പി എം ശ്രീയിൽ കരുതലോടെ നീങ്ങാൻ സർക്കാർ; തീരുമാനം വൈകിപ്പിക്കും

insight kerala

തിരുവനന്തപുരം : പി എം ശ്രീയിൽ വിവാദം വീണ്ടും കനത്തതോടെ കരുതലോടെ മുന്നോട്ടു പോകാനാണ് സർക്കാർ നീക്കം. യുഡിഎഫ് യോഗശേഷം കൺവീനർ അടൂർ പ്രകാശ് പി എം ശ്രീയുമായി സർക്കാർ മുന്നോട്ടു പോകും എന്ന വ്യക്തമാക്കിയതാണ് വിവാദം മൂർച്ഛിക്കാൻ കാരണം. അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫ് തീരുമാനം തന്നെയെങ്കിലും മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ മുന്നണിയുടെ തീരുമാനമായി പറഞ്ഞത് ഏകപക്ഷീയമെന്നാണ് ലീഗിൻറെ അഭിപ്രായം. പി കെ കുഞ്ഞാലിക്കുട്ടി വിയോജിപ്പ് പരസ്യമാക്കുകയും ചെയ്തു. അതിനിടെ പി എം ശ്രീയിൽ നിന്ന് വേണമെങ്കിൽ സംസ്ഥാനങ്ങൾക്ക് മാറാമെന്ന് കേന്ദ്രത്തിന്റെ മറുപടിയും കൂടി ലഭിച്ചതോടെ സംസ്ഥാന സർക്കാർ വെട്ടിലായി.

വീണ്ടും പ്രതിപക്ഷം രൂക്ഷമായി രംഗത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലായി. കൂടുതൽ ചർച്ചകൾ നടത്തിയും മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുത്താൽ മതിയെന്നാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്. ലീഗ് തന്നെ വിയോജിപ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ മുന്നണിക്കുള്ളിൽ ഭിന്നത എന്ന പ്രതീതി സൃഷ്ടിക്കാതെ വിഷയം കരുതലോടെ കൈകാര്യം ചെയ്യാനാണ് സർക്കാരിന്റെ നീക്കം. ഇതിൻറെ അടിസ്ഥാനത്തിലാണ് അടൂർ പ്രകാശ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതിൽ നിന്ന് മലക്കം മറിഞ്ഞത്. വിഷയത്തിൽ പ്രതികരണം നടത്തി ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ല എന്നും നേതാക്കൾക്ക് നിർദ്ദേശമുണ്ട്.

പി എം ശ്രീയിൽ മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ബുധനാഴ്ച ചേരും. വൈകിട്ടാണ് യോഗം ചേരുന്നത്. അതുകൊണ്ടുതന്നെ റിപ്പോർട്ട് അതിനുശേഷമുള്ള മന്ത്രിസഭാ യോഗത്തിലാകും സമർപ്പിക്കുക. നിലവിലെ സാഹചര്യത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ ആകുന്നതിനാൽ ഉടൻ തീരുമാനമെടുക്കാതെ മുന്നോട്ടുപോകാനാണ് നീക്കം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article