനതയ്ക്കിടയില്‍ കടുത്ത ഇസ്രായേല്‍ വിരുദ്ധ വികാരം വളര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ട്.

