പത്തനംതിട്ട : പ്രളയമുണ്ടായിട്ടും ദുരന്തമുഖത്ത് ഇതുവരെയും തിരിഞ്ഞു നോക്കിയില്ല എന്ന പ്രതിഷേധവും വിമർശനവും ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ പത്തനംതിട്ടയിൽ ദുരിതബാധിത മേഖല സന്ദർശിക്കുന്നു. റാന്നിയിലും ആറന്മുളയിലും മുഖ്യമന്ത്രി സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയാണ്.
ജില്ലയിലെ പ്രളയ സാഹചര്യം മുഖ്യമന്ത്രി വിലയിരുത്തി. 133 ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. 6000 ത്തോളം പേർ ക്യാമ്പുകളിൽ ഉണ്ട്. അതി തീവ്ര മഴ പെയ്താൽ നേരിടാൻ തയ്യാർ. പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യമായ തുക ചെലവഴിക്കാൻ ജില്ലാ ഭരണകൂടത്തിന് അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലക്ക് പ്രത്യേക പരിഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ദുരിതാശ്വാസ ക്യാമ്പുകളിൽ പോലിസിൻ്റെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ആവശ്യത്തിന് ഉദ്യോഗസ്ഥരെ മറ്റ് ജില്ലകളിൽ നിന്നും നിയമിക്കും
മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പടെ നടത്തും. വീടുകളിൽ വെള്ളം കയറിയവർക്ക് 10000 രൂപ സഹായ ധനം നൽകും.”
“നദികളിൽ അടിഞ്ഞ് കൂടിയിട്ടുള്ള മണ്ണും ചെളിയും നീക്കാനുള്ള നടപടി സ്വീകരിക്കും. 2018 ന് ശേഷം നദികളിലെ ചെളി നീക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കാലാവസ്ഥ പ്രവചനത്തിന് കൃത്യമായ സംവിധാനം നടപ്പിലാക്കും. അതിതീവ്ര മഴ പെയ്യുമ്പോൾ ആളുകളെ മാറ്റിപാർപ്പിക്കാനുള്ള സമയം കിട്ടുന്നില്ല. പ്രളയ ബാധിത പ്രദേശങ്ങളിൽ കൃത്യ സമയത്ത് തന്നെ ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ തന്നെ ഒരോ ജില്ലയിലും മന്ത്രിമാർ നേരിട്ട് എത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു”. മുഖ്യമന്ത്രി പറഞ്ഞു

